ലോകകപ്പിനിടെ കാന്റെയെ പി.എസ്.ജിയിലെത്തിക്കാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി എംബാപ്പെ
Football
ലോകകപ്പിനിടെ കാന്റെയെ പി.എസ്.ജിയിലെത്തിക്കാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി എംബാപ്പെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th July 2018, 6:25 pm

പാരീസ്: ലോകകപ്പിനിടെ ഫ്രഞ്ച് ടീമിലെ സഹതാരമായ എന്‍ഗോളോ കാന്റെയെ പി.എസ്.ജിയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി കിലിയന്‍ എംബാപ്പെ. ചെല്‍സി ഉപേക്ഷിച്ച് പി എസ് ജിയിലേക്ക് വരുവാന്‍ കാന്റയോട് താന്‍ ആവശ്യപ്പെട്ടു എന്നാണ് എംബാപെ വെളിപ്പെടുത്തിയിരിക്കുന്നത്.

“ഞാന്‍ ലോകകപ്പിനിടയില്‍ കാന്റെയോട് സംസാരിച്ചു എന്നത് സത്യമാണ്. എന്നാല്‍ ഒരുപാട് കാര്യങ്ങള്‍ അതിനേക്കുറിച്ച് സംസാരിച്ചില്ല. എന്തെന്നാല്‍ ട്രാന്‍സ്ഫര്‍ സംബന്ധിയായ കാര്യങ്ങള്‍ ഒരുപാട് സംസാരിച്ചാല്‍ അത് അതിവേഗം പടര്‍ന്നുപിടിക്കും” എംബാപ്പെ വ്യക്തമാക്കി.


Read Also : കൊച്ചിയില്‍ വീണ്ടും മഞ്ഞ വസന്തം; ബ്ലാസ്റ്റേഴ്‌സ് മെല്‍ബണ്‍ സിറ്റി പോരാട്ടം ഫ്‌ലവേഴ്‌സ് ടിവിയില്‍


അദ്ദേഹത്തെ ക്ലബിലെത്തിക്കുന്നതിനെ കുറിച്ച് പി.എസ്.ജി അധികൃതര്‍ തന്നോട് സംസാരിച്ചിരുന്നുവെന്നും ക്ലബ് പ്രസിഡന്റ് നാസര്‍ അല്‍ ഖെലൈഫി തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടുവെന്നും ഇതനുസരിച്ചാണ് ലോകകപ്പിനിടെ താന്‍ കാന്റെയോട് സംസാരിച്ചതെന്നും എംബാപ്പെ പറയുന്നു.

ലോകകപ്പിനിടയിലായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ അമിത സമ്മര്‍ദ്ദം ചെലുത്തിയിരുന്നില്ല. ചില കാര്യങ്ങള്‍ സൂചിപ്പിച്ചു. എല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ശേഷം തീരുമാനം മെസേജ് അയക്കാനും കാന്റെയോട് പറഞ്ഞിരുന്നു, എംബാപ്പെ വ്യക്തമാക്കി.

ഗ്രിസ്മാനും കിലിയന്‍ എംബാപെയും ഒലിവര്‍ ജിറൂദും സധൈര്യം എതിര്‍ഹാഫിലേക്ക് കയറിക്കളിച്ചത് ഹാഫ് ലൈനില്‍ ഏത് പന്തും കാന്റെ ക്ലിയര്‍ ചെയ്യും എന്ന ഉറപ്പുള്ളതു കൊണ്ടാണ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി എതിര്‍ ടീമുകളുടെ നീക്കത്തിന്റെ മുനയൊടിക്കുന്നതില്‍ മിടുക്കനാണ് കാന്റെ. അര്‍ജന്റീനക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ലയണല്‍ മെസ്സിയുടെ കുതിപ്പിന് പലപ്പോഴും വിലങ്ങുതടിയായതും കാന്റെയാണ്

2016-ല്‍ 32 മില്ല്യന്‍ യൂറോയ്ക്കാണ് ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് കാന്റെ ചെല്‍സിയിലെത്തുന്നത്. നിലവില്‍ ചെല്‍സിയുമായി കാന്റെയ്ക്ക് അഞ്ചുവര്‍ഷത്തെ കരാറുണ്ട്. ചല്‍സിക്കൊപ്പവും ലെസ്റ്റര്‍ സിറ്റിക്കൊപ്പവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ താരമാണ് കാന്റെ.