ലോകകപ്പ് അവസാനിച്ചതിന് ശേഷം ആവേശകരമായ ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഡിസംബർ 26ന് ആരംഭിച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങളോടെ ആരംഭിച്ച ക്ലബ്ബ് ഫുട്ബോൾ ആരവത്തിന് മൂർച്ച കൂട്ടി ഫ്രാൻസിലെ ടോപ്പ് ടയർ ലീഗായ ലീഗ് വണ്ണും ചൊവ്വാഴ്ച ആരംഭിച്ചു.
വ്യാഴാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ പി.എസ്.ജി സ്‌ട്രോസ്‌ബർഗിനെതിരെയാണ് മത്സരിച്ചത്. നെയ്മർ, എംബാപ്പെ മുതലായ സൂപ്പർ താരങ്ങളുമായി മത്സരത്തിന് ഇറങ്ങിയ പി.എസ്.ജിയെ വിറപ്പിക്കുന്ന പോരാട്ടമാണ് സ്‌ട്രോസ്‌ബർഗ് കാഴ്ച വെച്ചത്.
മത്സരം 14 മിനിട്ട് പിന്നിട്ടപ്പോൾ തന്നെ ബ്രസീലിയൻ പ്രതിരോധ താരം മാർക്കീന്യോസിന്റെ ഗോളിൽ പി.എസ്.ജി മുന്നിലെത്തിയെങ്കിലും അതേ മാർക്കീന്യോസിന്റെ സെൽഫ് ഗോൾ മത്സരം 51 മിനിട്ട് പിന്നിട്ടപ്പോൾ സ്‌ട്രോസ്‌ബർഗിന് സമനില നേടിക്കൊടുത്തു. കളിയുടെ അവസാന നിമിഷം മത്സരം അവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെ ഫ്രഞ്ച് താരം എംബാപ്പെയുടെ പെനാൽട്ടി ഗോളിലാണ് പി.എസ്.ജി മത്സരം വിജയിച്ചത്.
ഒരു മിനിട്ടിനിടയിൽ രണ്ട് മഞ്ഞക്കാർഡ് കണ്ട് നെയ്‌മർ പുറത്തായ മത്സരത്തിൽ മുപ്പത് മിനിട്ടിലധികം പി.എസ്.ജി പത്ത് പേ രുമായാണ് കളിച്ചത്.
എന്നാൽ മത്സരത്തിൽ എംബാപ്പെയുടെ മികവിൽ പി.എസ്.ജിക്ക് വിജയിക്കാൻ സാധിച്ചതോടെ എംബാപ്പെയെ വാഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഒരു വിഭാഗം ആരാധകർ.
നിരവധി ആരാധകർ എംബാപ്പെ ഇപ്പോൾ തന്നെ G.O.A.T ആണ് എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. സ്‌ട്രോസ്‌ബർഗിനെപ്പോലെയുള്ള ചെറിയ ടീമിനെതിരെ സമനിലക്കുരുക്ക് വഴങ്ങേണ്ടി വരുന്ന അവസ്ഥയിൽ നിന്നും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ എംബാപ്പെക്ക് സാധിച്ചതോടെയാണ് എംബാപ്പെ G.O.A.T ആണെന്ന അഭിപ്രായ പ്രകടനവുമായി ട്വിറ്ററിൽ ആരാധകർ എത്തിയത്.
എന്നാൽ അതേസമയം തന്നെ മെസി ഇല്ലാതെ പി.എസ്.ജിക്ക് നിലനിൽപ്പില്ല എന്ന അഭിപ്രായവുമായി വേറെ ഒരു കൂട്ടം ആരാധകരും രംഗത്തെത്തി. മെസിയെ കൂടാതെ കളിച്ചതിനാലാണ് പി.എസ്.ജിക്ക് സ്‌ട്രോസ്‌ബർഗിനെതിരെ കഷ്ടിച്ചു ജയിക്കേണ്ടി വന്നതെന്നാണ് അവരുടെ പക്ഷം. കൂടാതെ മെസി ഇല്ലെങ്കിൽ പി.എസ്. ജി ഇല്ലെന്നും അവർ അഭിപ്രായപ്പെട്ടു.
ഇരു കൂട്ടം ആരാധകരും ഇപ്പോൾ വാദ പ്രതിവാദവുമായി സാമൂഹ്യ മാധ്യമങ്ങളിൽ യുദ്ധത്തിലാണ്.
അതേസമയം ബ്രസീലിയൻ താരമായ നെയ്മർക്ക് സ്‌ട്രോസ്‌ബർഗിനെതിരെയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോകേണ്ടി വന്നിരുന്നു.
ഒരു മിനിട്ടിനുള്ളിൽ രണ്ട് മഞ്ഞക്കാർഡു കൾ വാങ്ങിയാണ് നെയ്മർ പുറത്തായത്.
മത്സരത്തിന്റെ അറുപത്തിയൊന്നാം മിനിട്ടിൽ ഒരു ഫൗളിന് മഞ്ഞക്കാർഡ് ലഭിച്ച നെയ്മർ അതിനു തൊട്ട് പിന്നാലെ ബോക്‌സിലേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഡൈവ് ചെയ്യുകയായിരുന്നു. ഇതോടെ റഫറി അടുത്ത മഞ്ഞക്കാർഡും ചുവപ്പുകാർഡും നൽകി താരത്തെ പുറത്താക്കി. റഫറിയോട് രൂക്ഷമായി പെരുമാറികൊണ്ടാണ് നെയ്മർ മൈതാനം വിട്ടത്.
ജനുവരി രണ്ടിന് ഇന്ത്യൻ സമയം പുലർച്ചെ 1.15 ന് ലെൻസിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
Content Highlights:mbappe fans says that Mbappe is now the G.O.A.T, Messi fans says that without Messi there is no PSG; Clashes on social media