| Monday, 30th January 2023, 1:01 pm

നെയ്മറുടെ ഗോൾ കണ്ട് 'അന്തംവിട്ട്' എംബാപ്പെ; വീഡിയോ വൈറൽ

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി തിങ്കളാഴ്ച നടന്ന മത്സരത്തിൽ റെയിംസുമായി സമനിലയിൽ പിരിഞ്ഞിരുന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ റെയിംസ് നേടിയ ഗോളാണ് പി.എസ്.ജിയുടെ വിലപ്പെട്ട രണ്ട് പോയിന്റുകൾ നഷ്ടമാക്കിയത്.

നെയ്മർ നേടിയ ഗോളിലായിരുന്നു പി.എസ്. ജി മത്സരത്തിൽ ലീഡ് നേടിയത്. ലോകകപ്പിന് ശേഷം പഴയ ഫോമിലേക്കെത്താൻ കഴിയുന്നില്ല എന്ന പഴികേട്ട നെയ്മർ മികച്ച പ്രകടനമാണ് റെയിംസിനെതിരെയുള്ള മത്സരത്തിൽ പുറത്തെടുത്തത്.

ഒരു ഗോൾ നേടുക മാത്രമല്ല മെസിക്കും എംബാപ്പെക്കും നിരവധി തവണ ഗോൾ നേടാനായി പന്ത്‌ എത്തിച്ചു കൊടുക്കാനും നെയ്മർക്ക് സാധിച്ചു. എന്നാൽ ആ അവസരങ്ങൾ ഗോളാക്കി മാറ്റാൻ മെസിക്കും എംബാപ്പെക്കും സാധിച്ചിരുന്നില്ല.

ഇതിനെതുടർന്ന് സമൂഹ മാധ്യമങ്ങളിലടക്കം മെസിയും എംബാപ്പെയും വലിയ വിമർശനങ്ങൾക്ക് വിധേയരായിരുന്നു.
എന്നാൽ മത്സരത്തിന് മുമ്പുള്ള നെയ്മറുടെ ഒരു ഗോളും അതിന് എംബാപ്പെ നൽകിയ റിയാക്ഷനും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണിപ്പോൾ.

ഇരുവരുമുള്ള ഒരു പരിശീലന സെഷനിലാണ് സംഭവം. താരങ്ങൾ ഗ്രൗണ്ടിൽ ഗോൾ അടിച്ച് പരിശീലിക്കവെ നെയ്മർ ബോക്സിന് പുറത്ത് നിന്നുള്ള ഒരു ഷോട്ട് ഗോൾ വലയിലേക്ക് എത്തിച്ചിരുന്നു.

ഇത് കണ്ട് എംബാപ്പെ അന്തംവിട്ട് നിൽക്കുന്നതായാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
നിരവധി ഫുട്ബോൾ ആരാധകർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ട്.

എംബാപ്പെയും നെയ്മറും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയാണ് ചർച്ചയിൽ ഉയർന്ന് വരുന്ന പ്രധാന വിഷയം.
അതേസമയം മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നതോടെ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് വ്യക്തമായ ലീഡിൽ തുടരാനുള്ള അവസരം പി.എസ്.ജി നഷ്‌ടമാക്കി.

ഫെബ്രുവരി 2ന് മോൺഡ്പെല്ലിയറിനെതിരെയാണ് പി.എസ്. ജിയുടെ അടുത്ത മത്സരം.
ഫെബ്രുവരി 9ന് ചിരവൈരികളായ മാഴ്സെലിയെയുമായി ക്ലബ്ബിന് ഫ്രഞ്ച് കപ്പിൽ ഡെർബി മാച്ചും കളിക്കാനുണ്ട്.

Content Highlights:Mbappe excited after seeing Neymar’s goal; The video went viral

We use cookies to give you the best possible experience. Learn more