ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. നീണ്ടകാലത്തെ കിരീട വരൾച്ചക്കും തിരിച്ചടികൾക്കും ശേഷമാണ് കോച്ച് എറിക് ടെൻ ഹാഗിന്റെ കീഴിൽ ക്ലബ്ബ് ലീഗിലെ ശരിയായ ട്രാക്കിലേക്കെത്തിയിരിക്കുന്നത്.
എന്നാലിപ്പോൾ യുണൈറ്റഡിനെ പുതിയ ഉടമകൾ വാങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ടീമിലേക്ക് പുതിയ സൂപ്പർ താരമെത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഖത്തറിലെ ഇസ്‌ലാമിക് ബാങ്ക് ചെയർമാൻ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി യുണൈറ്റഡിനെ വാങ്ങുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പി.എസ്. ജിയിൽ നിന്നും സൂപ്പർ താരം കിലിയൻ എംബാപ്പെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തും എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ഫുട്ബോൾ ഇൻസൈഡറാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
ഖത്തറിൽ നിന്നും ബിഡ് സമർപ്പിച്ചിരിക്കുന്ന ഷെയ്ഖ് തമീമിന് തന്നെ യുണൈറ്റഡിനെ സ്വന്തമാക്കാൻ സാധിക്കും എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അങ്ങനെയെങ്കിൽ പ്രീമിയർ ലീഗിലെ വൻ സാമ്പത്തിക ശക്തിയായി മാറുന്ന ക്ലബ്ബ് എംബാപ്പെയെ മുന്നേറ്റ നിരയിലേക്ക് കൊണ്ട് വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഈ സീസണിൽ പാരിസ് ക്ലബിന് വേണ്ടി 28 മത്സരങ്ങളിൽ നിന്നും 27 ഗോളുകളും ആറ് അസിസ്റ്റുകളുമാണ് എംബാപ്പെ സ്വന്തമാക്കിയത്. അതിനാൽ തന്നെ നിലവിൽ റാഷ്ഫോർഡും വെഗോസ്റ്റും ചേർന്ന് നയിക്കുന്ന ചുവന്ന ചെകുത്താൻമാരുടെ മുന്നേറ്റ നിരയെ എംബാപ്പെയുടെ വരവ് ശക്തിപ്പെടുത്തുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ നേരത്തെ ക്ലബ്ബിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ ഇടപെടാൻ താൽപര്യമില്ലെന്ന് യുണൈറ്റഡ് കോച്ച് ടെൻ ഹാഗ് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
“മാനേജ്മെന്റ് പുതിയ ഉടമസ്ഥരെ കണ്ടെത്താനുള്ള പ്രക്രിയ എങ്ങനെ മുന്നോട്ട് പോകുന്നു എന്ന് എന്നെ അറിയിക്കുന്നുണ്ട്. എന്നാൽ ഞാൻ ഫുട്ബോളിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. ബാക്കി കാര്യങ്ങൾ അവർ കൈകാര്യം ചെയ്യട്ടെ. മാനേജ്മെന്റിൽ ഉള്ളവർ അവരുടെ പണി ചെയ്യുമ്പോൾ ടീമിനെ നന്നായി മുന്നോട്ട് നയിക്കാനുള്ള ജോലികൾ ഞാൻ ചെയ്യും,’ ടെൻ ഹാഗ് കൂട്ടിച്ചേർത്തു.
അതേസമയം നിലവിൽ 24 മത്സരങ്ങളിൽ നിന്നും 49 പോയിന്റുമായി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്.
ഫെബ്രുവരി 24ന് ബാഴ്സലോണക്കെതിരെ യൂറോപ്പാ ലീഗിലാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights: Mbappe coming to Manchester United? Report