എംബാപ്പെക്ക് മെസിയുടെ ഷൂസ് കെട്ടാൻ പോലും കഴിയില്ല; മുൻ താരം
2022 FIFA World Cup
എംബാപ്പെക്ക് മെസിയുടെ ഷൂസ് കെട്ടാൻ പോലും കഴിയില്ല; മുൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th December 2022, 11:40 am

ലോകകപ്പ് സെമി ഫൈനൽ പോരാട്ടങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഡിസംബർ 18ന് ഇന്ത്യൻ സമയം രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീനയും കഴിഞ്ഞ വർഷത്തെ ലോകചാമ്പ്യൻമാരായ ഫ്രാൻസും തമ്മിലാണ് കിരീടധാരണത്തിനായി പരസ്പരം ഏറ്റുമുട്ടുന്നത്.

അന്ന് ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും ജയിച്ച് കയറുന്നവരായിരിക്കും ഇനിയൊരു നാല് വർഷത്തേക്ക് ഫുട്ബോളിലെ വിശ്വജേതാക്കൾക്കുള്ള കിരീടം ശിരസ്സിലണിയുന്നത്.

അർജന്റീന സാക്ഷാൽ ലയണൽ മെസിയുടെ തോളിലേറി മുന്നേറുമ്പോൾ എംബാപ്പെയാണ് ഫ്രഞ്ച് പടയെ നയിക്കുന്നത്.
എന്നാലിപ്പോൾ എംബാപ്പെക്ക് മെസിയുടെ ഷൂസ് കെട്ടാൻ പോലും കഴിയില്ല എന്ന തരത്തിലുള്ള പരാമർശവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ചെൽസി വിങ്ങറായിരുന്ന ഐറിഷ് താരം ഡാമിയൻ ഡഫ്.

“മെസിയുടെ നല്ലകാലം എന്ന് പറയാവുന്ന 23, 24, 25 വയസ്സുമായി താരതമ്യം ചെയ്‌താൽ എംബാപ്പെക്ക് മെസിയുടെ ഷൂ കെട്ടാൻ പോലും കഴിയില്ല,’ അദ്ദേഹം പറഞ്ഞു.

ആർ.ടി.ഇ ചാനലിൽ മുൻ ഐറിഷ് ഫുട്ബോൾ താരങ്ങളായ ഷേയ് ഗിവൻ, ലയാം ബ്രാഡി എന്നിവരോടൊപ്പം സംസാരിക്കവെയാണ് ഡഫ് ഇത്തരത്തിൽ പരാമർശം നടത്തിയത്.

എന്നാൽ പരാമർശത്തെ ക്കുറിച്ച് കൂടുതൽ വിശദമാക്കാൻ ടെലിവിഷൻ അവതാരകൻ ആവശ്യപ്പെട്ടപ്പോൾ
“നല്ലകാലത്ത് കളിച്ചിരുന്ന മെസിയെ ഒന്ന് തൊടാൻ പോലും എംബാപ്പെക്ക് കഴിയില്ല. അതായിരുന്നു മെസിയുടെ മികച്ച കാലം, അതാണ് ഞാൻ ഉദേശിച്ചത്,’ എന്നദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പോൾ നിലവിലെ എംബാപ്പെയെ മെസിയുടെ ചെറുപ്പകാലത്തെ വെച്ച് താരതമ്യം ചെയ്യാൻ കഴിയില്ലെന്നാന്നോ താങ്കൾ പറയുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് മെസി എപ്പോഴും മികച്ചവനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

2003-2004 കാലഘട്ടത്തിലാണ് ഡാമിയൻ ഡഫ് ചെൽസിക്കായി കളിച്ചിരുന്നത്. പിന്നീട് ന്യൂകാസിൽ യുണൈറ്റഡ്, ഫുൾഹാം മുതലായ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കായും അദ്ദേഹം കളിച്ചു. നിലവിൽ കോച്ചായി ജോലി ചെയ്യുകയാണ് അദ്ദേഹം.

മെസ്സിയും എംബാപ്പെയും ഖത്തറിൽ ഇത് വരെ അഞ്ച് ഗോളുകൾ വീതം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് ഗോൾ അവസരണങ്ങളും മെസി ഖത്തറിന്റെ മണ്ണിൽ സൃഷ്‌ടിച്ചു.

എംബാപ്പെ രണ്ട് ഗോളവസരങ്ങളാണ് ഇതുവരെ നേടിയത്. അഞ്ച് ലോകകപ്പുകൾ കളിച്ച മെസി മൊത്തം 11 ഗോളുകൾ നേടിയപ്പോൾ രണ്ട് ലോകകപ്പുകളിൽ നിന്നും മൊത്തം 9 ഗോളുകളാണ് എംബാപ്പെയുടെ സമ്പാദ്യം. ഞായറാഴ്ചത്തെ ഫൈനൽ മത്സരം കൂടി കഴിയുമ്പോൾ ഈ കണക്കുകൾ മാറി മറിയാം. ലോകകപ്പിലെ ടോപ്പ് സ്കോററെ കാത്തിരിക്കുന്ന ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിലാണ് ഇരുവരും.

Content Highlights:Mbappe can’t even tie Messi’s shoelaces Former Player