'ഒരു കുഴപ്പവുമില്ല'; മൗനം വെടിഞ്ഞ് കിലിയന്‍ എംബാപ്പെ
Sports News
'ഒരു കുഴപ്പവുമില്ല'; മൗനം വെടിഞ്ഞ് കിലിയന്‍ എംബാപ്പെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 26th July 2023, 7:49 pm

നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് കിലിയന്‍ എംബാപ്പെ. ഇപ്പോള്‍ പി.എസ്.ജിയുടെ താരമായ അദ്ദേഹം ക്ലബ്ബുമായി പുതിയ കരാറില്‍ ഇത് വരെ എത്തിയിട്ടില്ല. മറ്റ് ക്ലബ്ബുകളുമായി ധാരണയില്ലെത്താനും പി.എസ്.ജി പച്ചക്കൊടി കാണിച്ചിട്ടുണ്ട്.

24 വയസുകാരനായ എംബാപ്പെ ടീമിന്റെ പ്രീ സീസണ്‍ മത്സരങ്ങളില്‍ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ജപ്പാനിലും കൊറിയയിലുമാണ് പി.എസ്.ജി പ്രീ സീസണ്‍ നടത്തുന്നത്. നിലവില്‍ പി.എസ്.ജിയുടെ ഹോമില്‍ ട്രെയിനിങ്ങിലാണ് എംബാപ്പെ.

ട്രെയിനിങ്ങിന് ശേഷം ഓട്ടോഗ്രാഫ് സൈനിങ്ങിലും ഫോട്ടോ സെഷനിലും അദ്ദേഹം വളരെ ശാന്തനായിട്ടായിരുന്നു കാണപ്പെട്ടത്. തന്റെ ട്രാന്‍സ്ഫര്‍ സാഗയെ കുറിച്ചുള്ള ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘ ഐ ആം വെരി, വെരി വെല്‍,’ എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്.

തന്റെ കരാര്‍ നീട്ടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് എംബാപ്പെയെ വില്‍ക്കാന്‍ പിഎസ്ജി തീരുമാനിച്ചത്. വരാനിരിക്കുന്ന സീസണിന്റെ അവസാനത്തില്‍ താരം ഒരു ഫ്രീ ഏജന്റാകുമെന്നതിനാല്‍, പി.എസ്.ജി അവനെ സൗജന്യമായി വില്‍ക്കാതിരിക്കാനുള്ള ശ്രമത്തിലാണ്.

ചെല്‍സി, ബാഴ്സലോണ, ഇന്റര്‍ മിലാന്‍ തുടങ്ങിയ ടീമുകള്‍ ഉള്‍പ്പെടെ ഒന്നിലധികം ടീമുകള്‍ എംബാപ്പെയുടെ മേല്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, എംബാപ്പെക്കായി അല്‍ ഹിലാലില്‍ നിന്ന് 300 മില്യണ്‍ യൂറോയുടെ വമ്പന്‍ ഓഫര്‍ പി.എസ്.ജി സ്വീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. താരത്തിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സൗദി പ്രോ ലീഗ് ടീമിന് ഫ്രഞ്ച് ജയന്റ്‌സ് അനുമതി നല്‍കിയിട്ടുണ്ട്.

എംബാപ്പെക്ക് ഒരു വര്‍ഷത്തെ ഓഫര്‍ നല്‍കാന്‍ അല്‍ ഹിലാല്‍ തയ്യാറാണ്. എന്നാല്‍ പി.എസ്.ജിയുമായി കരാര്‍ തീര്‍ന്ന ശേഷം അദ്ദേഹം 2024-ല്‍ റയല്‍ മാഡ്രിഡില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാലും താരത്തെ ടീമിലെത്തിക്കാനുള്ള ഉത്സാഹത്തിലാണ് അല്‍ ഹിലാല്‍. അങ്ങനെ നടന്നാല്‍ ഏകദേശം 700 മില്യണ്‍ യൂറോ അദ്ദേഹത്തിന് ഒരു സീസണില്‍ നേടാം.

അദ്ദേഹം ഹിലാലില്‍ ചേരില്ലെന്നും അടുത്ത വര്‍ഷം റയലില്‍ ചേരാനാണ് സാധ്യതയെന്നും ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: Mbappe Breaks silence on his Transfer Saga