ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾക്ക് കൂടുതൽ ആവേശം പകർന്ന് ഫ്രഞ്ച് ഫസ്റ്റ് ടയർ ഫുട്ബോൾ ലീഗായ ലീഗ് വൺ ആരംഭിച്ചിരിക്കുകയാണ്. നേരത്തെ ഡിസംബർ 26ന് ഇംഗ്ലീഷ് പ്രീമിയർ ലീഗും ആരംഭിച്ചിരുന്നു.
വ്യാഴാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ പി.എസ്.ജി സ്‌ട്രോസ്‌ബർഗിനെതിരെയാണ് മത്സരിച്ചത്. നെയ്മർ, എംബാപ്പെ മുതലായ സൂപ്പർ താരങ്ങളുമായി മത്സരത്തിന് ഇറങ്ങിയ പി.എസ്.ജിയെ വിറപ്പിക്കുന്ന പോരാട്ടമാണ് സ്‌ട്രോസ്‌ബർഗ് കാഴ്ച വെച്ചത്.
മത്സരം 14മിനിട്ട് പിന്നിട്ടപ്പോൾ തന്നെ ബ്രസീലിയൻ പ്രതിരോധ താരം മാർക്കീന്യോസിന്റെ ഗോളിൽ പി.എസ്.ജി മുന്നിലെത്തിയെങ്കിലും അതേ മാർക്കീന്യോസിന്റെ സെൽഫ് ഗോൾ മത്സരം 51 മിനിട്ട് പിന്നിട്ടപ്പോൾ സ്‌ട്രോസ്‌ബർഗിന് സമനില നേടിക്കൊടുത്തു.
കളിയുടെ അവസാന നിമിഷം മത്സരം അവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെ ഫ്രഞ്ച് താരം എംബാപ്പെയുടെ പെനാൽട്ടി ഗോളിലാണ് പി.എസ്.ജി മത്സരം വിജയിച്ചത്.
ഒരു മിനിട്ടിനിടയിൽ രണ്ട് മഞ്ഞക്കാർഡ് കണ്ട് നെയ്‌മർ പുറത്തായ മത്സരത്തിൽ മുപ്പത് മിനിട്ടിലധികം പി.എസ്.ജി പത്ത് പേ രുമായാണ് കളിച്ചത്.
അറുപത്തിയൊന്നാം മിനിട്ടിൽ ഒരു ഫൗളിന് മഞ്ഞക്കാർഡ് ലഭിച്ച നെയ്മർ അതിനു തൊട്ട് പിന്നാലെ ബോക്‌സിലേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഡൈവ് ചെയ്യുകയായിരുന്നു.
ഇതോടെ റഫറി അടുത്ത മഞ്ഞക്കാർഡും ചുവപ്പുകാർഡും നൽകി താരത്തെ പുറത്താക്കി. റഫറിയോട് രൂക്ഷമായി പെരുമാറികൊണ്ടാണ് നെയ്മർ മൈതാനം വിട്ടത്. മെസി മത്സരിക്കാൻ ഇറങ്ങിയിരുന്നില്ല.
അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്റെ ഗോളടിച്ചു കൂട്ടൽ തുടരുകയാണ് നോർവീജിയൻ താരം എർലിങ് ഹാലണ്ട്.
വ്യാഴാഴ്ചത്തെ ലീഡ്‌സ് യുണൈറ്റഡിനെതിരായ മത്സരത്തിൽ രണ്ട് ഗോളുകളാണ് പതിമൂന്ന് മിനിട്ടിനിടയിൽ ഹാലണ്ട് നേടിയത്.
ഇതോടെ പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 20 ഗോൾ തികയ്ക്കുന്ന താരം എന്ന റെക്കോർഡ് ഹാലണ്ട് സ്വന്തമാക്കി. 14 മത്സരങ്ങളിൽ നിന്നാണ് താരം ഈ നേട്ടം കരസ്ഥമാക്കിയത്. വിജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേത്താൻ സിറ്റിക്കായി.
ലീഗ് വണ്ണിൽ പി.എസ്.ജിയാണ് ഒന്നാം സ്ഥാനത്ത്.
Content Highlights: mbappe and haaland play verywell and neymar got redcard