| Thursday, 3rd November 2022, 3:20 pm

നെയ്മറിന് പകരം വന്നതാണെന്ന് വെച്ച് നെയ്മറിന് ഒപ്പമാകില്ലല്ലോ, ക്ഷമ വേണം സമയമെടുക്കും: എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

യുവന്റസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചതിന്റെ ആനന്ദത്തിലാണ് പി.എസ്.ജി. ഗ്രൂപ്പില്‍ ഒന്നാമതെത്താനായില്ലെങ്കിലും ഗംഭീര പ്രകടനമായിരുന്നു പി.എസ്.ജി കാഴ്ച വെച്ചത്.

13ാം മിനിട്ടില്‍ എംബാപ്പെ യുവന്റസിന്റെ ഗോള്‍ വല കുലുക്കി പാരിസ് സെന്റ് ഷെര്‍മാങ്ങിനെ ആദ്യം മുമ്പിലെത്തിക്കുകയായിരുന്നു.

39ാം മിനിട്ടില്‍ യുവന്റസിന്റെ മറുപടി ഗോളെത്തി. ക്യാപ്റ്റന്‍ ലിയനാര്‍ഡോ ബൊണൂച്ചിയായിരുന്നു പി.എസ്.ജിയുടെ പ്രതിരോധ നിരയുടെ കണ്ണുവെട്ടിച്ച് ഗോള്‍വല കുലുക്കിയത്.

1-1ല്‍ ആദ്യ പകുതി തുടര്‍ന്നതിന് ശേഷം രണ്ടാം പകുതിയില്‍ മാച്ച് കൂടുതല്‍ ആവേശത്തിലേക്കെത്തി. ഇരു ടീമും ഗോളിന് വേണ്ടി കഠിന പ്രയത്‌നം നടത്തി മുന്നേറിയെങ്കിലും ഒന്നും ഫലത്തിലെത്തിയല്ല. ഒടുവില്‍ 69ാം മിനിട്ടില്‍ നൂനോ മെന്‍ഡസ് പി.എസ്.ജിക്ക് വേണ്ടി വിജയ ഗോള്‍ നേടി.

മത്സരത്തില്‍ പി.എസ്.ജിക്ക് വേണ്ടി എംബാപ്പെ മിന്നും പ്രകടനമായിരുന്നു പുറത്തെടുത്തത്. ചാമ്പ്യന്‍സ് ലീഗില്‍ 40 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും എംബാപ്പെ സ്വന്തമാക്കിയിരുന്നു. മെസി 10 വര്‍ഷമായി സ്വന്തം പേരില്‍ കാത്ത റെക്കോഡായിരുന്നു ഫ്രഞ്ച് താരം തകര്‍ത്തെറിഞ്ഞത്.

അതേസമയം മത്സരത്തില്‍ പി.എസ്.ജിക്ക് വേണ്ടി എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തില്ലെന്ന വിമര്‍ശനവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.

പി.എസ്.ജിയിലേക്ക് പുതുതായി എത്തിയ കാര്‍ലോസ് സോളറാണ് ഇങ്ങനെ വിമര്‍ശനം നേരിടേണ്ടി വന്ന ഒരാള്‍. ഇക്കഴിഞ്ഞ സമ്മറിലാണ് 18 മില്യണ്‍ യൂറോയുടെ കരാറില്‍ കാര്‍ലോസ് വലന്‍സിയയില്‍ നിന്നും പി.എസ്.ജിയിലെത്തിയത്.

കഴിഞ്ഞ ദിവസം ഈ ചാമ്പ്യന്‍സ് ലീഗിലെ തന്റെ ആദ്യ മത്സരത്തിനുള്ള അവസരമായിരുന്നു സോളറിന് ലഭിച്ചത്. നെയ്മറിന് പകരക്കാരാനായിട്ടായിരുന്നു സോളര്‍ ടീമിലെത്തിയത്.

കഴിഞ്ഞ മത്സരങ്ങളില്‍ നിന്നായി മൂന്ന് യെല്ലോ കാര്‍ഡ് കിട്ടിയതിനെ തുടര്‍ന്നായിരുന്നു നെയ്മര്‍ക്ക് മാച്ച് നഷ്ടമായത്. ഇപ്പോള്‍ നെയ്മറിന്റെ പകരക്കാരന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് മനസ് തുറക്കുകയാണ് എംബാപ്പെ.

നെയ്മറിനെ പോലെയല്ല കാര്‍ലോസെന്നും പി.എസ്.ജിക്കൊപ്പം വളരെ കുറച്ച് മത്സരങ്ങള്‍ കളിക്കാനേ താരത്തിന് അവസരം കിട്ടിയിട്ടുള്ളുവെന്നും എംബാപ്പെ പറഞ്ഞു.

‘കാര്‍ലോസിന് അങ്ങനെ കളിച്ച് പരിചയമായിട്ടില്ല. നെയ്മറിനെ പോലെയല്ല അവന്‍. നമ്മളെല്ലാവരും കഴിയുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വിജയിക്കാനും കഴിഞ്ഞു,’ എംബാപ്പെ പറഞ്ഞു.

ക്ലബിന് വേണ്ടി 307 മിനിട്ട് മാത്രമാണ് ഈ സീസണില്‍ കാര്‍ലോസ് കളിച്ചിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ തന്റെ പൂര്‍ണമായ വേഗത്തിലേക്ക് താരം എത്താന്‍ സമയം എടുക്കുമെന്നും എംബാപ്പെ കൂട്ടിച്ചേര്‍ത്തു. ആര്‍.എം.സി സ്‌പോര്‍ട്ടിന് നല്‍കിയ പ്രതികരണത്തിലാണ് സഹതാരത്തെ കുറിച്ച് എംബാപ്പെ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.

വലന്‍സിയയുടെ മിഡ്ഫീല്‍ഡറായി മികച്ച പ്രകടനം പുറത്തെടുത്ത കാര്‍ലോസ് 67 ഗോളുകളും നേടിയിരുന്നു. ഈ പെര്‍ഫോമന്‍സായിരുന്നു താരത്തെ പി.എസ്.ജി നോട്ടമിടാന്‍ കാരണം. പി.എസ്.ജിയില്‍ എത്തിയ ശേഷം ഇതുവരെ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് കാര്‍ലോസ് പോക്കറ്റിലാക്കിയിട്ടുള്ളത്.

Content Highlight: Mbappe about his team mate Carlos Soler

We use cookies to give you the best possible experience. Learn more