പി.എസ്.ജിയിൽ എംബാപ്പെ കൂടുതൽ പിടിമുറുക്കുന്നു എന്ന രീതിയിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. നെയ്മറെക്കാളും മെസിയെക്കാളും പി.എസ്.ജിയിൽ തനിക്ക് കൂടുതൽ അധികാരം നൽകണമെന്ന എംബാപ്പെയുടെ നിരന്തര ആവശ്യം പി.എസ്. ജി മാനേജ്മെന്റ് അംഗീകരിച്ചു എന്നാണ് ഫുട്ബോൾ വിദഗ്ധരടക്കം ചൂണ്ടിക്കാട്ടുന്നത്.
ഇതിന് ഉദാഹരണമായി മാർക്കീന്യോസ് മത്സരിക്കാതിരുന്ന കളിയിൽ എംബാപ്പെ ക്യാപ്റ്റനായി ഇറങ്ങിയ സംഭവത്തെ ഫുട്ബോൾ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാലിപ്പോൾ പി.എസ്.ജിയിലേക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും താരത്തെയെത്തിക്കണം എന്നാവശ്യപ്പെട്ട് എംബാപ്പെ രംഗത്ത് വന്നു എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ബാഴ്സലോണ നോട്ടമിടുന്ന മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവയെയാണ് എംബാപ്പെ പി.എസ്.ജിയിലെത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ സീസൺ അവസാനിക്കുന്നത്തോടെ സിറ്റിയിൽ നിന്നും സിൽവ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാൻ സാധ്യതയുള്ളതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതൊടെയാണ് 28 കാരനായ പോർച്ചുഗീസ് താരത്തെ ടീമിലെത്തിക്കാനായി ബാഴ്സ ശ്രമം ആരംഭിച്ചത്.
എന്നാൽ വലിയ തുക നൽകി താരത്തെ ടീമിലെത്തിക്കാൻ ബാഴ്സക്ക് താൽപര്യമില്ലെന്ന് ക്ലബ്ബ് പ്രസിഡന്റ് ലപോർട്ട നേരത്തെ അറിയിച്ചിരുന്നു.
“80 മില്യൺ യൂറോ പോലുള്ള കൂറ്റൻ തുക നൽകി സിൽവയെ ടീമിലെത്തിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല,’ ലപോർട്ട സണ്ണിനോട് പറഞ്ഞു.
ഇതോടെയാണ് മൊണോക്കോയിൽ തന്റെ സഹതാരമായിരുന്ന സിൽവയെ പി.എസ്.ജിയിലേക്ക് എത്തിക്കാൻ എംബാപ്പെ മാനേജ്മെന്റിന് മേൽ സമ്മർദം ചെലുത്താൻ ആരംഭിച്ചത്. സിൽവ ടീമിലെത്തുന്നതോടെ തനിക്ക് നന്നായി കളിക്കാൻ സ്പെയ്സ് ലഭിക്കുമെന്നാണ് എംബാപ്പെ കരുതുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം ജനുവരി 30ന് റെയിംസിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
നിലവിൽ ലീഗ് വണ്ണിൽ 19 മത്സരങ്ങളിൽ നിന്നും 47 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് പി.എസ്. ജി.
Content Highlights: Mbappé demands PSG must sign Bernardo Silva