ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജി പതിനൊന്നാം തവണയും ലീഗ് വണ്‍ ടൈറ്റില്‍ പേരിലാക്കിയിരിക്കുകയാണ്. സ്ട്രാസ്ബോര്‍ഗിനെതിരെ നടന്ന മത്സരത്തിലാണ് പി.എസ്.ജിയുടെ ജയം. 1-1ന്റെ സമനിലയായ മത്സരത്തില്‍ പാരീസിയന്‍സ് ജയമുറപ്പിക്കുകയായിരുന്നു. ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു പി.എസ്.ജി കിരീടം തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
മത്സരത്തിനായി ഗ്രൗണ്ടിലിറങ്ങുന്നതിന് മുമ്പ് എംബാപ്പെയുടെ കയ്യിടിച്ച് ആരാധകരിലൊരാളുടെ മൂക്കില്‍ നിന്ന് രക്തം വാര്‍ന്നിരുന്നു. സംഭവത്തിന് പിന്നാലെ എംബാപ്പെ ചെയ്തത് കണ്ട് ആരാധകര്‍ താരത്തെ പ്രശംസിക്കുകയാണിപ്പോള്‍.
മത്സരത്തിന് മുമ്പുള്ള വാം അപ്പിനിടെയാണ് സംഭവം. ഒരു ആരാധികയുടെ മൂക്കിലേക്ക് അറിയാതെ എംബാപ്പെയുടെ കയ്യിടിക്കുകയും തുടര്‍ന്ന് രക്തമൊലിക്കുകയായിരുന്നു.
Kylian Mbappé accidentally hit a fan with a shot during warm-up last night, and reacted in exemplary fashion. pic.twitter.com/pxl0RFhkKW
— Get French Football News (@GFFN) May 28, 2023
താരം ആരാധികയെ ശുശ്രൂഷ നല്‍കാന്‍ കൊണ്ടുപോവുകയും തുടര്‍ന്ന് അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
മത്സരത്തിന് ശേഷം എംബാപ്പെ യുവതിക്കരികിലേക്ക് ഓടിയെത്തുന്നതും മൂക്കിന്റെ സ്ഥിതിയെ കുറിച്ച് അന്വേഷിക്കുന്നതും വീഡിയോയില്‍ കാണാം. അറിയാതെ സംഭവിച്ച് പോയ കാര്യമാണെങ്കിലും താരം അതിനെ ട്രീറ്റ് ചെയ്ത രീതിക്ക് വലിയ കയ്യടിയാണ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
അതേസമയം, ലീഗ് വണ്ണില്‍ കളിച്ച 37 മത്സരങ്ങളില്‍ നിന്ന് 27 ജയവും ആറ് തോല്‍വിയും നാല് സമനിലയും വഴങ്ങി 85 പോയിന്റുമായാണ് പി.എസ്.ജി ടൂര്‍ണമെന്റ് പേരിലാക്കിയത്. അത്രത്തന്നെ മത്സരങ്ങളില്‍ നിന്ന് 24 ജയവും നാല് തോല്‍വിയും ഒമ്പത് സമനിലയും വഴങ്ങി നാല് പോയിന്റ് വ്യത്യാസത്തില്‍ ലെന്‍സാണ് രണ്ടാം സ്ഥാനത്ത്.
ജൂണ്‍ നാലിന് ക്ലെര്‍മോണ്ട് ഫൂട്ടിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
Content Highlights: Mbappé accidentally hit a fan with a shot during warm-up