ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയിട്ടില്ല എന്ന ചീത്തപ്പേര് മാറ്റാന്‍ കാലങ്ങളായി കഷ്ടപ്പെടുന്ന ടീമാണ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി. ലോകോത്തര താരങ്ങളെ ടീമിലെത്തിച്ചിട്ടും ടീമിന് ഇതുവരെ തങ്ങളുടെ സ്വപ്നം നിറവേറ്റാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ സീസണില്‍ ലയണല്‍ മെസിയെ ടീമിലെത്തിച്ചതൊക്കെ ചാമ്പ്യന്‍സ് ലീഗ് സ്വപ്നം കണ്ടിട്ടാണ്. എന്നാല്‍ പ്രതീക്ഷിച്ച നിലവാരത്തിലെത്താന്‍ ടീമിന് സാധിച്ചില്ല. ഈ വര്‍ഷം അതില്‍ നിന്നും മാറ്റം കൊണ്ടുവരാനാണ് ടീം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ടീമില്‍ അഴിച്ചുപണികളും നടക്കുന്നുണ്ട്.
ഈ വര്‍ഷത്തെ ട്രാന്‍സ്ഫറില്‍ ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിനെ ടീമില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കങ്ങള്‍ പി.എസ്.ജിയില്‍ നടക്കുന്നുണ്ടായിരുന്നു. ടീമിന്റെ പ്രസിഡന്റ് താരത്തിന്റെ പ്രകടനത്തില്‍ അതൃപ്തി അറിയിച്ചിരുന്നു.
എന്നാല്‍ താരത്തിന് ക്ലബ്ബ് വിട്ട് പോകാന്‍ താല്‍പര്യമില്ലായിരുന്നു. എല്ലാ പൊസിഷനിലും ഫ്രീയായി കളിക്കുന്ന നെയ്മറിന് മറ്റൊരു ക്ലബ്ബ് കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല.
ഇപ്പോള്‍ താരത്തെ ടീമില്‍ നിന്നും പുറത്താക്കുന്നതില്‍ രണ്ട് അഭിപ്രായമാണ് പി.എസ്.ജി. മാനേജ്‌മെന്റിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സ്പാനിഷ് മാധ്യമമായ മുണ്ടൊ ഡിപ്പോര്‍ട്ടാവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നെയമറിനെ ഒഴിവാക്കരുതെന്ന് വാദിക്കുന്നവരും എന്നാല്‍ ഒഴിവാക്കണം എന്ന് പറയുന്നവരും രണ്ട് തട്ടിലായി നില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
സൂപ്പര്‍താരം കിലിയന്‍ എംബാപെയുടെ കരാര്‍ പി.എസ്.ജി 2025 വരെ നീട്ടിയിരുന്നു അതിന്റെ കൂടെ അദ്ദേഹത്തിന് ടീമില്‍ തീരുമാനമെടുക്കാനുള്ള പവറും കൊടുത്തിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
നെയമറെ ഒഴിവാക്കണമെന്ന് വാദിക്കുന്നവരുടെ കൂടെയാണ് എംബാപെയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ സുഹൃത്തായ നെയ്മറിനെ ടീമില്‍ നിന്നും ഒഴിവാക്കരുതെന്ന വാദമാണ് സൂപ്പര്‍ താരം മെസിക്കുള്ളത്.
അടുത്ത സീസണില്‍ എല്ലവര്‍ക്കും മികച്ച ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് മെസി കരുതുന്നത് എന്നാണ് മുണ്ടൊ ഡിപ്പോര്‍ട്ടിവോയുടെ റിപ്പോര്‍ട്ട്. എന്തായാലും താരം ടീമില്‍ തുടരുമൊ എന്ന് വരും ദിവസങ്ങളില്‍ അറിയാം.
Content Highlights: Mbape Vs Messi at psg for neymar