| Wednesday, 8th June 2022, 7:47 pm

പി.എസ്.ജിയുടെ കോച്ചായി ഇവന്‍ പറഞ്ഞവനൊന്നും വേണ്ട; മെസിയെ തള്ളി എംബാപെ

സ്പോര്‍ട്സ് ഡെസ്‌ക്

പാരിസ് സെയന്റ് ജെര്‍മെയിന്റെ സൂപ്പര്‍താരങ്ങളാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും, ഫ്രഞ്ച് യുവ സട്രൈക്കര്‍ കിലിയന്‍ എംബാപെയും. പി.എസ്.ജിയുടെ ഗോള്‍ സ്‌കോറിംഗ് മെഷീനാണ് എംബാപെയെങ്കില്‍ മെസി എക്കാലത്തേയും വലിയ ഇതിഹാസമാണ്.

ഇരുവരേയും ടീമിലേത്തിച്ച കോച്ചാണ് മൗറീസിയൊ പോച്ചെറ്റിനോ എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിട്ട് താരസമ്പന്നമായി ടീമിനെ ഇറക്കിയ പി.എസ്.ജി. പ്രീ ക്വാര്‍ട്ടറില്‍ റയലുമായി തോറ്റ് പുറത്താകുകയായിരുന്നു.

ഇപ്പോള്‍ പോച്ചെറ്റിനോയെ മാറ്റി പുതിയ കോച്ചിനെ നിയമിക്കാന്‍ ഒരുങ്ങുകയാണ് പി.എസ്.ജി. പുതിയ കോച്ചിന്റെ കാര്യത്തില്‍ മെസി മുന്നോട്ടുവെച്ച നിര്‍ദേശത്തെ തള്ളിക്കൊണ്ട് എംബാപെ രംഗത്തെത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

‘എല്‍ നാഷണല്‍’ എന്ന പത്രം റിപ്പോര്‍ട്ടുചെയ്യുന്നതനുസരിച്ച് അര്‍ജന്റൈന്‍ ക്ലബ്ബായ റിവര്‍ പ്ലേറ്റിന്റെ മാനേജര്‍ മാര്‍സെലോ ഗല്ലാര്‍ഡോയെ യാണ് ലയണല്‍ മെസ്സി നിര്‍ദ്ദേശിച്ചത്.

മാര്‍സെലോ ഗല്ലാര്‍ഡോ

മാര്‍സെലോ നേരത്തെ പി.എസ്.ജിക്കായി കളിച്ചിരുന്നു. അര്‍ജന്റീന പ്രൈമറി ഡിവിഷനില്‍ റിവര്‍ പ്ലേറ്റിനെ ലീഗ് കിരീടത്തിലേക്ക് നയിച്ച മികച്ച കോച്ചാണ് അദ്ദേഹം. ഭാവിയില്‍ അദ്ദേഹത്തിന്റെ യൂറോപ്പിലേക്കുള്ള ഒരു നീക്കത്തിനായി എല്ലാവരും ഉറ്റുനോക്കുന്നുണ്ടായിരുന്നു. എന്നാല്‍ പി.എസ്.ജിയിലേക്ക് വേണ്ടെന്നാണ് എംബാപെയുടെ വാദം.

യൂറോപ്പിലെ പേരുകേട്ട ആരെങ്കിലും കോച്ചായി പി.എസ്.ജിയിലേക്ക് വരണമെന്നാണ് എംബാപ്പെയുടെ ആഗ്രഹം. തന്റെ പുതിയ മൂന്ന് വര്‍ഷത്തെ കരാറിന്റെ ഭാഗമായി ‘പാര്‍ക് ഡെസ് പ്രിന്‍സസില്‍’ അധികാരം ലഭിച്ചതിനാല്‍ ഫ്രഞ്ച് താരത്തിന്റെ അഭിപ്രായത്തിന് ഇപ്പോള്‍ വളരെയധികം മൂല്യമുണ്ട്.

എംബാപെയുടെ യൂറോപ്യന്‍ സ്‌നേഹം ഇതാദ്യമായല്ല താരം കാണിക്കുന്നത്. നേരത്തെ ലാറ്റിന്‍ അമേരിക്കന്‍ ടീമുകള്‍ യൂറോപ്യന്‍ ടീമുകള്‍ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുമെന്ന് താരം പറഞ്ഞിരുന്നു. പി.എസ്.ജിയില്‍ ഒരുപാട് വലിയ പേരുകളാണ് ഉയര്‍ന്നുവരുന്നത്.

സിനദിന്‍ സിദാനും, മൗറീഞ്ഞ്യൊ പോലുള്ള ലോകോത്തര കോച്ചുകളയാണ് പി.എസ്.ജി. ലക്ഷ്യം വെച്ചിരിക്കുന്നത് എന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. വമ്പന്‍ മാറ്റങ്ങളുമായി പി.എസ്.ജി. അടുത്ത വര്‍ഷവും ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യം വെച്ചായിരിക്കും ഇറങ്ങുക.

Content Highlights: Mbape rejected Messis choice of new coach for psg

We use cookies to give you the best possible experience. Learn more