| Tuesday, 16th August 2022, 12:26 pm

എല്ലാം ആ ആര്‍ത്തി പിടിച്ചവര്‍ കൊണ്ടുപോയില്ലേ, രണ്ട് പേരും ഒന്നിനൊന്ന് മെച്ചം; കിലിയന്‍ എംബാപെ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ലയണല്‍ മെസിയും. ഇവരില്‍ ആരാണ് മികച്ചതെന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ആര്‍ക്കായാലും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരും.

ഫ്രാന്‍സിന്റെ സൂപ്പര്‍താരമായ കിലിയന്‍ എംബാപെയോടും സമാനമായ ചോദ്യം ഈയിടെ ചോദിച്ചിരുന്നു. തന്റെ കുട്ടിക്കാലത്ത് റൊണാള്‍ഡൊയുടെ ആരാധകനായിരുന്ന താരമിപ്പോള്‍ മെസിയുടെ കൂടെ പി.എസ്.ജിയിലാണ് കളിക്കുന്നത്. ഇതില്‍ ആരെ തെരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ എംബാപെ ബുദ്ധിമുട്ടിയിരുന്നു.

അച്ഛനെയാണോ അമ്മയെയാണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദിക്കുന്നത് പോലെയാണ് ഇവരില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ പറയുന്നത് എന്നാണ് എംബാപെയുടെ വാദം. ഇതില്‍ ആര് ബാലണ്‍ ഡി ഓര്‍ നേടുമെന്ന് ഞാന്‍ വണ്ടറടിച്ച് നിന്നിരുന്നു എന്നും അദ്ദേഹം പറയുന്നു.

‘എല്ലാ വര്‍ഷവും ബാലണ്‍ ഡി ഓര്‍, മെസി അല്ലെങ്കില്‍ ക്രിസ്റ്റ്യാനോ ആരാണ് നേടുകയെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. എനിക്ക് ആരെയാണ് ഇഷ്ടം? ഇത് നിങ്ങളുടെ അച്ഛനെയാണോ അമ്മയെയാണോ ഇഷ്ടമെന്ന് തെരഞ്ഞെടുക്കുന്നത് പോലെയാണ്, നിങ്ങള്‍ക്ക് കഴിയില്ല,’ കിലിയന്‍ എംബാപെയെ ഉദ്ധരിച്ച് ഗോള്‍ പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെയായി ബാലണ്‍ ഡി ഓര്‍ ഉള്‍പ്പെടെ ഫുട്‌ബോളിലെ എല്ലാ പ്രധാന അവാര്‍ഡുകളിലും ആധിപത്യം സ്ഥാപിക്കാനുള്ള അവരുടെ സ്പിരിറ്റിന് മെസിയെയും റൊണാള്‍ഡോയെയും എംബാപെ പ്രശംസിച്ചു.

‘എന്റെ തലമുറയിലെ എല്ലാവരേയും സംബന്ധിച്ചിടത്തോളം, ബാലണ്‍ ഡി ഓര്‍ ലിയോയും റോണോയും തമ്മിലുള്ള പോരാട്ടവുമായി ബന്ധപ്പെട്ടതാണ്. എന്റെ ഓര്‍മയിലേക്ക് ആഴത്തില്‍ നോക്കുമ്പോള്‍ ഞാന്‍  റൊണാള്‍ഡീഞ്ഞോയും (2005 ലെ ബാലണ്‍ ഡി ഓര്‍ ജേതാവ്) അത് നേടിയതായി ഓര്‍ക്കുന്നു.

‘പക്ഷേ, സത്യം പറഞ്ഞാല്‍, അത്യാഗ്രഹികളായ ഇരുവരും എല്ലാം തകര്‍ത്തു! അവര്‍ ഇത്രയും കാലം ബാലണ്‍ ഡി ഓര്‍ പങ്കിട്ടു. എല്ലാ വര്‍ഷവും, എല്ലാവരേയും പോലെ, അവരില്‍ ആര്‍ക്കാണ് ഇത് ലഭിക്കുകയെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍, ഇരുവരുടെയും പോരാട്ടം വളരെ ഭ്രാന്തമായിരുന്നു,’ എംബാപെ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 14 കൊല്ലത്തിനിടയില്‍ മെസിയും റൊണാള്‍ഡോയും അല്ലാതെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത് ലൂക്കാ മോഡ്രിച് മാത്രമാണ്. മെസി ഏഴ് തവണയും റോണോ അഞ്ച് തവണയുമാണ് ബാലണ്‍ ഡി ഓര്‍ നേടിയത്.

Content Highlight: Mbape chooses Between Ronaldo and Messi

We use cookies to give you the best possible experience. Learn more