പാലക്കാട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗിനോട് ഉപമിച്ച് താന്‍ നടത്തിയ പരാമര്‍ശം ചരിത്ര വസ്തുതയാണെന്നും അതിന്മേല്‍ മാപ്പ് പറയില്ലെന്നും സ്പീക്കര്‍ എം.ബി. രാജേഷ്. ഇരുവരുടെയും മരണത്തെയാണ് താന്‍ താരതമ്യം ചെയ്തതെന്ന് സ്പീക്കര്‍ വിശദീകരിച്ചു.
വെടിവെച്ച് കൊല്ലുന്നതിന് മുമ്പ് കണ്ണുകെട്ടാതെ മുന്നില്‍ നിന്നും വെടിവെയ്ക്കണമെന്നായിരുന്നു വാരിയംകുന്നന്‍ പറഞ്ഞത്. തൂക്കിക്കൊല്ലുന്നതിനു പകരം വെടിവെച്ചാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് കത്തയച്ചയാളാണ് ഭഗത് സിംഗ്. മരണത്തിലുള്ള ഈ സാമ്യതയാണ് താന്‍ പരാമര്‍ശിച്ചതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
മലബാര്‍ കലാപം സാമ്രാജ്യത്വത്തിനെതിരായിരുന്നു. വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് വസ്തുതാവിരുദ്ധമാണ്. മലബാര്‍ കലാപ രക്തസാക്ഷികളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ചരിത്ര കൗണ്‍സില്‍ തീരുമാനം ചരിത്രവിരുദ്ധമാണ്. ധ്രുവീകരണമുണ്ടാക്കലാണ് ചിലരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിംഗിന് തുല്യമാണെന്ന് പറഞ്ഞതിന് എം.ബി രാജേഷിനെതിരെ യുവമോര്‍ച്ച നേതാവ് അനൂപ് ആന്റണി ദല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു.