| Tuesday, 6th September 2022, 11:35 am

എം.ബി. രാജേഷ് മന്ത്രിയായി സഗൗരവം സത്യപ്രത്ജ്ഞ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് നേതാവ് വി.ഡി. സതീശന്‍, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. സ്പീക്കര്‍ എന്ന നിലയില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച് ജനപ്രതിനിധിയാണ് എം.ബി. രാജേഷ്.

ഗോവിന്ദന്‍ മാസ്റ്റര്‍ കൈകാര്യം ചെയ്ത തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകള്‍ തന്നെയാണ് രാജേഷിന് നല്‍കുക എന്നാണ് വിവരം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണി കൂടിയാണിത്.

വി.ടി. ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എം.ബി .രാജേഷ് സഭയിലെത്തുന്നത്.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ രാജേഷ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ലും 2014ലും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എം.പി. നിലവില്‍ സി.പി.ഐ.എം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.

പാര്‍ട്ടി താല്‍പര്യവും ജനതാല്‍പര്യവും ഉയര്‍ത്തി പിടിച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്നും പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കും. എല്ലാവരുടെയും സഹകരണവും പിന്തുണയും തുടര്‍ന്നും ഉണ്ടാകണമെന്നും എം.ബി. രാജേഷ് സത്യപ്രതിജ്ഞക്ക് മുമ്പ് അഭ്യര്‍ത്ഥിച്ചു.

അതേസമയം, എം.ബി. രാജേഷിന് പകരം സ്പീക്കറായി തെരഞ്ഞെടുത്ത ഷംസീറിന്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബര്‍ 12ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. എം.ബി. രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിലവില്‍ സഭാനാഥന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക.

Content Highlight: MB Rajesh was sworn in as minister

We use cookies to give you the best possible experience. Learn more