|

എം.ബി രാജേഷ് vs പി.സി വിഷ്ണുനാഥ്; പുതിയ നിയമസഭയിലെ ആദ്യ രാഷ്ട്രീയ പോരാട്ടം ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 15-ാം കേരള നിയമസഭയിലെ ആദ്യ രാഷ്ട്രീയ പോരാട്ടത്തിന് ചൊവ്വാഴ്ച കളമൊരുങ്ങുന്നു. ഇന്നാണ് സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്.

99 എം.എല്‍.എമാരുടെ പിന്തുണയുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വിജയമുറപ്പാണെങ്കിലും മത്സരിക്കാനുള്ള തീരുമാനത്തോടെ രാഷ്ട്രീയപ്പോരിന് കച്ച കെട്ടുകയാണ് യു.ഡി.എഫ്.

തൃത്താല എം.എല്‍.എയും മുന്‍ എം.പിയുമായ എം.ബി രാജേഷാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കുണ്ടറ എം.എല്‍.എ പി.സി വിഷ്ണുനാഥാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. 41 സീറ്റാണ് യു.ഡി.എഫിനുള്ളത്.

രാവിലെ ഒമ്പത് മണിക്കാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറിലാണ് അംഗങ്ങള്‍ വോട്ട് ചെയ്യേണ്ടത്. പതിനൊന്നരയോടെ വോട്ടെടുപ്പ് തീര്‍ന്ന് വോട്ടെണ്ണല്‍ തുടങ്ങും.

കേരള നിയമസഭയുടെ ഇരുപത്തിമൂന്നാമത് സ്പീക്കറെയാണ് തെരഞ്ഞെടുക്കന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

തിങ്കളാഴ്ച എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. 136 എം.എല്‍.എമാരാണ് പ്രോടെം സ്പീക്കര്‍ പി.ടി.എ റഹീമിന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്തത്.

ഭരണപക്ഷത്തെ തുടര്‍ച്ചയായി രണ്ടാം വട്ടവും പിണറായി വിജയന്‍ നയിക്കുമ്പോള്‍ പ്രതിപക്ഷ നിരയെ നയിക്കുന്നത് വി.ഡി സതീശനാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: MB Rajesh vs PC Vishnunath Speaker Election LDF UDF

Latest Stories