സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പരാമര്‍ശം; സ്പീക്കര്‍ക്കെതിരെ വി.ഡി സതീശന്‍
Kerala News
സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പരാമര്‍ശം; സ്പീക്കര്‍ക്കെതിരെ വി.ഡി സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th May 2021, 11:07 am

തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കര്‍ എം.ബി രാജേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജേഷിന്റെ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് സതീശന്‍ പറഞ്ഞു.

പരാമര്‍ശം ഒഴിവാക്കണമെന്നും അല്ലെങ്കില്‍ സഭയില്‍ തങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

‘സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന എം.ബി രാജേഷിന്റെ പ്രസ്താവന വേദനിപ്പിച്ചു. അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളില്‍നിന്നുമുണ്ടായിട്ടില്ല. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും ഞങ്ങള്‍ക്കതിന് മറുപടി പറയേണ്ടി വരും. നിയമസഭയില്‍ വരുമ്പോള്‍ അത് ഒളിച്ചുവെക്കാന്‍ പ്രതിപക്ഷമായ തങ്ങള്‍ക്ക് കഴിയില്ല. അത് സഭാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. അതുകൊണ്ട് അവ ഒഴിവാക്കണമെന്ന് അങ്ങയോട് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുകയാണ്,’ വി. ഡി സതീശന്‍ പറഞ്ഞു.

നേരത്തെ 40 നെതിരെ 96 വോട്ടുകള്‍ക്കാണ് രാജേഷ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. പി.സി വിഷ്ണുനാഥായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

കേരള നിയമസഭയുടെ 23-ാമത് സ്പീക്കറായാണ് രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

മുന്‍ എം.പിയായിരുന്ന രാജേഷ് ഇതാദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തൃത്താലയില്‍ വി.ടി ബല്‍റാമിനെ തോല്‍പ്പിച്ചാണ് നിയമസഭയിലെത്തിയത്.

99 സീറ്റാണ് എല്‍.ഡി.എഫിനുള്ളത്. 41 സീറ്റാണ് യു.ഡി.എഫിനുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: MB Rajesh VD Satheesan Politics Kerala Legislative Assembly