| Monday, 23rd August 2021, 6:45 pm

വാരിയംകുന്നനെ ഭഗത് സിംഗിനോട് ഉപമിച്ചു; എം.ബി. രാജേഷിനെതിരെ ദല്‍ഹി പൊലീസിന് പരാതി നല്‍കി യുവമോര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിംഗിന് തുല്യമാണെന്ന് പറഞ്ഞ സ്പീക്കര്‍ എം.ബി രാജേഷിനെതിരെ ദല്‍ഹി പൊലീസില്‍ പരാതി. യുവമോര്‍ച്ച നേതാവ് അനൂപ് ആന്റണിയാണ് പരാതി നല്‍കിയത്.

ഭഗത് സിംഗിനെ അപമാനിച്ചെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സ്പീക്കര്‍ വാരിയം കുന്നനെ ഭഗത് സിംഗിനോട് ഉപമിച്ചത്.

‘മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം (വാരിയംകുന്നന്‍) സ്വന്തം നാട്ടില്‍ രക്തസാക്ഷിത്തം ചോദിച്ചു വാങ്ങുകയായിരുന്നു. ഭഗത് സിംഗിന് തുല്യമാണ് കുഞ്ഞഹമ്മദ് ഹാജി,’ രാജേഷ് പറഞ്ഞു.

കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമെന്നായിരുന്നില്ല. മലയാള രാജ്യമെന്നായിരുന്നു ആ പേര്. മലബാര്‍ കലാപം ഹിന്ദു വിഭാഗത്തിനെതിരെ ഉള്ളതായിരുന്നുവെങ്കില്‍ ആര്‍.എസ്.എസ് ഏറ്റവുമധികം വളര്‍ച്ചയുണ്ടാക്കുന്ന പ്രദേശമായി ഏറനാടും വള്ളുവനാടും മാറിയിയേനെ എന്നും അദ്ദേഹം പറഞ്ഞു.

രാജേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ നേരത്തെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.

എം.ബി. രാജേഷ് സ്പീക്കര്‍ പദവിയുടെ മാനം കളയുകയാണെന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഭഗത് സിംഗിനെ അപമാനിച്ചതില്‍ സ്പീക്കര്‍ മാപ്പുപറയണമെന്നും താലിബാന്റെ സ്പീക്കറല്ല, കേരളത്തിന്റെ സ്പീക്കറാണെന്നത് ഓര്‍മ വേണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ലോകത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നുവെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MB Rajesh Vaariyakunnan Bhagat Sing

We use cookies to give you the best possible experience. Learn more