കണ്ടാലും കൊണ്ടാലും അറിയാത്തവര്‍, രാഹുലിനെ വേട്ടയാടിയ ഇ.ഡിയെ പല്ലക്കില്‍ ചുമന്ന് സഭയില്‍ ആനയിക്കാന്‍ കോണ്‍ഗ്രസിന് ലജ്ജയില്ലേ? എം.ബി. രാജേഷ്
Kerala News
കണ്ടാലും കൊണ്ടാലും അറിയാത്തവര്‍, രാഹുലിനെ വേട്ടയാടിയ ഇ.ഡിയെ പല്ലക്കില്‍ ചുമന്ന് സഭയില്‍ ആനയിക്കാന്‍ കോണ്‍ഗ്രസിന് ലജ്ജയില്ലേ? എം.ബി. രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th February 2023, 8:41 pm

തിരുവനന്തപുരം: 2014ന് ശേഷം കൈകാര്യം ചെയ്ത കേസുകളില്‍ വെറും 0.5 ശതമാനം തെളിയിക്കാനായ ഇ.ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ വേദവാക്യമെന്ന് മന്ത്രി എം.പി. രാജേഷ്. നിയമസഭയില്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി അധികാരത്തിലെത്തിയ ശേഷം ഒരുപാട് പ്രതിപക്ഷ നേതാക്കളെ ഇ.ഡി ചോദ്യം ചെയ്തിട്ടുണ്ടെന്നും, അതില്‍ പ്രമുഖ കോണ്‍ഗ്രസുകാര്‍ ഉണ്ടായിരുന്നെന്നും പറഞ്ഞ രാജേഷ്
അന്ന് കോണ്‍ഗ്രസിനൊപ്പമാണ് ഇടതുപക്ഷം നിന്നതെന്നും ഓര്‍മിപ്പിച്ചു.

‘കോണ്‍ഗ്രസിന്റെ റായ്പൂര്‍ പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത് ഇ.ഡിയും സി.ബി.ഐയും എന്‍.ഐ.എയും പോലുള്ള അന്വേഷണ ഏജന്‍സികളെ കേന്ദ്രം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്നാണ്. രാഷ്ടീയ എതിരാളികളെ വേട്ടയാടാന്‍ ഇവയെ ഉപയോഗിക്കുന്നുണ്ടെന്നും അതില്‍ പറയുന്നു.

2014 മുതല്‍ ഇതുവരെ ഇ.ഡി നടത്തിയ റെയ്ഡില്‍ 95 ശതമാനവും ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യംവെച്ചാണ്. ഇ.ഡി കൈകാര്യം ചെയ്ത 5,422 കേസുകളില്‍ ശിക്ഷിച്ചത് 23 എണ്ണത്തില്‍ മാത്രമാണ്. 0.5 ആണ് ഇതിന്റെ ശതമാനം. ഇങ്ങനെയുള്ള ഒരു അന്വേഷണ ഏജന്‍സിയെ പല്ലക്കില്‍ ചുമന്ന് ഈ സഭയില്‍ ആനയിക്കാന്‍ കോണ്‍ഗ്രസിന് ലജ്ജ വേണ്ടേ,’ എം.പി. രാജേഷ് പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഗാര്‍ഖെയുമല്ലെന്നും ഇ.ഡിയും മോദിയുമാണെന്നും അദ്ദേഹം പരിഹസിച്ചു.

‘മോദി അധികാരത്തിലെത്തിയ ശേഷം ഇ.ഡി 127 രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്തിട്ടുണ്ട്. അതില്‍ കോണ്‍ഗ്രസിന്റെ 24 പേരുണ്ട്. ഈ നേതാക്കളൊന്നും ചില്ലറക്കാരല്ല. രാഹുല്‍ ഗാന്ധിയെ 50 മണിക്കൂര്‍ ചോദ്യം ചെയ്തു. എന്നാല്‍ നിങ്ങള്‍ ഇവിടെയെടുത്ത നിലപാടല്ല ഞങ്ങള്‍ അവിടെയെടുത്തത്. അതാണ് ഞങ്ങളും നിങ്ങളും തമ്മിലുള്ള വ്യത്യാസം. അന്ന് കയ്യടിക്കാന്‍ ഇടുതുപക്ഷം ഉണ്ടായിട്ടില്ല.

കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഗാര്‍ഖെയുമല്ല, ഇ.ഡിയും മോദിയുമാണ്. ഇ.ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് വേദവാക്യമായി കാണുന്ന കോണ്‍ഗ്രസുകാര്‍ കേരളത്തില്‍ മാത്രമെയൊള്ളു. കണ്ടാലും കൊണ്ടാലും അറിയാത്തവരാണ്,’ എം.പി. രാജേഷ് പറഞ്ഞു.