| Friday, 23rd April 2021, 4:21 pm

മനോരമയ്ക്ക് ബഹുമാനം മാത്രമല്ല നല്ല പേടിയുമുണ്ട്; 'ദേശീയ പാര്‍ട്ടി'യുടെ പേര് പറയാതെയുള്ള മനോരമ വാര്‍ത്തയെ ട്രോളി എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുപോകുന്നതിനിടെ ഒരു ‘ദേശീയ പാര്‍ട്ടി’യുടെ 3.5 കോടി കുഴല്‍പ്പണം കവര്‍ന്നുവെന്ന മലയാള മനോരമ നല്‍കിയ വാര്‍ത്തയില്‍ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് എം.ബി രാജേഷ്.

ദേശീയ പാര്‍ട്ടിയുടെ പേര് പറയാതെ മനോരമ നല്‍കിയ വാര്‍ത്തയെ ട്രോളിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മലയാള മനോരമയില്‍ ഇന്നലേയും ഇന്നും വന്ന രണ്ടുവാര്‍ത്തകളാണിത്. വിഷയം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ 3.5 കോടിയുടെ കുഴല്‍പണം ഹൈവേയില്‍ വെച്ച് കവര്‍ന്നതാണ്. ഏത് പാര്‍ട്ടി? ‘ദേശീയ പാര്‍ട്ടി’ എന്ന് മനോരമ. പല ദേശീയ പാര്‍ട്ടികളുണ്ടല്ലോ.ഏതാന്ന് പറ മനോരമേ! ഇതിപ്പോള്‍ സ: ശിവദാസമേനോന്‍ പണ്ട് പ്രസംഗങ്ങളില്‍ പറയുന്ന നര്‍മ്മം പോലെയാണ്. ചില സ്ത്രീകള്‍ ബഹുമാനം കൊണ്ട് ഭര്‍ത്താവിന്റെ പേര് പറയില്ലത്രേ. കുട്ട്യോള്‍ടച്ഛന്‍’ എന്നേ പറയൂ. മനോരമയ്ക്ക് ബഹുമാനം മാത്രമല്ല നല്ല പേടിയുമുണ്ട്. അതുകൊണ്ട് ‘ദേശീയ പാര്‍ട്ടി’ (കുട്ട്യോള്‍ടച്ഛന്‍ ) എന്നേ മനോരമ പറയൂ. ‘കവര്‍ച്ചയില്‍ അതേ പാര്‍ട്ടിയുടെ ജില്ലയിലെ പ്രമുഖന്‍ ഇടപെട്ടതായി വിവരമുണ്ട്. അപ്പോള്‍ മനോരമയുടെ പക്കല്‍ ‘വിവരമുണ്ട്.’ പക്ഷേ പറയില്ല!’, എം.ബി രാജേഷ് ഫേസ്ബുക്കിലെഴുതി.

ഏപ്രില്‍ 22ന് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്ന വാര്‍ത്ത ഏപ്രില്‍ 23 ആയപ്പോഴേക്കും ഉള്‍പേജിലേക്ക് വലിച്ചിട്ടുണ്ടെന്നും നാളത്തോടെ വാര്‍ത്ത തന്നെ അപ്രത്യക്ഷമാകുമെന്നും രാജേഷ് പറഞ്ഞു.

എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മലയാള മനോരമയില്‍ ഇന്നലേയും ഇന്നും വന്ന രണ്ടുവാര്‍ത്തകളാണിത്. വിഷയം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ 3.5 കോടിയുടെ കുഴല്‍പണം ഹൈവേയില്‍ വെച്ച് കവര്‍ന്നതാണ്. ഏത് പാര്‍ട്ടി ? ‘ദേശീയ പാര്‍ട്ടി’ എന്ന് മനോരമ. പല ദേശീയ പാര്‍ട്ടികളുണ്ടല്ലോ.ഏതാന്ന് പറ മനോരമേ !ഇതിപ്പോള്‍ സ: ശിവദാസമേനോന്‍ പണ്ട് പ്രസംഗങ്ങളില്‍ പറയുന്ന നര്‍മ്മം പോലെയാണ്. ചില സ്ത്രീകള്‍ ബഹുമാനം കൊണ്ട് ഭര്‍ത്താവിന്റെ പേര് പറയില്ലത്രേ.’ കുട്ട്യോള്‍ടഛന്‍’ എന്നേ പറയു.

മനോരമക്ക് ബഹുമാനം മാത്രമല്ല നല്ല പേടിയുമുണ്ട്.അതുകൊണ്ട് ‘ ദേശീയ പാര്‍ട്ടി’ (കുട്ട്യോള്‍ടഛന്‍ ) എന്നേ മനോരമ പറയൂ. ‘കവര്‍ച്ചയില്‍ അതേ പാര്‍ട്ടിയുടെ ജില്ലയിലെ പ്രമുഖന്‍ ഇടപെട്ടതായി വിവരമുണ്ട് ‘. അപ്പോള്‍ മനോരമയുടെ പക്കല്‍ ‘വിവരമുണ്ട്.’ പക്ഷേ പറയില്ല!
ഇന്നലെ ഒന്നാം പേജില്‍. ഇന്ന് ഉള്‍പേജിലേക്ക് വലിച്ചിട്ടുണ്ട്. നാളത്തോടെ അപ്രത്യക്ഷമാവുമായിരിക്കും.

വായനക്കാര്‍ എന്ത് മനസ്സിലാക്കണം? അവര്‍ക്ക് ഒന്നുറപ്പിക്കാം. പാര്‍ട്ടി സി.പി.ഐ.(എം) അല്ല എന്ന്. കാരണം എങ്കില്‍ മനോരമ ആഘോഷിച്ചേനെ. അടിച്ചു പൊളിച്ചേനെ. കഥകള്‍, കാര്‍ട്ടൂണുകള്‍, പരമ്പരകള്‍ എല്ലാമായി പൊലിപ്പിച്ചേനെ. നിഷ്പക്ഷ പത്രമാണ്. ലീഗിന്റെ എം.എല്‍.ഏ. കക്കൂസ് ക്ലോസറ്റില്‍ അമ്പതുലക്ഷം ഒളിപ്പിച്ചത് വിജിലന്‍സ് പിടിച്ചപ്പോള്‍ നാറ്റം മാറ്റാന്‍ മനോരമ ന്യായീകരണ സുഗന്ധലേപനം സ്വന്തം നിലയില്‍ പൂശിയത് നമ്മള്‍ കണ്ടല്ലോ.. വാര്‍ത്ത കഴിയുന്നത്ര അമുക്കി പിടിച്ചതും. ലീഗായതു കൊണ്ട് കക്കൂസിന്റെ കാര്‍ട്ടൂണൊന്നുമില്ല. ഹോ… ഒരു സി.പി.എം നേതാവിന്റെ കക്കൂസിലോ മറ്റോ ആയിരുന്നെങ്കിലോ ? എത്ര ‘വിഷയ വിദഗ്ദ്ധരെ ‘ മനോരമ രംഗത്തിറക്കുമായിരുന്നു?എന്തൊക്കെ തറ വേലകള്‍ കാണിക്കുമായിരുന്നു?

എന്നാലും മനോരമേ ഏതാണ്ടാ ആ ‘ദേശീയ പാര്‍ട്ടി ?’

ഒരു ക്ലൂ തന്നിട്ടുണ്ടല്ലോ എന്ന് മനോരമ.’ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സംഘടനയും അന്വേഷണം ആരംഭിച്ചു ‘ എന്ന്. ങേ ! പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സംഘടനയോ? അതേതപ്പാ അത്ര വലിയ ആ സംഘടന? ഇനി കൂടുതല്‍ ചോദിക്കരുത്. പ്ലീസ്….
താടിയുള്ള അപ്പനെ പേടിയുണ്ടെന്ന് നിഷ്പക്ഷ പത്രം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: MB Rajesh Slams Malayala Manorama News

We use cookies to give you the best possible experience. Learn more