| Tuesday, 7th February 2023, 10:54 pm

കേരളം കഴിഞ്ഞ രണ്ട് വര്‍ഷവും 10 കോടിയിലധികം തൊഴില്‍ ദിനം സൃഷ്ടിച്ചു; തൊഴിലുറപ്പ് പദ്ധതി കേന്ദ്രം അട്ടിമറിക്കുന്നു: എം.ബി. രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തില്‍ കേരളം രാജ്യത്തിന് മാതൃകയാവുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷത്തിലും കേരളം 10 കോടിയിലധികം തൊഴില്‍ ദിനം സൃഷ്ടിച്ചെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറക്കുകയാണെന്നും തൊഴിലുറപ്പ് പദ്ധതി കേന്ദ്രം അട്ടിമറിക്കുന്നുവെന്നും മന്ത്രി വമര്‍ശിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ 416.36 കോടി രൂപ കേന്ദ്ര കുടിശികയുണ്ടെന്നും മന്ത്രി രാജേഷ് പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയില്‍ ഉഴലുകയായിരുന്ന ഗ്രാമീണ ജനതയ്ക്ക് ആശ്വാസമേകാന്‍ തൊഴിലുറപ്പ് പദ്ധിതിയിലൂടെ സാധിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം കുടുംബത്തിന് ലഭിച്ച തൊഴില്‍ ദിനത്തിന്റെ ദേശീയ ശരാശരി അമ്പതായിരുന്നു. കേരളത്തില്‍ ഇത് 64.41 ശതമാനവും. ദേശീയ തലത്തില്‍ 100 ദിവസം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ ശരാശരി എട്ട് ശതമാനം. കേരളത്തില്‍ ഇത് 31 ശതമാനമാണ്. പട്ടികവര്‍ഗ കുടുംബളുടെ തൊഴില്‍ദിനത്തില്‍ ദേശീയ ശരാശരി 57.52 ശതമാനവും കേരളത്തില്‍ 86.2 ശതമാനവുമാണ്.

സ്വന്തം ഫണ്ടില്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 100 അധികദിന തൊഴിലുറപ്പാക്കുന്ന ഏക സംസ്ഥാനവും കേരളമാണ്. ഇവിടെ സൃഷ്ടിക്കുന്ന തൊഴിലിന്റെ 90 ശതമാനവും സ്തീകള്‍ക്കാണ് ലഭ്യമാകുന്നത്. ദേശീയ തലത്തില്‍ ഇത് 55 ശതമാനത്തില്‍ താഴെയും. സംസ്ഥാനത്ത് 21.86 ലക്ഷം സജീവകടുംബങ്ങളിലായി 26.82 ലക്ഷം തൊഴിലാളികള്‍ പദ്ധതിയെ ആശ്രയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

‘2021- 22ല്‍ ഏഴുകോടി തൊഴില്‍ദിനത്തിനുള്ള അനുമതിയാണ് സംസ്ഥാനത്തിന് ആദ്യഘട്ടത്തില്‍ ലഭിച്ചത്. കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനാല്‍ 10 കോടിയായി ഉയര്‍ത്താന്‍ കേന്ദ്രം നിര്‍ബന്ധിതമായി. 10.59 കോടി തൊഴില്‍ദിനം സൃഷ്ടിച്ചു. 2022-23ല്‍ 10.32 കോടി തൊഴില്‍ദിനം ആവശ്യപ്പെട്ടു. അനുവദിച്ചത് ആറുകോടിയും. നിലവില്‍ 8.5 കോടി തൊഴില്‍ദിനമായി ലേബര്‍ ബജറ്റ് പുതുക്കിയിട്ട്. ഈ സാമ്പത്തികവര്‍ഷം ഇതുവരെ 7.79 കോടി തൊഴില്‍ദിനം സൃഷ്ടിച്ചു. 15.02 ലക്ഷം കുടുംബത്തിന് തൊഴില്‍ നല്‍കി.

16.88 ലക്ഷം വ്യക്തികള്‍ തൊഴില്‍ ചെയ്തു. ശരാശരി തൊഴില്‍ദിനങ്ങളുടെ ശരാശരി എണ്ണം 51.84. സാധനസാമഗ്രി ഇനത്തില്‍ 263.64 കോടി രൂപയും, ഭരണ ചെലവ് ഇനത്തില്‍ 152.72 കോടി രൂപയും കുടിശികയായി കേന്ദ്രം തരണം. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ അവിദഗ്ധ വേതന തുകയും ലഭ്യമാക്കിയിട്ടില്ല. ഇതിലും കാലതാമസം ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും കൃത്യസമയത്ത് പണം ലഭിക്കാത്തത് പദ്ധതി പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്,’ എം.ബി. രാജേഷ് പറഞ്ഞു.

Content Highlight:  MB Rajesh said that Kerala is setting an example for the country in implementing the Mahatma Gandhi National Rural Employment Guarantee Scheme

We use cookies to give you the best possible experience. Learn more