മൂന്ന് കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം; പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് മന്ത്രി എം.ബി. രാജേഷ്
Kerala News
മൂന്ന് കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം; പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് മന്ത്രി എം.ബി. രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th October 2022, 7:07 pm

തിരുവനന്തപുരം: മന്ത്രിമാരെ ഭീഷണിപ്പെടുത്തിയുള്ള കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിന് ഫേസ്ബുക്കിലെഴുതിയ മറുപടി പിന്‍വലിച്ച് മന്ത്രി എം.ബി. രാജേഷ്. വിമര്‍ശനങ്ങള്‍ ഒരു പദവിയുടെയും അന്തസ് ഇടിച്ചുതാഴ്ത്തുന്നില്ലെന്നും ജനാധിപത്യത്തില്‍ ആരും വിമര്‍ശനാതീതരല്ലെന്നും ഉള്‍പ്പെടെ മൂന്ന് കാര്യങ്ങളാണ് രാജേഷ് ഫേസ്ബുക്കില്‍ മറുപടിയായി പറഞ്ഞത്. എന്നാല്‍ പോസ്റ്റ് മിനിട്ടുകള്‍ക്കകം അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു.

മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കും എന്നുമായിരുന്നു ഗവര്‍ണറുടെ മുന്നറിയിപ്പ്.

എം.ബി. രാജേഷ് പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി.

‘താടി കളഞ്ഞ പോലെ ഗവര്‍ണര്‍ക്കെതിരായിട്ട ഫേസ്ബുക്ക് പോസ്റ്റും കളഞ്ഞോ മിനിസ്റ്ററെ?
ആര്‍.എസ്.എസിനെ ഇങ്ങനെ പേടിക്കാതെ സഖാവെ…#മുക്കിയോ,’ എന്നാണ് എം.ബി. രാജേഷിന്റെ ചിത്രം പങ്കുവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ എഴുതിയത്.

പിന്‍വലിച്ച എം.ബി. രാജേഷിന്റെ കുറിപ്പിപ്പിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട ഗവര്‍ണറുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം പറയുന്നത്, മന്ത്രിമാര്‍, ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ അവരെ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ്. മൂന്ന് കാര്യങ്ങള്‍ ആദരവോടെ വ്യക്തമാക്കട്ടെ.

1. വിമര്‍ശനങ്ങള്‍ ഒരു പദവിയുടെയും അന്തസ് ഇടിച്ചുതാഴ്ത്തുന്നില്ല. ജനാധിപത്യത്തില്‍ ആരും വിമര്‍ശനാതീതരല്ല. ആരെയും അന്തസോടെ വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.

2. ഒരു വൈസ് ചാന്‍സലറെ ‘ക്രിമിനലെന്നും’, 90 വയസ്സ് കഴിഞ്ഞ, ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ ‘തെരുവുഗുണ്ട’ എന്നും വിളിച്ചത് കേരളത്തിലെ ഏതെങ്കിലും മന്ത്രിയല്ല. ഒരു മന്ത്രിയും ഒരാള്‍ക്കെതിരെയും അത്തരമൊരു ഭാഷ കേരളത്തില്‍ പ്രയോഗിച്ചിട്ടില്ല, പ്രയോഗിക്കുകയുമില്ല. അത് ഇടതുപക്ഷത്തിന്റെ സംസ്‌കാരമല്ല.

3. ജനാധിപത്യത്തില്‍ ഗവര്‍ണറുടെ ‘pleasure’ എന്നത്, രാജവാഴ്ചയിലെ രാജാവിന്റെ ‘അഭീഷ്ടം’ അല്ല എന്ന് വിനയത്തോടെ ഓര്‍മിപ്പിക്കട്ടെ. ഭരണഘടനയുടെ 164ാം അനുച്ഛേദവും അതിന്റെ അടിസ്ഥാനത്തില്‍ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്.

ബഹുമാനപ്പെട്ട ഗവര്‍ണറുടെ പേരില്‍ ഇതുപോലെയുള്ള ട്വീറ്റ് തയാറാക്കുന്നവരാണ് അദ്ദേഹത്തിന്റെ പദവിക്ക് കളങ്കമേല്‍പ്പിക്കുന്നത്, മന്ത്രിമാരല്ല. അവരെ ബഹുമാനപ്പെട്ട ഗവര്‍ണര്‍ ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും.


CONTENT HIGHLIGHTS: MB Rajesh’s Facebook post has been withdrawn who criticized the Governor