കോഴിക്കോട്: കിഫ്ബി വികസനത്തെപ്പറ്റി ലേഖനമെഴുതിയിട്ടില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തെളിവടക്കം പുറത്തുവിട്ട് മറുപടിയുമായി എം.ബി രാജേഷ്. ഞായറാഴ്ച നടന്ന മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയന്റ് ചര്‍ച്ചയിലായിരുന്നു തിരുവഞ്ചൂര്‍ കിഫ്ബി വഴി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനത്തിനായി പണമൊന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞത്.
എന്നാല്‍ ഇത് തെറ്റാണെന്നും കിഫ്ബി സപ്ലിമെന്റില്‍ തിരുവഞ്ചൂര്‍ തന്നെ എഴുതിയ ലേഖനം ഉണ്ടെന്നും രാജേഷ് പറഞ്ഞു. ലേഖനം ചര്‍ച്ചയ്ക്കിടെ തന്നെ രാജേഷ് വായിച്ചെങ്കിലും അത് തന്റേതല്ലെന്നായിരുന്നു തിരുവഞ്ചൂര്‍ വാദിച്ചത്.
രാജേഷിന് ആരോ വാട്‌സാപ്പില്‍ അയച്ച് കൊടുത്ത് മാറിപ്പോയതാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എന്നാല്‍ എല്ലാ പത്രങ്ങളിലും ഇക്കാര്യം വന്നതാണെന്നും തിരുവഞ്ചൂരിന്റെ പേരില്‍ തന്നെയാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും രാജേഷ് പറഞ്ഞു.
ഇത് താന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെക്കുമെന്നും രാജേഷ് പറഞ്ഞിരുന്നു. കിഫ്ബി വഴി തന്റെ മണ്ഡലത്തില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് തിരുവഞ്ചൂര്‍ എഴുതിയ ലേഖനം ഇതോടെ രാജേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.
മെട്രോവാര്‍ത്തയുടെ ലിങ്കടക്കമാണ് രാജേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
‘അങ്ങ് സ്വന്തം പേര് വെച്ച് എഴുതിയ കുറിപ്പ് അങ്ങയുടെ സംശയങ്ങള്‍ ദുരീകരിക്കുമെന്നും ഞാന്‍ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെടാന്‍ സഹായിക്കുമെന്നും കരുതട്ടെ. കിഫ്ബിയെ രാഷ്ട്രീയവിരോധത്താല്‍ ടി.വി.ചര്‍ച്ചകളില്‍ തള്ളിപ്പറയുമ്പോഴും സ്വന്തം മണ്ഡലത്തില്‍ കിഫ്ബിപദ്ധതികള്‍ നടപ്പാക്കുന്നത് ജനസമക്ഷം അവതരിപ്പിക്കുന്നതിന് അങ്ങയെ അഭിനന്ദിക്കുകയും ചെയ്യട്ടെ’, രാജേഷ് കുറിച്ചു.
കിഫ്ബി സപ്ലിമെന്റില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിച്ചതിനെ കുറിച്ച് പറയുന്നുണ്ട്.
സപ്ലിമെന്റില്‍ തിരുവഞ്ചൂരിന്റേതായി വന്ന ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:
കോട്ടയത്തിനും പ്രതീക്ഷകള്‍ ഏറെ
കിഫ്ബി വഴി പ്രഖ്യാപിച്ച പദ്ധതികളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ കോട്ടയത്തിനും പ്രതീക്ഷകള്‍ ഏറെയാണ്. നിലവില്‍ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കോട്ടയത്ത് പുരോഗമിക്കുന്നത്. കാരാപ്പുഴ ഗവ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് കോടി രൂപയാണ് കിഫ്ബി വഴി അനുവദിച്ചത്. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ജില്ലാ ആശുപത്രി വികസനം, ചിങ്ങവനത്ത് സ്പോര്‍ട്സ് കോംപ്ലക്സിനായി 11 കോടി, അയ്മനം പഞ്ചായത്ത് സ്റ്റേഡിയം തുടങ്ങി ഇനിയും പ്രാവര്‍ത്തികമാകാനുളള പദ്ധതികള്‍ ഏറെ. ജില്ലാ ആശുപത്രിക്കായി 10 നിലകളിലുള്ള കെട്ടിടം അടക്കമാണ് കിഫ്ബിയില്‍ അനുമതി കാത്തുകിടക്കുന്നത്. 219 കോടി രൂപയുടെ വികസനമാണ് ജനറല്‍ ആശുപത്രിക്കായി ഒരുങ്ങുന്നത്. ബോര്‍മ്മകവല മുതല്‍ വെള്ളൂത്തുരുത്തി പാലം വരെയുള്ള റോഡ് വികസനത്തിനായി 16 കോടി, കോടിമത -പുതുപ്പള്ളി റോഡ് വികസനത്തിന് 140 കോടി, വിവിധ കുടിവെള്ള വിതരണ പദ്ധതികള്‍ക്കായി 22 കോടി രൂപ എന്നിവയും കോട്ടയത്തിനായി കിഫ്ബിയുടെ പരിഗണനയിലുണ്ട്.
പ്രിയപ്പെട്ട തിരുവഞ്ചൂര്‍, അങ്ങ് എഴുതിയ കോട്ടയം മണ്ഡലത്തിലെ കിഫ്ബി പദ്ധതികളെക്കുറിച്ചുള്ള കുറിപ്പും അത് പ്രസിദ്ധീകരിച്ച മെട്രോ വാര്‍ത്ത പത്രത്തിന്റെ ലിങ്കും ഇവിടെ പങ്കുവെക്കുന്നു. >> http://www.metrovaartha.com/…/kiifb-way-to-developments-kot…
അങ്ങയുടെ കുറിപ്പ് 2020 സെപ്തംബര്‍ 3 ന് വൈകുന്നേരം 4.31 ന് അപ് ലോഡ് ചെയ്തതായിട്ടാണ് കാണുന്നത്. പഴയതല്ലെന്നര്‍ത്ഥം. ഇന്നലെ മനോരമാ ന്യൂസ് കൗണ്ടര്‍പോയിന്റില്‍ കിഫ്ബിയെ താങ്കള്‍ തള്ളിപ്പറഞ്ഞപ്പോള്‍ മറുപടിയായി ഞാന്‍ ഈ കുറിപ്പ് വായിക്കുകയും എന്നാല്‍ അങ്ങിനെയൊന്ന് എഴുതിയിട്ടേയില്ലെന്ന് അങ്ങ് നിഷേധിക്കുകയും ചെയ്തിരുന്നല്ലോ. അവതാരകയും ഈ കുറിപ്പിന്റെ ആധികാരികതയെ കുറിച്ച് എന്നോട് ചോദിക്കുകയുണ്ടായി. കുറിപ്പും വിശദാംശങ്ങളും ഫേസ് ബുക്കില്‍പങ്കുവെക്കാമെന്നും ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ പിന്‍വലിച്ച് ക്ഷമപറയാന്‍ മടിയില്ലെന്നും ഞാന്‍ പറഞ്ഞിരുന്നു.
അങ്ങ് സ്വന്തം പേര് വെച്ച് എഴുതിയ കുറിപ്പ് അങ്ങയുടെ സംശയങ്ങള്‍ ദുരീകരിക്കുമെന്നും ഞാന്‍ പറഞ്ഞത് സത്യമാണെന്ന് ബോദ്ധ്യപ്പെടാന്‍ സഹായിക്കുമെന്നും കരുതട്ടെ. കിഫ്ബിയെ രാഷ്ട്രീയവിരോധത്താല്‍ ടി.വി.ചര്‍ച്ചകളില്‍ തള്ളിപ്പറയുമ്പോഴും സ്വന്തം മണ്ഡലത്തില്‍ കിഫ്ബിപദ്ധതികള്‍ നടപ്പാക്കുന്നത് ജനസമക്ഷം അവതരിപ്പിക്കുന്നതിന് അങ്ങയെ അഭിനന്ദിക്കുകയും ചെയ്യട്ടെ.
സ്‌നേഹാദരങ്ങളോടെ എം.ബി.രാജേഷ്
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക