വേണ്ടപ്പെട്ട ഒരാള്‍ക്ക് നിയമനം കിട്ടാനാണ് അവര്‍ ഇത് ചെയ്തത്; പിന്മാറാന്‍ നിനിതയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായി; ഭീഷണിക്ക് വഴങ്ങില്ലെന്ന് എം.ബി രാജേഷ്
Kerala
വേണ്ടപ്പെട്ട ഒരാള്‍ക്ക് നിയമനം കിട്ടാനാണ് അവര്‍ ഇത് ചെയ്തത്; പിന്മാറാന്‍ നിനിതയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായി; ഭീഷണിക്ക് വഴങ്ങില്ലെന്ന് എം.ബി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th February 2021, 2:46 pm

കൊച്ചി: കാലടി സര്‍വലാശാലയില്‍ നിനിതയ്ക്ക് ലഭിച്ച നിയമനം മൂന്ന് പേരുടെ വ്യക്തിപരമായ താത്പര്യത്തിലുണ്ടായ വിവാദമാണെന്ന് എം.ബി രാജേഷ്. വ്യക്തിതാത്പര്യം സംരിക്കാന്‍ ഈ മൂന്ന് പേര്‍ ഉപജാപം നടത്തിയെന്നും എം.ബി രാജേഷ് പറഞ്ഞു.

ഇന്റര്‍വ്യൂവിന് മുന്‍പ് തന്നെ നിനിതയെ അയോഗ്യയാക്കാന്‍ ശ്രമമുണ്ടായെന്നും നിനിതയോട് ജോലിയില്‍ നിന്ന് പിന്മാവാങ്ങാന്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും എം.ബി രാജേഷ് പറഞ്ഞു.

‘യഥാര്‍ത്ഥത്തില്‍ ഇത് മൂന്ന് പേരുടെ വ്യക്തിപരമായ താത്പര്യത്തില്‍ നിന്നുണ്ടായ വിഷയമാണ്. സ്വാഭാവികമായിട്ടും ഒരു പ്രശ്‌നം കയ്യില്‍ കിട്ടിയപ്പോള്‍ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് സമയത്ത് കിട്ടുന്നതെന്തും ഉപയോഗിക്കുക എന്നത് സ്വാഭാവികമാണ്. അതിലൊന്നും പറയുന്നില്ല. പക്ഷേ അതിനേക്കാള്‍ ഗൗരവമുള്ള പ്രശ്‌നം, വ്യക്തിതാത്പര്യത്തോടുകൂടി അത് സംരക്ഷിക്കാന്‍ വേണ്ടി ഞെട്ടിക്കുന്ന തരത്തില്‍ മൂന്ന് പേര്‍ ഉപജാപം നടത്തിയെന്നതാണ്.

ഇത് വെറുതെ പറയുന്നതല്ല. ഇന്റര്‍വ്യൂവിനെ സംബന്ധിച്ച് ബോര്‍ഡഗങ്ങളില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ആ പരാതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത് മനസിലാക്കാം. എന്നാല്‍ ആ പരാതി നിയമന ഉത്തരവ് കിട്ടുന്ന ഉദ്യോഗാര്‍ത്ഥിക്ക് അയച്ചുകൊടുത്ത് നിങ്ങള്‍ ഇതില്‍ നിന്നും പിന്‍മാറണമെന്നും ഇല്ലെങ്കില്‍ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുമെന്നും വലിയ തിരിച്ചടിയുണ്ടാകുമെന്നും മൂന്നാമതൊരാള്‍ മുഖേന പറയുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.

മൂന്ന് തലത്തിലുള്ള ഉപജാപമാണ് നടന്നത്. ഒന്ന് നിനിത ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരിക്കാന്‍, നിനിതയെ അയോഗ്യയാക്കാന്‍ ഉപജാപം നടന്നു. നിനിതയുടെ പി.എച്ച്.ഡി ഈ ജോലിക്ക് അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ലഭിച്ചതല്ല ആറ് മാസം മുന്‍പ് കിട്ടിയതാണ് എന്ന് കാലടി യൂണിവേഴ്‌സിറ്റിയില്‍ വിളിച്ച് പരാതിപ്പെട്ടു, യൂണിവേഴ്‌സിറ്റി അത് വെരിഫൈ ചെയ്തു. തുടര്‍ന്ന് 2018 ല്‍ ലഭിച്ചതാണെന്ന് ബോധ്യംവന്നു. 2019 ലാണ് നിനിത ജോലിക്ക് അപേക്ഷിക്കുന്നത്. നെറ്റ് 11 വര്‍ഷം മുന്‍പേ ഉണ്ട്.

രണ്ടാമത്തെ കാര്യം അത് പൊളിഞ്ഞപ്പോള്‍ അടുത്ത പരാതിയുമായി വന്നുവെന്നതാണ്. നിനിതയുടെ പി.എച്ച്.ഡിക്കെതിരെ പരാതിയുണ്ടെന്നായിരുന്നു ആരോപണം. അതുംപൊളിഞ്ഞു. ഇതോടെ ഇന്റര്‍വ്യൂവിന് മുന്‍പ് അയോഗ്യയാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്റര്‍വ്യൂവിലും ഈ ശ്രമം നടന്നുവെന്നാണ് ചിലരുടെ വെളിപ്പെടുത്തലില്‍ നിന്ന് മനസിലാകുന്നത്.

ഞങ്ങള്‍ കൂടിയാലോചിച്ച് ഒരാള്‍ക്ക് മാര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചു എന്നാണ് അവര്‍ പറഞ്ഞത്. അതെങ്ങനെയാണ് അങ്ങനെ കൂടിയാലോചിക്കാന്‍ പറ്റുക? അവര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ് കൂടിയാലോചന നടന്നു എന്നത്. അത് വിജയിക്കാതെ വന്നപ്പോള്‍ 31ാം തിയതി രാത്രി മൂന്ന് പേരും ഒരുമിച്ച് ഒപ്പിട്ട കത്ത് മൂന്നാമൊതൊരാള്‍ മുഖേന നിനിതയ്ക്ക് ലഭ്യമാക്കിക്കൊടുത്തു. എന്നിട്ട് സമ്മര്‍ദ്ദം ചെലുത്തി. പിന്‍വാങ്ങിയില്ലെങ്കില്‍ മാധ്യമങ്ങളില്‍ കൊടുക്കും വലിയ വാര്‍ത്തയാകും വലിയ പ്രശ്‌നമാകുമെന്ന്.

അന്ന് തന്നെ രാത്രി ഒരു മണിക്ക് കത്തിനെ കുറിച്ച് അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് നിനിത യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് ഇമെയില്‍ അയച്ചു. കത്ത് കിട്ടി രണ്ട് മണിക്കൂറിനകമാണ് മെയില്‍ അയക്കുന്നത്. 1,2,3 തിയതികളില്‍ ഒരു പരാതിയും പരസ്യമായി ഉന്നയിച്ചില്ല.

ജോയിന്‍ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമൊന്നും ഇല്ല, ജോയിന്‍ ചെയ്താല്‍ ഇത് വാര്‍ത്തയാക്കുമെന്ന് പറഞ്ഞപോലെ തന്നെ ചെയ്തു. 1,2 തിയതികളില്‍ ഇടനിലക്കാരനായ ഒരാള്‍ വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം കൂടി ഞാന്‍ പറയുന്നില്ല. ഒന്നോ രണ്ടോ തവണ അവര്‍ എന്നെ വിളിച്ചു. പിന്നെ എന്റെ സുഹൃത്തിനെ വിളിച്ചു.

3ാംതിയതി വൈകീട്ട് നിനിത ജോയിന്‍ ചെയ്തു. 4ാം തിയതി ആദ്യം പരസ്യമായി അവരുടെ പ്രതികരണം വരുന്നു. പിന്നീട് ഉണ്ടായത് നമുക്ക് അറിയാം. അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ ന്യായമായി ആ പരാതി കൊടുക്കാം. പക്ഷേ ആ പരാതി എന്തിനാണ് ഉദ്യോഗാര്‍ത്ഥിക്ക് എത്തിച്ചുകൊടുക്കുന്നത്.

അവരുമായി അടുത്ത ബന്ധമുള്ള ആള്‍ വഴിയാണ് ഇവര്‍ എത്തിച്ചു കൊടുത്തത്. എന്തായിരുന്നു അവരുടെ ഉദ്ദേശം. ഇതില്‍ നിന്നും പിന്‍മാറണം. ഇല്ലെങ്കില്‍ പരാതി പറഞ്ഞ് അവഹേളിക്കുമെന്നും അപമാനിക്കുമെന്നുമാണ് പറഞ്ഞത്. ആ സമ്മര്‍ദ്ദതന്ത്രത്തിന്, ഭീഷണിക്ക് കീഴടങ്ങണമായിരുന്നോ.

ജോലി കിട്ടിയപ്പോള്‍ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് എന്തുവേണമെന്ന് ആലോചിച്ച് തീരുമാനിക്കാന്‍ പ്രയാസമായിരുന്നു. പതുകെ ആലോചിക്കാമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ സമ്മര്‍ദ്ദം വന്നപ്പോള്‍ അതിന് വഴങ്ങില്ലെന്ന് തീരുമാനിച്ചു.

അവര്‍ക്ക് എന്നെയോ എനിക്ക് അവരെയോ അറിയില്ല. അവര്‍ക്ക് രാഷ്ട്രീയമുണ്ട്. അവര്‍ ഇടപെട്ടത് അവര്‍ക്ക് വേണ്ടപ്പെട്ട ഒരാളെ, നിനിത പിന്മാറിയാല്‍ ആര്‍ക്കാണ് ഗുണം കിട്ടുക എന്ന് നിങ്ങള്‍ നോക്കിയാല്‍ മതി. അയാള്‍ക്ക് വേണ്ടിയാണ് ചെയ്തത്.

അതിന് വേണ്ടി ഇന്റര്‍വ്യൂ ബോര്‍ഡിലെ ആളുകള്‍ ഇന്റര്‍വ്യൂ കഴിഞ്ഞ ശേഷം ഞങ്ങള്‍ പരാതി കൊടുക്കും എന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥിയെ സമീപിക്കുന്നത് കേട്ടുകേള്‍വിയുണ്ടോ.

80 പേരുടെ അപേക്ഷയില്‍ നിന്ന് അക്കാദമി യോഗ്യത പരിശോധിച്ച് തെരഞ്ഞെടുത്ത അഞ്ച് പേരില്‍ ഒരാളാണ് നിനിത. അക്കാര്യമെല്ലാം യൂണിവേഴ്‌സിറ്റി വിശദീകരിച്ചല്ലോ. അതില്‍ ഏതിലെങ്കിലും ഇവര്‍ മറുപടി പറഞ്ഞോ?

അവര്‍ ഉദ്ദേശിച്ച ഉദ്യോഗാര്‍ത്ഥി, ഒരു പ്രമുഖന്റെ കൂടെ ജോലി ചെയ്ത ആളാണ്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്ള ഒരാള്‍ എഴുതിക്കൊടുത്ത കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റുമായാണ് ആ ഉദ്യോഗാര്‍ത്ഥി എത്തിയത്. ഇന്റര്‍വ്യൂ ബോര്‍ഡിലുള്ള മൂന്ന് പേര്‍ക്കും ഈ ഉദ്യോഗാര്‍ത്ഥിയുമായി ബന്ധമുണ്ട്’, എം.ബി രാജേഷ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MB Rajesh On Ninithas Job Controversy