| Monday, 5th August 2019, 3:56 pm

കശ്മീരിനെ പറ്റി മിണ്ടിയാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയേക്കാം; യു.എ.പി.എ ഭേദഗതി ബില്ലും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും ആസൂത്രിതമെന്ന് എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് വളഞ്ഞതും ജനാധിപത്യവിരുദ്ധവുമായ മാര്‍ഗ്ഗമെന്ന് മുന്‍ എം.പി എം.ബി രാജേഷ്. ഭരണഘടനയിലെ 370-ാം വകുപ്പ്  ഗവര്‍ണറുടെ വിജ്ഞാപനത്തിലൂടെ റദ്ദാക്കാമെന്ന് പറയുന്നുണ്ടെങ്കിലും അതിന് നിയമസഭയുടെ ശുപാര്‍ശ വേണമെന്നും രാജേഷ് പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണറുടെ ശുപാര്‍ശ വാങ്ങി അതിനെ നിയമസഭയുടെ ശുപാര്‍ശയ്ക്ക് തുല്യമായി വ്യാഖ്യാനിക്കുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നും എം.ബി രാജേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഗവര്‍ണര്‍ കശ്മീരിലെ ജനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയല്ല. കശ്മീരിലെ ജനങ്ങളുടെ ഹിതത്തെ ഗവര്‍ണര്‍ പ്രതിനിധീകരിക്കുന്നില്ല. ഗവര്‍ണറുടെ ശുപാര്‍ശ എന്നുപറഞ്ഞാല്‍, അത് ബി.ജെ.പിയുടെ തന്നെ ശുപാര്‍ശ എന്നേ അര്‍ത്ഥമുള്ളു. അതുകൊണ്ടുതന്നെ ഇത് ഏറ്റവും ജനാധിപത്യവിരുദ്ധമായ നടപടിയാണ്. അങ്ങേയറ്റം വളഞ്ഞ വഴിയിലൂടെയാണ് ഇത് കൊണ്ടുവന്നിട്ടുള്ളത്. ഭരണഘടനാഭേദഗതിയിലൂടെ കൊണ്ടുവരണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഇപ്പോഴത്തെ സ്ഥിതിയില്‍ ഭൂരിപക്ഷമടക്കം ബി.ജെ.പി.ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുമല്ലോ.’- എം.ബി രാജേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ജനാധിപത്യത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും ഭരണഘടനയ്ക്ക് തന്നെയും ഈ സര്‍ക്കാര്‍ പുല്ലുവിലയാണ് കല്‍പിക്കുന്നത് എന്നതിന് തെളിവാണ് പാര്‍ലമെന്റിനെ മറികടന്ന് ഗവര്‍ണറുടെ വിജ്ഞാപനത്തിലൂടെ കൈക്കൊണ്ട ഈ നടപടി. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമായിരിക്കും. ആ പ്രത്യാഘാതങ്ങളൊന്നും കണക്കിലെടുക്കാത്ത, രാജ്യതാല്‍പര്യംപോലും പരിഗണിക്കാത്ത നടപടിയാണിത്. ഇത് സഹായിക്കുന്നത് കശ്മീരിലെ ഇന്ത്യാവിരുദ്ധ ശക്തികളെ മാത്രമാണ്’- എം.ബി രാജേഷ് പറഞ്ഞു.

‘യു.എ.പി.എ ബില്ല് ഭേദഗതിയുടെ പിന്നാലെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. ഇത് യാദൃശ്ചികമൊന്നുമല്ല, ആസൂത്രിതം തന്നെയാണ്. കാരണം വലിയ എതിര്‍പ്പുവരുമെന്ന് അവര്‍ക്കറിയാം. എതിര്‍ക്കുന്നവരെയെല്ലാം രാജ്യദ്രോഹികളെന്ന് മുദ്രകുത്തി യു.എ.പി.എ ചുമത്താനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല’.

കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സമീപനമല്ല തുടക്കം മുതല്‍ത്തന്നെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും എം.ബി രാജേഷ് അഭിപ്രായപ്പെട്ടു. ‘ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് കശ്മീരില്‍ സ്ഥിതിഗതികള്‍ വഷളായപ്പോള്‍ പാര്‍ലമെന്റ് ഇക്കാര്യം ചര്‍ച്ച ചെയ്തതാണ്. അതിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വകക്ഷി സംഘത്തെ അയക്കാന്‍ തീരുമാനിച്ചു. ആ സര്‍വ്വകക്ഷി സംഘം എല്ലാവരുമായി ചര്‍ച്ച ചെയ്ത് രാഷ്ട്രീയമായ പ്രശ്നപരിഹാരത്തിന് ശ്രമിക്കുക എന്നതായിരുന്നു തീരുമാനം. പക്ഷേ, അത് കേന്ദ്രസര്‍ക്കാര്‍തന്നെ അട്ടിമറിച്ചു’.

‘ജനങ്ങളെ വിശ്വാസത്തിലെടുത്ത് കശ്മീര്‍ പ്രശ്നം രാഷ്ട്രീയമായി പരിഹരിക്കുന്നതിന് പകരം ആയിരക്കണക്കിന് സൈനികരെ വിന്യസിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പ്രതിപക്ഷ നേതാക്കളെയെല്ലാം നാടകീയമായി അര്‍ദ്ധരാത്രി വീട്ടുതടങ്കലിലാക്കി, വാര്‍ത്താവിനിമയവും ഇന്റര്‍നെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിച്ച് ഗവര്‍ണറുടെ ശുപാര്‍ശ സംഘടിപ്പിച്ചെടുത്ത് നടത്തിയത് സ്വേച്ഛാധിപത്യ പ്രയോഗമാണ്. ഭീകരരും തീവ്രവാദികളും ആഗ്രഹിക്കുന്നത് ഇപ്പോള്‍ സര്‍ക്കാര്‍ നിറവേറ്റിക്കൊടുത്തിരിക്കുകയാണ്.

ജനാധിപത്യ ശക്തികളുടെയെല്ലാം യോജിച്ച ചെറുത്തുനില്‍പ്പ് ഇക്കാര്യത്തില്‍ ഉയര്‍ന്നുവരേണ്ടതാണെന്നും എം.ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more