തിരുവനന്തപുരം: ജമ്മുകശ്മീര്‍ വിഷയത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ ഓരോന്നായി നിരത്തി മറുപടിയുമായി സി.പി.ഐ.എം നേതാവും മുന്‍ എം.പിയുമായ എം.ബി രാജേഷ്. ദേശാഭിമാനിയിലൂടെ ‘ജമ്മു കശ്മീരും സംഘപരിവാര്‍ നുണകളും’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലൂടെയാണ് രാജേഷ് സംഘപരിവാര്‍ ന്യായീകരണങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടുന്നത്.
അനുച്ഛേദം 370 ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വാര്‍ഥതാല്‍പ്പര്യാര്‍ഥം ഭരണഘടനയിലേക്ക് ഒളിച്ചുകടത്തിയതാണെന്നും സര്‍ദാര്‍ പട്ടേല്‍ 370 അനുവദിക്കുന്നതിന് ശക്തമായി എതിര്‍ത്തിരുന്നുവെന്നുവെന്നതാണ് സംഘപരിവാര്‍ പ്രചരണങ്ങളിലൊന്ന്. ‘ജമ്മു കശ്മീരിന് പ്രത്യേകപദവി അനുവദിക്കുന്നതു സംബന്ധിച്ച് കൂടിയാലോചനകളുടെ തുടക്കംതന്നെ 1949 മെയ് 15, 16 തീയതികളില്‍ സര്‍ദാര്‍ പട്ടേലിന്റെ ഔദ്യോഗിക വസതിയിലായിരുന്നു. ചര്‍ച്ചകളില്‍ ഇന്ത്യാ യൂണിയന്‍ സംഘത്തില്‍ നെഹ്‌റുവും പട്ടേലും കശ്മീരിസംഘത്തില്‍ ഷേഖ് അബ്ദുള്ളയും മിര്‍സാ അഫ്‌സല്‍ ബേഗുമായിരുന്നു. അഞ്ചുമാസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒക്‌ടോബര്‍ 17ന് ഭരണഘടനാ അസംബ്ലി കശ്മീരിനുള്ള പ്രത്യേകപദവി സംബന്ധിച്ച വ്യവസ്ഥ അംഗീകരിക്കുമ്പോള്‍ നെഹ്‌റു അമേരിക്കയിലായിരുന്നു. പ്രസ്തുത ഭരണഘടനാ വ്യവസ്ഥയുടെ ഉള്ളടക്കത്തില്‍ അന്തിമമായ തിരുത്തലുകള്‍ വരുത്തിയത് താനും ഗോപാലസ്വാമി അയ്യങ്കാറും ചേര്‍ന്നാണെന്ന് സര്‍ദാര്‍ പട്ടേല്‍തന്നെ 1949 ഒക്‌ടോബര്‍ 16ലേയും നവംബര്‍ മൂന്നിലേയും കത്തുകളില്‍ പറയുന്നുണ്ട്.’ ഇക്കാര്യം വിശദീകരിച്ചുകൊണ്ടാണ് എം.ബി രാജേഷ് സംഘപരിവാറിന്റെ ഈ പ്രചരണം തള്ളുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീരിനുമാത്രം പ്രത്യേകപദവിയും ഭരണഘടനയും പതാകയും അനുവദിക്കുന്നതിന് ന്യായമെന്തെന്ന് സംഘപരിവാറിന്റെ ചോദ്യത്തിനും എം.ബി രാജേഷ് മറുപടി നല്‍കുന്നുണ്ട്. ‘ ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 371 മുതല്‍ 371 ജെ വരെ മഹാരാഷ്ട്ര, ഗുജറാത്ത്, നാഗാലാന്‍ഡ്, അസാം, മണിപ്പൂര്‍, ആന്ധ്രപ്രദേശ്, സിക്കിം, മിസോറം, അരുണാചല്‍പ്രദേശ്, ഗോവ, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകപദവി അനുവദിക്കുന്നുവെന്ന സത്യം മറച്ചുവച്ചിട്ടാണ് കശ്മീരിനെമാത്രം ആര്‍.എസ്.എസ് ലക്ഷ്യംവയ്ക്കുന്നത്. നാഗാലാന്‍ഡിലെ വിഘടനവാദികളുമായി 2015ല്‍ മോദിയുടെ സാന്നിധ്യത്തില്‍ ഒപ്പിട്ട രഹസ്യകരാര്‍ അനുസരിച്ച് നാഗാലാന്‍ഡിന് പ്രത്യേകം ഭരണഘടനയും പതാകയും പാസ്‌പോര്‍ട്ടുംവരെ ബി.ജെ.പി സര്‍ക്കാര്‍ സമ്മതിച്ചതായി ഇംഫല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇംഫല്‍ ടൈംസിനെ ഉദ്ധരിച്ച് മറ്റ് ചില ദേശീയപത്രങ്ങളും ഈ വാര്‍ത്ത നല്‍കിയിരുന്നുവെങ്കിലും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ആ വാര്‍ത്ത നിഷേധിക്കുകയോ കരാറിന്റെ ഉള്ളടക്കം സംബന്ധിച്ച് എന്തെങ്കിലും വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ല. മാത്രമല്ല, ഈ ആഗസ്ത് 14ന് നാഗാകലാപകാരികളുടെ നേതൃത്വത്തില്‍ നാഗാലാന്‍ഡിലാകെ നാഗാസ്വതന്ത്രദിനം തങ്ങളുടെ പ്രത്യേക പതാക ഉയര്‍ത്തിയും നാഗാ ദേശീയഗാനമാലപിച്ചും വന്‍ജനപങ്കാളിത്തത്തോടെ ആഘോഷിച്ചിരുന്നു. ഇതിന്റെ വാര്‍ത്തകള്‍ ദേശീയപത്രങ്ങളാകെ പ്രാധാന്യത്തോടെ നല്‍കിയിട്ടും കേന്ദ്രസര്‍ക്കാര്‍ അനങ്ങിയില്ല.’
കശ്മീരിന്റെ ഭരണഘടനാ അസംബ്ലി 1956ല്‍ അംഗീകരിച്ച കശ്മീര്‍ ഭരണഘടന, വേറിട്ടുപോകല്‍ വാദത്തിന് പ്രോത്സാഹനമാകുന്നുവെന്നാണ് സംഘപരിവാറിന്റെ വേറൊരു ആരോപണം. കശ്മീര്‍ ഭരണഘടനയുടെ അനുച്ഛേദം 3, കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുവെന്ന സത്യം ഇവര്‍ മറച്ചുവയ്ക്കുകയാണെന്നും എം.ബി രാജേഷ് ചൂണ്ടിക്കാട്ടുന്നു.
കശ്മീരില്‍ തീവ്രവാദം വളര്‍ന്നത് അനുച്ഛേദം 370 കാരണമാണെന്ന സംഘപരിവാര്‍ ആരോപണങ്ങളിലെ പൊള്ളത്തരവും എം.ബി രാജേഷ് തുറന്നുകാട്ടുന്നു. പ്രത്യേകപദവി 1949ല്‍ നിലവില്‍ വന്നെങ്കിലും എണ്‍പതുകളുടെ മധ്യംവരെ കശ്മീരില്‍ തീവ്രവാദം ഉണ്ടായിരുന്നില്ല. കശ്മീര്‍ ഇന്ത്യയുടെ ഭാഗമായശേഷം തീവ്രവാദം വളര്‍ന്നുവന്ന എണ്‍പതുകളുടെ രണ്ടാംപകുതിവരെ ജനങ്ങള്‍ പൊതുവില്‍ ഐക്യത്തിലും സമാധാനത്തിലുമാണ് ജീവിച്ചുവന്നത്. സ്വാതന്ത്ര്യത്തിന്റെയും വിഭജനത്തിന്റെയും ഘട്ടത്തില്‍ രാജ്യവ്യാപകമായി വര്‍ഗീയകലാപങ്ങള്‍ ആളിക്കത്തിയപ്പോള്‍ കശ്മീര്‍ താഴ്‌വരയില്‍ ഒരൊറ്റ കലാപം പോലുമുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആര്‍.എസ്.എസിന്റെ കൂട്ടാളികളായിരുന്ന പ്രജാപരിഷത്തിന്റെ സ്വാധീന മേഖലമായ ജമ്മുവില്‍ ഭീകരമായ വര്‍ഗീയകലാപങ്ങളുണ്ടായി. അനുച്ഛേദം 370 വാഗ്ദാനംചെയ്ത സ്വയംഭരണവും പ്രത്യേകപദവിയും തുടര്‍ച്ചയായി അപഹരിക്കപ്പെട്ടതും ജനാധിപത്യ ധ്വംസനങ്ങള്‍ തുടര്‍ക്കഥയായതും സൃഷ്ടിച്ച ആഴത്തിലുള്ള അസംതൃപ്തിയാണ് എണ്‍പതുകളുടെ അവസാനമായപ്പോഴേക്കും തീവ്രവാദത്തിന് വളക്കുറുള്ള മണ്ണാക്കി കശ്മീരിനെ മാറ്റിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
കശ്മീരില്‍ മാത്രമല്ല, എണ്‍പതുകളില്‍ പഞ്ചാബിലും അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം തീവ്രവാദം ശക്തിപ്പെട്ടത് കാണാതെ കശ്മീരില്‍മാത്രം അനുച്ഛേദം 370 മൂലം തീവ്രവാദം വളര്‍ന്നുവെന്നു പറയുന്നത് അസംബന്ധമാണെന്നും രാജേഷ് പറയുന്നു.
‘കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയെക്കുറിച്ച് എല്ലാവരും മൗനം പുലര്‍ത്തുന്നുവെന്ന മുറവിളിയാണ് സംഘി പ്രചാരണത്തിലെ തുറുപ്പുചീട്ട്. പ്രത്യേകപദവി നിലവില്‍വന്ന് ഏതാണ്ട് നാലു പതിറ്റാണ്ടിനുശേഷം തൊണ്ണുറുകളിലാണ് പണ്ഡിറ്റുകളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളുടെ ഫലമായി അവര്‍ കൂട്ടപലായനം നടത്തുന്നത്.’ കശ്മീരി പണ്ഡിറ്റുകള്‍ക്ക് പലായനം ചെയ്യേണ്ടിവന്നത് പ്രത്യേകപദവിയുടെ ഫലമായിട്ടാണെന്ന സംഘപരിവാര്‍ പ്രചരണത്തെ എതിര്‍ത്തുകൊണ്ട് എം.ബി രാജേഷ് കുറിക്കുന്നു.
പ്രത്യേകപദവി എടുത്തുകളയുന്നത് കശ്മീരിന്റെ വികസനം ഉറപ്പാക്കാനാണെന്ന സംഘപരിവാര്‍ പ്രചരണത്തെ കശ്മീരിലുണ്ടായ വികസനങ്ങള്‍ സംബന്ധിച്ച സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ എടുത്തുപറഞ്ഞാണ് എം.ബി രാജേഷ് പൊളിക്കുന്നത്. ‘2018 ലെ കേന്ദ്രസര്‍ക്കാറിന്റെ ഇക്കണോമിക് സര്‍വേ അനുസരിച്ച് യു.എന്‍.ഡി.പി ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ മാനവവികസന സൂചിക തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവയാണ് ഏറ്റവും താഴെ നില്‍ക്കുന്നത്. അവിഭക്ത ജമ്മു കശ്മീര്‍ 11ാം സ്ഥാനത്താണ്. 14ാം റാങ്കിലുള്ള മോദി-ഷാമാരുടെ സ്വന്തം വൈബ്രന്റ് ഗുജറാത്തിനും മുന്നില്‍! നിതി ആയോഗിന്റെ സുസ്ഥിരവികസന ലക്ഷ്യ സൂചികയനുസരിച്ചും (എസ്.ഡി.ജി ഇന്‍ഡക്‌സ്) ഉത്തര്‍പ്രദേശിനും ബിഹാറിനും മുന്നിലാണ് അവിഭക്ത ജമ്മു കശ്മീര്‍. ദേശീയ കുടുംബാരോഗ്യ സര്‍വേ 2015-16 അനുസരിച്ച് കശ്മീരിലെ നവജാത ശിശുക്കളുടെയും അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെയും മരണനിരക്ക് ആയിരത്തിന് യഥാക്രമം 32 ഉം 38ഉം ആണെങ്കില്‍ ഗുജറാത്തില്‍ ഇത് 34ഉം 43ഉം ആണ്. വീടുകളുടെ വൈദ്യുതീകരണം, ശൗചാലയങ്ങള്‍, ഗ്രാമീണ റോഡ് സൗകര്യങ്ങള്‍ എന്നിവയിലെല്ലാം ജമ്മു കശ്മീര്‍ ഭേദപ്പെട്ട നിലയിലാണെന്ന് കണക്കുകള്‍ കാണിക്കുന്നു. പലതിലും ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ മുന്നിലുമാണ്.’ അദ്ദേഹം വിശദീകരിക്കുന്നു.