വിലക്കെടുക്കലിന്റേയും വേട്ടയാടലിന്റേയും മദ്ധ്യേയുള്ള അസംബന്ധ നാടകമാണിന്ന് ഇന്ത്യന്‍ ജനാധിപത്യം. ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഫാസിസ്റ്റ് ശക്തികള്‍ കണ്ടെത്തിയ ലളിതമായ പരിഹാരം, ഒന്നുകില്‍ വിലക്കെടുത്ത് വശത്താക്കുക അല്ലെങ്കില്‍ വേട്ടയാടി നിശ്ശബ്ദരാക്കുക. വേട്ടയാടല്‍ തെറി കൊണ്ടാവാം, തോക്കു കൊണ്ടാവാം ചിലപ്പോള്‍ നിയമം കൊണ്ടുമാവാം. തങ്ങളുടെ അധികാരവും അതിനോടുള്ള വിനീതവിധേയത്വവുമല്ലാതെ വേറൊരു ചിന്തയും സ്വരവും പൊറുപ്പിക്കില്ല. അത്ര തന്നെ.
കോടികളുടെ കോഴ, ചാര്‍ട്ടേഡ് വിമാനത്തിലെ എം.എല്‍.എ.കടത്ത്, പഞ്ചനക്ഷത്ര ഹോട്ടലിലെ ഒളിവുജീവിതം എന്നീ രംഗങ്ങളിലൂടെ കര്‍ണാടകയില്‍ ബി.ജെ.പി.അധികാരത്തിലേക്ക് വഴി തെളിച്ചിരിക്കുന്നു. ഗോവയിലെ അവശേഷിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.ഏ.മാരും കാവിപ്പാളയത്തിലെത്തിക്കഴിഞ്ഞു. അടുത്ത ലക്ഷ്യങ്ങള്‍ മദ്ധ്യപ്രദേശും രാജസ്ഥാനുമത്രേ. എം.എല്‍.എ.മാരെ വിലക്കെടുക്കുന്നതിന് പണ്ട് കൂറുമാറ്റം, കുതിരക്കച്ചവടം എന്നൊക്കെ പേര്. ഇന്നത് ഓപ്പറേഷന്‍ ലോട്ടസ് എന്ന് ലെജിറ്റിമൈസ് ചെയ്യപ്പെടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റശേഷം അര്‍ദ്ധരാത്രി പ്രത്യേക വിമാനത്തില്‍ ഗോവയില്‍ പറന്നിറങ്ങി പുലര്‍ച്ചെ അഞ്ചരയാകുമ്പോഴേക്കും ഭൂരിപക്ഷം സംഘടിപ്പിച്ച നിതിന്‍ ഗഡ്കരിയുടെ ഉപജാപത്തിന് മിഡ്‌നൈറ്റ് ഓപ്പറേഷന്‍ എന്നായിരുന്നു മാധ്യമ വിശേഷണം. എങ്ങിനേയും അധികാരം കയ്യടക്കുകയും എന്തും വിലക്കെടുക്കുകയും ചെയ്യുന്നത് നേതൃത്വ മികവും തന്ത്രജ്ഞതയുമായി വാഴ്ത്തപ്പെടുന്നു. ഒരു തത്വദീക്ഷയുമില്ലാത്ത, ധാര്‍മ്മികത എന്നത് കേള്‍ക്കുമ്പോഴേ മനംപുരട്ടല്‍ അനുഭവപ്പെടുന്ന, അമിത് ഷാ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹാതന്ത്രജ്ഞന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു ഈ സത്യാനന്തര കാലത്ത്!
വിലക്കെടുക്കാന്‍ കഴിയാതെ വന്ന സഞ്ജീവ് ഭട്ട് ഇനി വെളിച്ചം കാണുമോ? ഇന്ദിരാ ജെയ്‌സിങ്ങിന്റെ കതകില്‍ അര്‍ദ്ധരാത്രി സി.ബി.ഐ മുട്ടുന്നത് വഴങ്ങാത്തവര്‍ക്കെല്ലാമുള്ള സന്ദേശമാണ്. കല്‍ബുര്‍ഗ്ഗി, പന്‍സാരെ, ഗൗരി ലങ്കേഷുമാരുടെ മാറിടം ലക്ഷ്യമാക്കി വന്ന വെടിയുണ്ട പോലെ. ഗാന്ധിജിയെ തള്ളി ഗോഡ്‌സേയെ വാഴ്ത്തിയതിന് ശാസിക്കാതിരുന്ന പ്രജ്ഞാ സിങ്ങ് ഠാക്കൂര്‍ എന്ന ഭീകരാക്രമണ കേസ് പ്രതിയായ എം.പിയെ കക്കൂസിന്റെ പേരില്‍ ശാസിച്ചതിലും ഒരു സന്ദേശമുണ്ട്!