മനോരമയും കെ.എസ്.യുവില്‍ നിന്നൊട്ടും വളര്‍ന്നിട്ടില്ലാത്ത എം.എല്‍.എയും ലൈക്കെണ്ണി പുളകം കൊള്ളുന്നു; വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് മറുപടിയുമായി എം.ബി രാജേഷ്
Social Media
മനോരമയും കെ.എസ്.യുവില്‍ നിന്നൊട്ടും വളര്‍ന്നിട്ടില്ലാത്ത എം.എല്‍.എയും ലൈക്കെണ്ണി പുളകം കൊള്ളുന്നു; വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് മറുപടിയുമായി എം.ബി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd February 2019, 9:15 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിയോജന കുറിപ്പ് എഴുതിയ വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് മറുപടിയുമായി എം.ബി രാജേഷ് എം.പി. “വ്യത്യസ്തനാമൊരു കോണ്‍ഗ്രസുകാരന്‍” എന്ന ഇമേജുണ്ടാക്കാനുള്ള പ്രച്ഛന്ന വേഷമാടുന്നതിനിടയില്‍ എം.എല്‍.എയുടെ തനിനിറം പലപ്പോഴും പുറത്തുചാടുമെന്ന് എം.ബി രാജേഷ് പറഞ്ഞു.

മലയാളത്തിലെ എഴുത്തുകാര്‍ സി.പി.ഐ.എമ്മിനെ വിമര്‍ശിച്ചിട്ടില്ലെന്ന്! കെജി ശങ്കരപ്പിള്ളയും സച്ചിദാനന്ദനും സാറാജോസഫും ചുള്ളിക്കാടുമെല്ലാം സി.പി.ഐ.എമ്മിനെ വിമര്‍ശിച്ചെഴുതിയതെങ്കിലും ഇയാള്‍ വായിച്ചിട്ടില്ലേയെന്ന് രാജേഷ് ചോദിച്ചു.

Also Read  പാക്കിസ്ഥാന്‍ യുദ്ധത്തിന് ഒരുക്കമാണെങ്കില്‍ ഇന്ത്യയ്ക്കാണോ ബുദ്ധിമുട്ട്; പാക്കിസ്ഥാനുമായി യുദ്ധത്തിന് തയ്യാറെന്ന് രാജ്‌നാഥ് സിങ്

ഫേസ്ബുക്കിലൂടെയായിരുന്നു രാജേഷിന്റെ പ്രതികരണം. മനോരമയും കെ.എസ്.യുവില്‍ നിന്നൊട്ടും വളര്‍ന്നിട്ടില്ലാത്ത എം.എല്‍.എയും ലൈക്കെണ്ണി പുളകം കൊള്ളുകയാണെന്നും രാജേഷ് എഫ്.ബിയില്‍ കുറിച്ചു.

മഹാനായ ഏ.കെ.ജിയെ അവഹേളിച്ചപ്പോഴും വനിതയായ കൃഷി ഓഫീസര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയപ്പോഴുമെല്ലാം പരിഷ്‌കൃത മുഖംമൂടിക്കുള്ളില്‍ ഒളിപ്പിച്ചുവച്ച കെഎസ്യു നിലവാരം പുറത്തു ചാടിയിരുന്നു. ഇപ്പോള്‍ എഴുത്തുകാരെയെല്ലാം സാംസ്‌ക്കാരിക ക്രിമിനലുകളെന്ന് അധിക്ഷേപിക്കുന്നതും ആ കെ.എസ്.യുവില്‍ നിലവാരത്തില്‍ നിന്നാണ്. എന്നും എം.ബി രാജേഷ് പറഞ്ഞു.

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ പ്രതികരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ബല്‍റാം മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്തത്.

എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

മനോരമയും കെ.എസ്.യു.വില്‍ നിന്നൊട്ടും വളര്‍ന്നിട്ടില്ലാത്ത എം.എല്‍.എ.യും ലൈക്കെണ്ണി പുളകം കൊള്ളുകയാണ്. “വ്യത്യസ്തനാമൊരു കോണ്‍ഗ്രസുകാരന്‍” എന്ന ഇമേജുണ്ടാക്കാനുള്ള പ്രച്ഛന്ന വേഷമാടുന്നതിനിടയില്‍ എം.എല്‍.എ.യുടെ തനിനിറം പലപ്പോഴും പുറത്തുചാടും. മഹാനായ ഏ.കെ.ജി.യെ അവഹേളിച്ചപ്പോഴും വനിതയായ കൃഷി ഓഫീസര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയപ്പോഴുമെല്ലാം പരിഷ്‌കൃത മുഖംമൂടിക്കുള്ളില്‍ ഒളിപ്പിച്ചുവച്ച കെ.എസ്.യു. നിലവാരം പുറത്തു ചാടിയിരുന്നു. ഇപ്പോള്‍ എഴുത്തുകാരെയെല്ലാം സാംസ്‌ക്കാരിക ക്രിമിനലുകളെന്ന് അധിക്ഷേപിക്കുന്നതും ആ കെ.എസ്.യു. നിലവാരത്തില്‍ നിന്നാണ്. മലയാളത്തിലെ എഴുത്തുകാരൊന്നും സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ലത്രേ. ഈ വാദത്തിന്റെ പാറ്റന്റ് സംഘപരിവാറിനാണ്. എഴുത്തുകാരെയും ബുദ്ധിജീവികളെയും ഭര്‍ത്സിക്കലും സംഘപരിവാര്‍ ഹോബിയാണ്. അത് ഈ ” വ്യത്യസ്തനാം കോണ്‍ഗ്രസു” കാരന്റെയും ഇഷ്ടവിനോദമത്രേ. മലയാളത്തിലെ എഴുത്തുകാര്‍ സി.പി.എം.നെ വിമര്‍ശിച്ചിട്ടില്ലെന്ന്! കെ.ജി. ശങ്കരപ്പിള്ളയും സച്ചിദാനന്ദനും സാറാജോസഫും ചുള്ളിക്കാടുമെല്ലാം സി.പി.എം. നെ വിമര്‍ശിച്ചെഴുതിയതെങ്കിലും ഇയാള്‍ വായിച്ചിട്ടില്ലേ? അരുന്ധതി റോയ് ഇ.എം.എസിനെക്കുറിച്ച് അടിസ്ഥാന രഹിതമായും വസ്തുതാ വിരുദ്ധമായും എഴുതിയിട്ടും ആരും അവരെ ക്രിമിനലെന്ന് വിളിച്ചില്ല. ഒരു അക്കാദമിയും ആക്രമിച്ചില്ല. (സക്കറിയക്കു നേരെ ഒറ്റപ്പെട്ട ആക്രമണമുണ്ടായപ്പോള്‍ അത് തള്ളിപ്പറയുകയും അദ്ദേഹത്തെ നേരിട്ട് വിളിച്ച് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നവരുടെ കൂട്ടത്തില്‍ ന്ന് ഡി.വൈ.എഫ്.ഐ. പ്രസിഡന്റായിരുന്ന ഞാനുമുണ്ടായിരുന്നു) .സി.പി.എം.നെയും ഇവരൊക്കെ വിമര്‍ശിച്ചിട്ടുണ്ടെന്നറിയാന്‍ വിമര്‍ശിച്ചെഴുതിയതെങ്കിലുമൊന്ന് വായിക്കണം. “നെഹ്രുവിനുശേഷം ഞങ്ങളുടെ പാര്‍ട്ടിയിലാരും പുസ്തകം വായിച്ചിട്ടില്ല” എന്ന കോണ്‍ഗ്രസ്‌കാരനായസുഹൃത്തിന്റെ തമാശയുടെ പൊരുള്‍ ഇപ്പോഴാണ് പിടികിട്ടിയത്. പുസ്തകം കത്തിച്ചാണ് കെ.എസ്.യു കാലം മുതല്‍ പരിശീലനം. ഗോദാവരി പരുലേക്കറുടെ “മനുഷ്യനുണരുമ്പോള്‍” ഇ.എം.എസിന്റെ “ഇന്ത്യന്‍ സ്വതന്ത്ര്യസമര ചരിത്രം” എന്നിവയൊക്കെ കത്തിച്ച് വളര്‍ന്നു വന്നതല്ലേ. ചാര്‍ച്ച പോലെ തന്നെ ചേര്‍ച്ചയും പരിവാരത്തിന്റെ രീതികളുമായിട്ടാണ്. കെ.എസ്.യു.വിന്റെ അക്ഷരവിരോധമെന്ന ജനിതകത്തകരാറാണ് എഴുത്തുകാരൊക്കെ ക്രിമിനലുകളാണെന്ന് തോന്നാന്‍ കാരണം. തോന്നല്‍ മൂത്തുകഴിഞ്ഞാല്‍ സംഘപരിവാരം വന്ന് കയ്യിലൊരു ചരടും ബന്ധിച്ച് ടിയാനെ കൂട്ടിയങ്ങു കൊണ്ടുപോയിക്കൊള്ളും.