Kerala News
ന്യായീകരണവാലകളെ വിശ്രമിക്കാന്‍ അഹമ്മദാബാദിലേക്കോ യു. പിയിലേക്കോ അയക്കാം, ജീവന്‍ ബാക്കിയുണ്ടെങ്കില്‍ തിരിച്ചുവരും; പരിഹാസവുമായി എം. ബി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 26, 05:59 am
Monday, 26th April 2021, 11:29 am

പാലക്കാട്: ഓക്‌സിജന്‍ ഉത്പാദനം കൂട്ടാന്‍ പാര്‍ലമെന്ററി കാര്യസമിതി നേരത്തെ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന വാര്‍ത്തയില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സി.പി.ഐ.എം നേതാവ് എം. ബി രാജേഷ്. നവംബറില്‍ തന്നെ പാര്‍ലമെന്ററി കാര്യസമിതി കിടക്കകളുടേയും വെന്റിലേറ്ററുകളുടേയും കുറവ്, പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപം കൂട്ടേണ്ടതിന്റെ അടിയന്തിരാവശ്യം എന്നിവയെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് രാജേഷ് വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം പി. എം കെയേഴ്‌സ് ഫണ്ടുപയോഗിച്ച് ഓക്‌സിജന്‍ 551 പ്ലാന്റുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമമേ ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് ചില ‘വിടുവായന്മാര്‍’ എന്നും രാജേഷ് പറഞ്ഞു.

ന്യായീകരിച്ചു തളര്‍ന്ന ഇവരെ അഹമ്മദാബാദിലേക്കോ യു. പിയിലേക്കോ അയക്കാമെന്നും ശ്വാസം ബാക്കിയുണ്ടെങ്കില്‍ തിരിച്ചുവരട്ടെയെന്നും രാജേഷ് പരിഹസിച്ചു.

കഴിഞ്ഞ ദിവസം രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നാണ് ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്.

ഓക്സിജന്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളുടെ കുറവാണ് രാജ്യത്തുള്ളത്. ഇക്കാര്യം ആരോഗ്യ വിദഗദ്ധര്‍ വരെ പറയുന്ന കാര്യമാണ്. ഇന്ത്യയില്‍ വ്യവസായിക ആവശ്യത്തിനുള്ള ഓക്സിജനാണെങ്കിലും മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്സിജന്റെ ലഭ്യതയാണെങ്കിലും ആവശ്യത്തിലധികമുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

വിടുവായന്‍മാര്‍ കാണുന്നുണ്ടോ?
ഇന്നത്തെ മാതൃഭൂമിയുടെ ഒന്നാം പേജിലെ രണ്ട് വാര്‍ത്തകള്‍.

1. ഓക്‌സിജന്‍ ഉത്പ്പാദനം കൂട്ടാന്‍ പാര്‍ലിമെന്ററി സമിതി നവംബറില്‍ തന്നെ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. കിടക്കകളുടേയും വെന്റിലേറ്ററുകളുടേയും കുറവ്, പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപം കൂട്ടേണ്ടതിന്റെ അടിയന്തിരാവശ്യം എന്നിവയെക്കുറിച്ചും സമിതി മുന്നറിയിപ്പ് നല്‍കി. അഞ്ചു മാസം താടി നീട്ടിയതല്ലാതെ വേറൊന്നും കൂട്ടിയില്ല.( ക്ഷമിക്കണം ഇന്ധന വിലയും കൂട്ടിയിട്ടുണ്ട്.)

2. പി. എം കെയേഴ്‌സ് ഫണ്ടുപയോഗിച്ച് 551 പ്ലാന്റുകള്‍ ആരംഭിക്കാന്‍ ഇന്നലെ മോദി ഉത്തരവിട്ടു എന്ന്. ആയിരങ്ങള്‍ പ്രാണവായു കിട്ടാതെ മരിച്ച ശേഷം. അപ്പോള്‍ പണമുണ്ടായിട്ടും നവംബറില്‍ തന്നെ പാര്‍ലിമെന്ററി സമിതി പറഞ്ഞിട്ടും താടീ വാല അനങ്ങിയില്ല. പൂനാവാലക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കാത്തിരിക്കുകയായിരുന്നു. ന്യായീകരണവാലകള്‍ നാവിട്ടലക്കുകയായിരുന്നു.

3.80 ടണ്‍ ഓക്‌സിജന്‍ സൗദി ഇന്ത്യക്ക് സൗജന്യമായി നല്‍കുമെന്ന വാര്‍ത്ത കൂടിയുണ്ട്.
പക്ഷേ ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമമേ ഉണ്ടായിട്ടില്ലെന്ന് വാദിച്ചു വലയുന്നു ചില വിടുവായന്‍മാര്‍. ന്യായീകരണ യജ്ഞത്തില്‍ പങ്കെടുത്തു തളര്‍ന്ന ആ വിടുവായന്‍മാരെ ഒന്ന് വിശ്രമിക്കാന്‍ അയക്കണം. അന്തമാനിലേക്കല്ല.അഹമ്മദാബാദിലേയ്ക്ക്. അല്ലെങ്കില്‍ യോഗിയുടെ യു.പി.യിലേക്ക്. ശ്വാസം ബാക്കിയുണ്ടെങ്കില്‍ തിരിച്ചു വന്ന് യജ്ഞം തുടരട്ടെ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MB Rajesh mocks central government on oxygen crisis