തിരുവനന്തപുരം: കളഞ്ഞുകിട്ടിയ സ്വര്‍ണ്ണം ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ച പരുതൂരിലെ കുരുന്നുകള്‍ക്ക് വീടൊരുങ്ങുന്നു. തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷാണ് ഇക്കാര്യം അറിയിച്ചത്. സ്വര്‍ണ്ണം ഉടമസ്ഥനെ തിരികെയേല്‍പ്പിച്ച അഭിഷേകിനും ശ്രീനന്ദയ്ക്കും വീടൊരുങ്ങുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അറിയിച്ചത്.
ഒരു ഫേസ്ബുക്ക് പോസ്റ്റിന് ജീവിതങ്ങള്‍ മാറ്റിമറിക്കാനാവുമോ എന്ന ചോദ്യത്തോടെയാണ് മന്ത്രി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അഭിഷേകിനെയും ശ്രീനന്ദയെയും വീട്ടിലെത്തി സന്ദര്‍ശിച്ചതിന് ശേഷം മന്ത്രി ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. കുട്ടികളുടെ ജീവിതസാഹചര്യങ്ങളെ കുറിച്ചുള്ളതായിരുന്നു പോസ്റ്റ്.
തുടര്‍ന്ന് കുട്ടികള്‍ക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയായി വന്നത്. പിന്നാലെ തന്റെ രണ്ട് സുഹൃത്തുക്കള്‍ നേരിട്ട് വിളിച്ച് കുട്ടികളെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ച വിവരമാണ് മന്ത്രി എം.ബി. രാജേഷ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
മണിപ്പാലിലെ ഉഡുപ്പി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ഷിനോദും പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത മന്ത്രിയുടെ മറ്റൊരു സുഹൃത്തുമാണ് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. ഇരുവരോടും മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. പോസ്റ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തുന്നവരില്‍ സഹായമനസ്‌കതയുള്ളവര്‍ തീര്‍ച്ചയായും അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
പരനിന്ദക്കും വിദ്വേഷപ്രചരണത്തിനും പകരം സ്‌നേഹവും കരുതലും ഉറപ്പാക്കാന്‍ ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്താനാവുമെന്നാണ് ഈ അനുഭവം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഒരു ഫേസ്ബുക്ക് പോസ്റ്റിന് ജീവിതങ്ങള്‍ മാറ്റിമറിക്കാനാവുമോ? പരനിന്ദക്കും വിദ്വേഷപ്രചരണത്തിനും പകരം സ്‌നേഹവും കരുതലും ഉറപ്പാക്കാനും ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്താനാവുമെന്നാണ് ഈ അനുഭവം പറയുന്നത്.
കളഞ്ഞുകിട്ടിയ സ്വര്‍ണ്ണം ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ച പരുതൂരിലെ കുരുന്നുകളായ അഭിഷേകിന്റെയും ശ്രീനന്ദയുടെയും സത്യസന്ധതയെക്കുറിച്ചും ജീവിതാവസ്ഥയെക്കുറിച്ചും അവരെ വീട്ടില്‍ പോയി കണ്ടശേഷം ഞാനൊരു ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. ഒട്ടേറേപ്പേര്‍ ഈ കുട്ടികള്‍ക്ക് വീടുവച്ചു കൊടുക്കണമെന്നെല്ലാമുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കമന്റുകളായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അവിടെ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ലെങ്കിലും എന്റെ രണ്ടു സുഹൃത്തുക്കള്‍ നേരിട്ട് വിളിച്ച് കുട്ടികളെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ച കാര്യം പങ്കുവക്കട്ടെ.
ഇപ്പോള്‍ ഈ കുട്ടികള്‍ താമസിച്ചു വരുന്ന വീട് കൂട്ടുസ്വത്താകയാലും മറ്റ് അവകാശികള്‍ ഉള്ളതിനാലും ആ വീട് നിര്‍മാണം പൂര്‍ത്തിയാക്കുക എന്നത് പ്രായോഗികമാവുമായിരുന്നില്ല. സ്വന്തമായി സ്ഥലം കണ്ടെത്തി പുതുതായി വീട് വച്ച് കൊടുക്കുന്നതിനുള്ള മാര്‍ഗമെന്തെന്ന ആലോചന പലരുമായി പങ്കുവച്ചിരുന്നു. അപ്പോഴാണ്, പരൂതൂരുകാരന്‍ തന്നെയായ എന്റെ സുഹൃത്തും പാര്‍ട്ടി അനുഭാവിയും മണിപ്പാലിലെ ഉഡുപ്പി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ഷിനോദ് അഞ്ചു സെന്റ് സ്ഥലം വിലക്ക് വാങ്ങി നല്‍കാനുള്ള സന്നദ്ധത അറിയിച്ചത്.
അമേരിക്കയില്‍ ജോലി ചെയ്യുന്ന എന്റെ മറ്റൊരു സുഹൃത്ത് ആ കുട്ടികള്‍ക്കും അമ്മക്കുമായി വീട് വച്ചു കൊടുക്കുന്നതിനുള്ള ആഗ്രഹം അറിയിച്ചിട്ടുണ്ട്. ദീര്‍ഘകാല സുഹൃത്ത് ആണെങ്കിലും അറിയപ്പെടാന്‍ ആഗ്രഹമില്ല എന്നറിയച്ചതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ല. (തൃത്താലയില്‍ ഞാന്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ കുട്ടികളുടെ സ്‌പോണ്‌സര്‍മാരില്‍ ഒരാളായതും കോവിഡ് മൂലം രക്ഷിതാവിനെ നഷ്ടപ്പെട്ട് അനാഥമായ ഒരു കുടുംബത്തിനെ സംരക്ഷിക്കുന്നതും ഈ സുഹൃത്താണ്)
ഷിനോദിനോടും പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത പ്രിയ സുഹൃത്തിനോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു. ഈ രണ്ട് പേരും പോസ്റ്റ് കണ്ട് സഹായം ഇങ്ങോട്ട് വാഗ്ദാനം ചെയ്തതാണ് എന്ന കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. ഇത്തരത്തില്‍ സഹായം അര്‍ഹിക്കുന്നവര്‍ ഇനിയുമുണ്ട്. പോസ്റ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തുന്നവരില്‍ സഹായമനസ്‌കതയുള്ളവര്‍ തീര്‍ച്ചയായും അതും അറിയിക്കണം.
അഭിഷേകിന്റെയും ശ്രീനന്ദയുടെയും കാര്യം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സി.പി.ഐ.എം നേതാവ് സഖാവ്. അലി ഇക്ബാല്‍ മാസ്റ്റര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍
Content Highlight: MB Rajesh informed about the house preparation for Abhishek and Srinanda, who returned the gold to the owner, through a Facebook post