|

മലപ്പുറം തെരഞ്ഞെടുപ്പ് എല്‍.ഡി.എഫ് ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെ: എം.ബി രാജേഷ് വിശദീകരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫ് സര്‍ക്കാറിന്റെ വിലയിരുത്തലാണെന്ന് എം.ബി രാജേഷ് എം.പി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുലക്ഷത്തിലേറെ വോട്ടിന്റെ വര്‍ധനവാണ് എല്‍.ഡി.എഫിനുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിലെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം എക്കാലവും മുസ്‌ലിം ലീഗിനെ പിന്തുണച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ്. ഇത്തരമൊരു മണ്ഡലത്തിലാണ് എല്‍.ഡി.എഫിനു മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരിക്കുന്നത്. ഇടതുവിരുദ്ധ കക്ഷികള്‍ ഒറ്റക്കെട്ടായി സര്‍ക്കാറിനെതിരെ മോശമായ പ്രചരണം നടത്തിയിട്ടും എല്‍.ഡി.എഫിന് വലിയ മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.കെ സൈനബ 242984 വോട്ടുകളാണ് നേടിയത്. ഇത്തവണ അത് 344307 ആയി ഉയര്‍ന്നു. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് 77,000ത്തോളം വോട്ടുകള്‍ മാത്രമാണ് കൂടിയതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം നേടിയ പലമണ്ഡലങ്ങളിലും യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ചതു ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശികമായ ഘടകങ്ങളുടെ സ്വാധീനമുണ്ടാകുമെന്നായിരുന്നു രാജേഷിന്റെ പ്രതികരണം.


Must Read: ഞങ്ങള്‍ക്ക് കിട്ടിയത് റെക്കോര്‍ഡ് വോട്ട്; വന്‍നഷ്ടമുണ്ടായത് ബി.ജെ.പിക്കാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി 


പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രാദേശികമായ പല സ്വാധീനങ്ങളുമുണ്ടാവും. ഏഴുമണ്ഡലങ്ങളിലും ഏഴു സ്ഥാനാര്‍ത്ഥികളാണുണ്ടാവുക. അത്തരം ഘടകങ്ങളെല്ലാം ആ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ ഇരട്ടി വോട്ടുവാങ്ങുമെന്ന് അവകാശപ്പെട്ട ബി.ജെ.പിക്ക് ശക്തമായ തിരിച്ചടിയാണ് വോട്ടര്‍മാര്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest Stories