തനിക്കെതിരെ നടക്കുന്നത് അപകീര്‍ത്തി പ്രചാരണം; തെരഞ്ഞെടുപ്പ് കമ്മീഷനും എസ്.പിക്കും എം.ബി രാജേഷിന്റെ പരാതി
D' Election 2019
തനിക്കെതിരെ നടക്കുന്നത് അപകീര്‍ത്തി പ്രചാരണം; തെരഞ്ഞെടുപ്പ് കമ്മീഷനും എസ്.പിക്കും എം.ബി രാജേഷിന്റെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th April 2019, 9:03 am

പാലക്കാട്: തനിക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചരണം നടത്തുന്നതായി കാണിച്ച് പാലക്കാട് എം.പിയും എല്‍.ഡി.എഫ് പാലക്കാട് സ്ഥാനാര്‍ത്ഥിയുമാ എം.ബി രാജേഷ് പരാതി നല്‍കി.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പാലക്കാട് എസ്.പിക്കുമാണ് പരാതി നല്‍കിയത്. എല്‍.ഡി.എഫ് പ്രചരണ ജാഥയ്ക്കിടെ വാഹനത്തില്‍ നിന്ന് വടിവാള്‍ തെറിച്ചുവീണെന്ന് കാണിച്ച് ദുഷ്പ്രചാരണം നടത്തുകയാണെന്നും പരാതിയില്‍ പറയുന്നു.

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി എം ബി രാജേഷ് പരാതിയില്‍ പറയുന്നു. അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മോര്‍ഫ് ചെയ്ത് തയ്യാറാക്കിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തുന്നുണ്ടെന്നും ഇത്തരത്തില്‍ പ്രചാരണം നടത്തുന്ന സോഷ്യല്‍മീഡിയ പേജുകള്‍ക്കും ഗ്രൂപ്പുകള്‍ക്കുമെതിരെ അന്വേഷണം നടത്തി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമനുസരിച്ചുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.


എം.ബി രാജേഷിന്റെ വാഹനപ്രചരണ ജാഥക്കിടെ ബൈക്കില്‍ നിന്നും നിലത്ത് വീണത് കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന കത്തിയാണെന്നാണ് സി.പി.ഐ.എമ്മിന്റെയും ആരോപണ വിധേയനായ ഷാജി ഹുസെന്റെ വിശദീകരണം.

അതേസമയം സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും യു.ഡി.എഫ് പരാതി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷിക്കണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പ്രതികരിച്ചിരുന്നു. എം ബി രാജേഷിന്റെ പ്രചാരണത്തിനൊപ്പം വടിവാള്‍ സംഘമെത്തിയെന്ന വിവരം പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

സംഭവം പൊലീസ് അന്വേഷിക്കുക തന്നെ വേണമെന്നും ചെറുപ്പുളശ്ശേരിയില്‍ എന്താണോ നടന്നത് അത് തന്നെയാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നതെന്നും എം.ബി രാജേഷ് നേരത്തെ പ്രതികരിച്ചിരുന്നു.

Doolnews video