| Monday, 8th July 2019, 8:39 pm

രാഹുലിന്റേത് വഞ്ചിക്കപ്പെട്ട പടനായകന്റെ പിന്‍മടക്കം; രാജിയും കര്‍ണാടകവും ആയുധമാക്കി കോണ്‍ഗ്രസിനെതിരേ എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: രാഹുല്‍ ഗാന്ധിയുടെ രാജിയും കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിയും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ.എം നേതാവും മുന്‍ എം.പിയുമായ എം.ബി രാജേഷ്. സ്വന്തം പടയാല്‍ നിരന്തരം വഞ്ചിക്കപ്പെട്ട പടനായകന്റെ പിന്‍മടക്കമാണ് രാഹുലില്‍ കണ്ടതെന്ന് രാജേഷ് അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പടനായകന്‍ ഉപേക്ഷിച്ചുപോയ ലക്ഷ്യബോധമില്ലാത്ത പടയാളികള്‍ ആയുധം ഉപേക്ഷിച്ച് കീഴടങ്ങുകയും ശത്രുപാളത്തിലേക്ക് കൂട്ടത്തോടെ കൂറുമാറുകയും ചെയ്യുന്ന കറുത്ത നാടകങ്ങളാണിപ്പോള്‍ കര്‍ണാടകയിലും മറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ആ ദുരന്ത നാടകത്തിന്റെ അടുത്തരംഗം നാമജപത്തിന്റെ ഹാങ്ങോവര്‍ വിട്ടുമാറാത്ത കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലായിരിക്കുമെന്നും രാജേഷ് കുറ്റപ്പെടുത്തി.

രാഹുലിന്റെ രാജിക്കത്ത് കോണ്‍ഗ്രസിനെതിരായി മുന്‍ അധ്യക്ഷന്‍ ചുമത്തുന്ന കുറ്റപത്രമാണെന്നും രാജേഷ് പറഞ്ഞു.

എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“രാഹുല്‍ ഗാന്ധിയുടെ രാജിക്കത്തിനെ മുന്‍നിര്‍ത്തിയാണീ കുറിപ്പ്.നേരത്തെ എഴുതണമെന്ന് വിചാരിച്ചെങ്കിലും ചില തിരക്കുകള്‍ കാരണം നടന്നില്ല. കര്‍ണാടക സംഭവ വികാസങ്ങളും ഇന്നത്തെ ദി ഹിന്ദു’വിലെ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ ലേഖനവും വീണ്ടും രാഹുലിന്റെ രാജി ഓര്‍മ്മിപ്പിച്ചു.

രാഹുല്‍ ഗാന്ധിയുമായി പാര്‍ലിമെന്റിലെ പത്തു വര്‍ഷത്തെ പരിചയമുണ്ട്. പ്രതിപക്ഷത്ത് ഒരുമിച്ചിരുന്ന കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ പരിചയം നല്ല സൗഹൃദമായി വളര്‍ന്നു. ഏതാനും വര്‍ഷം മുമ്പ് ഡെക്കാണ്‍ ക്രോണിക്കിളുമായുളള ഒരഭിമുഖത്തില്‍ സൗഹൃദത്തെക്കുറിച്ചും ഒരു ചോദ്യമുണ്ടായി. അതിന് മറുപടിയായി രാഹുല്‍ എന്ന വ്യക്തിയെ കുറിച്ച് ചില നല്ല വാക്കുകള്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുമ്പോള്‍ തന്നെ. അദ്ദേഹത്തിനെതിരെ നടന്നു കൊണ്ടിരുന്ന ഹീനമായ വ്യക്തി അധിക്ഷേപത്തോടുള്ള വിയോജിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. വീക്ഷണം പത്രം രാഷ്ട്രീയലക്ഷ്യത്തിനായി ആ പരാമര്‍ശങ്ങളെ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയുണ്ടായി.

പിന്നീട് അദ്ദേഹം കോണ്‍സ് പ്രസിഡന്റായി നിയമിതനായപ്പോള്‍ മനോരമ ഓണ്‍ലൈന്‍ എന്നോടും അതിനെക്കുറിച്ച് അഭിപ്രായം തേടുകയുണ്ടായി. ‘ രാഹുല്‍ ഗാന്ധി എന്ന വ്യക്തിയല്ല പ്രശ്‌നം.അദ്ദേഹത്തിന് കോണ്‍ഗ്രസിനെ രക്ഷിക്കാനാവുമെന്ന് കരുതുന്നില്ല. കാരണം ഒരു വ്യക്തിക്ക് മാറ്റാനാവുന്നതല്ല കോണ്‍ഗ്രസിന്റെ നയങ്ങള്‍.ആ നയങ്ങള്‍ അവരുടെ വര്‍ഗ്ഗ സ്വഭാവ ( class character) വുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് രാഹുല്‍ ഗാന്ധിക്ക് മാറ്റം വരുത്താന്‍ കഴിയുന്നതല്ല.’ ഏതാണ്ടിങ്ങനെയാണ് അഭിപ്രായം പറഞ്ഞതെന്നോര്‍ക്കുന്നു.

രാഹുലിന്റെ രാജിക്കത്ത് വായിച്ചപ്പോള്‍ ആ അഭിപ്രായവും അതിനപ്പുറം ചിലതും മനസ്സില്‍ വന്നു. ആ രാജിക്കത്ത് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കതിരായി മുന്‍ അദ്ധ്യക്ഷന്‍ ചുമത്തുന്ന കുറ്റപത്രമാണ്! രാജിക്കത്തില്‍ ഒരിടത്ത് അദ്ദേഹം പറയുന്നത് നോക്കു.’ ……ആര്‍.എസ്.എസിനോടും. അവര്‍ പിടിച്ചെടുത്ത സ്ഥാപനങ്ങളോടും വ്യക്തിപരമായി മുഴുവന്‍ കരുത്തോടെ തന്നെ പൊരുതി……. ചില നേരങ്ങളില്‍ ഞാന്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു പോയിട്ടുണ്ട്. ‘

അവസാനം അദ്ദേഹം അനുയായികള ഉപദേശിക്കുന്നു -” ആഴത്തില്‍ പ്രത്യയശാസ്ത്ര യുദ്ധത്തില്‍ പോരാടാതെയും അധികാരത്തിനുള്ള മോഹം ഉപേക്ഷിക്കാതെയും നാം നമ്മുടെ എതിരാളികളെ പരാജയപ്പെടുത്തുകയില്ല.’ അദ്ധ്യക്ഷനായ ഒരാള്‍ക്ക് താന്‍ നയിച്ച പാര്‍ട്ടിയുടെ പാപ്പരത്തത്തെക്കുറിച്ച് ഇതിലപ്പുറം എങ്ങിനെ തുറന്നു പറയാനാവും? മാദ്ധ്യമ വാര്‍ത്തകളനുസരിച്ചാണെങ്കില്‍ പ്രവര്‍ത്തക സമിതിയില്‍ പാര്‍ട്ടിയുടേയും നേതൃഗണത്തിന്റെയും വഞ്ചനയെക്കുറിച്ച് അദ്ദേഹം പൊട്ടിത്തെറിച്ചതു കുടി ഈ രാജിക്കത്തിന്റെ അനുബന്ധമായി വായിക്കേണ്ടതാണ്.

അദ്ദേഹത്തിന്റെ ഉപദേശം അനുയായികള്‍ എങ്ങിനെ സ്വീകരിച്ചുവെന്ന് കര്‍ണാടകയിലേയും ഗുജറാത്തിലേയും കോണ്‍ഗ്രസ് എംഎല്‍ ഏമാര്‍ കാണിച്ചു തന്നല്ലോ. അധികാര മോഹത്താല്‍ അന്ധരായ കോണ്‍ഗ്രസുകാര്‍ക്ക് എന്ത് പ്രത്യയശാസ്ത്രം?പദവിക്കായുള്ള ഗ്രൂപ്പ് യുദ്ധങ്ങളല്ലാതെ വേറെന്ത് പോരാട്ടം?

സംഘ പരിവാറിനെതിരായ പ്രത്യയശാസ്ത്ര യുദ്ധത്തിന് കോണ്‍ഗ്രസിന് കെല്പില്ലെന്ന് രാഹുല്‍ ഗാന്ധി തന്നെ തിരിച്ചറിഞ്ഞ് അദ്ധ്യക്ഷ പദവി ഒഴിയുമ്പോള്‍ ആ കെല്പില്ലായ്മ ചരിത്രപരമായും വര്‍ഗ്ഗപരമായും ഉള്ളതാണ് എന്നറിയണം. ജനസംഘം രൂപീകരിക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജി നെഹ്‌റു വിന്റെ ക്യാബിനറ്റില്‍ നിന്നാണ് രാജിവെച്ച് പുറത്തു വന്നതെന്ന് മറക്കരുത്. ഇന്ത്യയില്‍ ബിജെപി.യുടെ പൂര്‍വ്വരൂപമായ ജനസംഘം സ്ഥാപകനെ മന്ത്രിസഭയിലുള്‍പ്പെടുത്താവുന്നത്ര പ്രത്യയശാസ്ത്ര ബലമേ നെഹ്‌റു നയിച്ച കാലത്ത് പോലും കോണ്‍ഗ്രസിന് ഉണ്ടായിരുന്നുള്ളൂ എന്ന് അറിയുക. ഗോള്‍വാള്‍ക്കുമായുളള കത്തിടപാടുകള്‍ക്കു ശേഷം വിലയില്ലാത്ത വാക്കും വിശ്വസിച്ച് ഗാന്ധി വധത്തിന്റെ പേരില്‍ RSS ന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് അവരെ നിയമ വിധേയരാക്കിയതും മറ്റാരുമായിരുന്നില്ലല്ലോ.

ഷാബാനു ബീഗം കേസില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തി ഇസ്ലാമിക വര്‍ഗ്ഗീയ ശക്തികളേയും അതു ബാലന്‍സ് ചെയ്യാന്‍ തൊട്ടുപിന്നാലെ അയോദ്ധ്യയില്‍ ശിലാന്യാസം നടത്താന്‍ അനുവദിച്ച് വിശ്വഹിന്ദു പരിഷത്തിനേയും ഒരു പോലെ പ്രീണിപ്പിച്ച പ്രത്യയശാസ്ത്രത്തിന്റെയും ഉടമസ്ഥാവകാശം കോണ്‍ഗ്രസിനാണ്.

ഒടുവില്‍ 92 ഡിസ.6 ന് സംഘപരിവാര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തുകൊണ്ടിരുന്നപ്പോള്‍ പ്രധാനമന്ത്രിക്കസേരയില്‍ നിഷ്‌ക്രിയനായിരുന്ന നരസിംഹറാവുവിന്റെ നിര്‍വ്വികാരതയുടെ പ്രത്യയശാസ്ത്രവും കോണ്‍ഗ്രസിന്റെ പൈതൃകമാണ്. ഇപ്പോള്‍ കാലിക്കടത്തിന്റെ പേരില്‍ യോഗിയെപ്പോലെ ദേശസുരക്ഷാ നിയമം ചുമത്തുന്ന മദ്ധ്യപ്രദേശിലെ താമര നാഥനും ഗോ സംരക്ഷകര്‍ കൊന്ന പെഹല്ലു ഖാനെതിരെ കേസെടുത്ത അശോക് ഗെഹലോട്ടും രാഹുല്‍ ഗാന്ധിയെത്തന്നെ തള്ളി സംഘപരിവാറിന്റെ നാമജപത്തില്‍ ചേര്‍ന്ന കെ.പി.സി.സി.യുമെല്ലാം ആ പൈതൃകത്തിന്റെ പിന്തുടര്‍ച്ചക്കാര്‍.ഭരണഘടനയും ലിംഗസമത്വവും കയ്യൊഴിഞ്ഞവര്‍ക്ക് ഭരണഘടനയെ തന്നെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ എന്ത് പ്രത്യയശാസ്ത്രമാണ് കൈമുതലായിട്ടുള്ളത്?

രാഹുല്‍ പറയുന്നത് ശരിയാണ്.സംഘപരിവാറിനെതിരെ ആഴത്തിലുള്ള പ്രത്യയശാസ്ത്ര സമരം വേണം. സമസ്ത മേഖലകളിലും. ആ ശ്രമത്തില്‍ താന്‍ തീര്‍ത്തും ഒറ്റപ്പെട്ടു പോയെന്ന് അദ്ദേഹം പറയുമ്പോള്‍ കോണ്‍ഗ്ര സി നാതാവില്ലെന്ന് വ്യക്തം. ആര്‍ക്കാണ് ആ പ്രത്യയശാസ്ത്ര വ്യക്തതയും ദാര്‍ഡ്യവും ഉള്ളത്? ഇടതു പക്ഷത്തിന് എന്നാണുത്തരം. സീറ്റിന്റെ എണ്ണത്തിലും വോട്ടിന്റെ എണ്ണത്തിലും ഇടതുപക്ഷം കോണ്‍ഗ്രസിനേക്കാള്‍ തീരെ ചെറിയതെന്നതില്‍ തര്‍ക്കിക്കാനൊന്നുമില്ല. എന്നാല്‍ സംഘപരിവാറിനെതിരായി പോരാടാനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ പ്രത്യയശാസ്ത്രം ഇടതു പക്ഷത്തിന്റെതാണ്.അത് സംഘപരിവാര്‍ തിരിച്ചറിയുന്നതു കൊണ്ടാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ ഹിന്ദു രാഷ്ട്രത്തിന്റെ മുന്ന് ആന്തരിക ഭീഷണികളിലൊന്നായി കമ്യൂണിസ്റ്റുകാരെ വിലയിരുത്തുന്നത്.

ത്രിപുരയില്‍ ജയിച്ചപ്പോള്‍ ഇതുവരെയുള്ളതൊന്നുമല്ല ഇതാണ് യഥാര്‍ത്ഥ പ്രത്യയ ശാസ്ത്ര വിജയം എന്ന് നരേന്ദ്ര മോദി ആവേശ ഭരിതനായതും അതു കൊണ്ടു തന്നെ. ബംഗാളും കേരളവും ജയിക്കുന്ന ദിവസമേ ബിജെപി.ക്ക് യഥാര്‍ത്ഥത്തില്‍ സന്തോഷിക്കാനാവൂ എന്നും മോദി മുന്നറിയിപ്പ് നല്‍കിയത് ആത്യന്തികമായി നേരിടേണ്ട പ്രത്യയശാസ്ത്ര മേത് എന്നറിയുന്നതിനാലാണ്.

കോണ്‍ഗ്രസിന് തങ്ങളെ എതിര്‍ക്കാന്‍ ഒരു പ്രത്യയശാസ്ത്രവുമില്ലെന്നും അവരിലേറെപ്പേരും തങ്ങള്‍ക്കൊപ്പം വരേണ്ടവരുമാണെന്ന് സംഘപരിവാറിന് നല്ല നിശ്ചയമുണ്ട്. അത് വൈകി തിരിച്ചറിഞ്ഞതാണ് രാഹുലിന്റെ ഉറച്ച രാജിക്കു കാരണം. രാജിക്കത്തിലെ വരികള്‍ക്കിടയിലുടനീളം വിങ്ങുന്നത് ആ തിരിച്ചറിവ് സൃഷ്ടിക്കുന്ന നിരാശയാണ്. സ്വന്തം പടയാല്‍ നിരന്തരം വഞ്ചിക്കപ്പെട്ട പടനായകന്റെ പിന്‍മടക്ക മാണത്. പടനായകന്‍ ഉപേക്ഷിച്ചു പോയ ലക്ഷ്യബോധമില്ലാത്ത പടയാളികള്‍ ആയുധം ഉപേക്ഷിച്ച് കീഴടങ്ങുകയും ശത്രു പാളയത്തിലേക്ക് കൂട്ടത്തോടെ കൂറുമാറുകയും ചെയ്യുന്ന കറുത്ത നാടകങ്ങളാണിപ്പോള്‍ കര്‍ണാടകയിലും മറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ആ ദുരന്ത നാടകത്തിന്റെ അടുത്ത രംഗം നാമജപത്തിന്റെ ഹാങ്ങോവര്‍ വിട്ടുമാറാത്ത കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലായിരിക്കും.”

Latest Stories

We use cookies to give you the best possible experience. Learn more