പാലക്കാട്: കാര്‍ഷിക സമരത്തില്‍ മോദി സര്‍ക്കാരിന്റെ സമനില തെറ്റിയെന്ന് സി.പി.ഐ.എം നേതാവ് എം.ബി രാജേഷ്. ചൊവ്വാഴ്ച ഭാരത് ബന്ദില്‍ ഇടത് നേതാക്കളെ തടവിലാക്കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അടിച്ചമര്‍ത്തലിന്റെ പ്രധാനലക്ഷ്യം ഇടതുപക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കാര്‍ഷിക മേഖല കൂടി കോര്‍പ്പറേറ്റുകള്‍ക്ക് പിഴിയാന്‍ തുറന്നിടുന്നത് കൃഷിക്കാരെ നന്നാക്കാനല്ല. അംബാനി -അദാനിമാരുടെ ലാഭം പെരുപ്പിക്കാനാണ്’, രാജേഷ് പറഞ്ഞു.
സമരരംഗത്ത് കോണ്‍ഗ്രസ് ഇല്ലാത്തതില്‍ അത്ഭുതപ്പെടേണ്ടെന്നും പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ഷകരുമായി ഇന്ന് വെകിട്ട് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകിട്ട് ഏഴുമണിക്ക് അമിത് ഷാ കര്‍ഷകരെ കാണുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കര്‍ഷകരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നത്.
എന്നാല്‍ ഭാരത് ബന്ദിന് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ രീതിയിലുള്ള പിന്തുണയ്ക്ക് പിന്നാലെയാണ് അമിത് ഷാ കര്‍ഷകരെ കാണുമെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:
വയലുകള്‍ കൊളുത്തിയ കര്‍ഷക രോഷത്തിന്റെ തീ ആളിക്കത്തുകയാണ്. ഇന്നത്തെ ഭാരത് ഹര്‍ത്താലോടെ പ്രതിഷേധം രാജ്യം മുഴുവന്‍ പടര്‍ന്നിരിക്കുന്നു.മോദി ഭരണകൂടം സമനില തെറ്റിയ നിലയില്‍ അടിച്ചമര്‍ത്തലിലേക്ക് നീങ്ങിയിരിക്കുന്നു.
കാണ്‍പുരില്‍ സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗം സ: സുഭാഷിണി അലിയുടെ വീട് ആദിത്യനാഥിന്റെ പോലീസ് വളഞ്ഞിരിക്കുന്നു. ഗുരു ഗ്രാമില്‍ കിസാന്‍ സഭാ നേതാക്കളായ കെ.കെ.രാഗേഷ് എംപി, പി.കൃഷ്ണപ്രസാദ്, മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്‌ളെ എന്നിവരെ അറസ്റ്റു ചെയ്തു.
ഗുജറാത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഡോ.അരുണ്‍ മേത്തയും കസ്റ്റഡിയിലാണ്. എന്തിനധികം ഡല്‍ഹി മുഖ്യമന്ത്രി വരെ വീട്ടുതടങ്കലിലെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടിച്ചമര്‍ത്തലിന്റെ പ്രധാന ടാര്‍ഗറ്റ് ഇടതുപക്ഷമാണ്.
കര്‍ഷകര്‍ ലളിതമായി പറയുന്ന കാര്യം ഇത്രയേയുള്ളു. കാര്‍ഷിക ഉല്‍പ്പാദനം, സംഭരണം, വിപണനം എന്നിവ കോര്‍പ്പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കരുത്. മൂന്ന് നിയമങ്ങള്‍ അതിനിടയാക്കും. അതിനാല്‍ പിന്‍വലിക്കണം. ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിയമപ്രകാരം ഉറപ്പാക്കണം. പൊതുസംഭരണം സര്‍ക്കാര്‍ അവസാനിപ്പിക്കുമ്പോള്‍ പൊതുവിതരണവും ഇല്ലാതാവും.
വൈദ്യുതി സ്വകാര്യവല്‍ക്കരണത്തിനുള്ള നിയമവും പിന്‍വലിക്കണം. ഇതിലേതാണ് ന്യായമല്ലാത്ത ആവശ്യം? എന്താണ് ഈ ആവശ്യങ്ങളില്‍ അന്യായം? രാജ്യദ്രോഹം? യുക്തിസഹമായ, വ്യക്തമായ മറുപടി കേന്ദ്രത്തിനുണ്ടോ?
കാര്‍ഷിക മേഖല കൂടി കോര്‍പ്പറേറ്റുകള്‍ക്ക് പിഴിയാന്‍ തുറന്നിടുന്നത് കൃഷിക്കാരെ നന്നാക്കാനല്ല.അംബാനി – അദാനിമാരുടെ ലാഭം പെരുപ്പിക്കാനാണ്. മോദി വാഴ്ചയിലെ കോര്‍പ്പറേറ്റ് സേവയുടെ കണക്കുകളിതാ.
1.ഇന്നലെ ഹിന്ദു പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് കഴിഞ്ഞ ആറ് മാസത്തിനിടയില്‍ മുകേഷ് അംബാനിയുടെ സ്വത്ത് 1.3 ഇരട്ടി പെരുകി എന്നാണ് ! ഇന്ത്യന്‍ സമ്പദ്ഘടന 24% ഇടിഞ്ഞ, രാജ്യത്ത് ഔദ്യോഗികമായി മാന്ദ്യം അംഗീകരിക്കപ്പെട്ട അതേ കാലത്താണിത്. കോടി ക്കണക്കിനാളുകള്‍ക്ക് പണിയും ഉപജീവന മാര്‍ഗ്ഗങ്ങളും വരുമാനവും നഷ്ടമായ കാലത്ത് എങ്ങിനെ അംബാനിമാര്‍ സ്വത്തിരട്ടിപ്പിച്ചു?
2. മോദി വാഴ്ചയില്‍ 2017-20 കാലയളവില്‍ അദാനിയുടെ സ്വത്ത് ഏഴിരട്ടി വര്‍ദ്ധിച്ചു ! അഞ്ച് ബില്യണ്‍ ഡോളറില്‍ നിന്ന് 34 ബില്യണ്‍ ഡോളറായി.
മഹാമാരിയുടെ കഴിഞ്ഞ ആറുമാസത്തിനിടയിലാണ് 3.5 ഇരട്ടി വര്‍ദ്ധനയുണ്ടായത്.(The Hindu- Data Point, 7.12.2020)
3. ഈ ലോക്ക് ഡൗണ്‍ കാലത്ത് മാത്രം 85 പുതിയ ശതകോടീശ്വരന്‍മാര്‍ ഇന്ത്യയിലുണ്ടായി.മഹാമാരിക്കാലത്ത് ശതകോടീശ്വരന്‍മാരുടെ എണ്ണം വര്‍ദ്ധിച്ചതില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക് .( Data Point) എന്നാല്‍ ലോകത്തില്‍ ഏറ്റവും വലിയ GDP ഇടിവും ഇന്ത്യക്കാണുണ്ടായത്. അതിനര്‍ത്ഥം മാന്ദ്യത്തിന്റെ ദുരിതം മുഴുവന്‍ പേറിയത് സാധാരണക്കാര്‍ മാത്രമാണ്. കോര്‍പ്പറേറ്റുകള്‍ പൊതുമുതലും നികുതായിളവും ഇന്ധന-പാചക വാതക വില വര്‍ദ്ധനവും മറ്റു നേട്ടങ്ങളും സ്വന്തമാക്കിയതിലൂടെ മഹാമാരിയിലും തടിച്ചുകൊഴുത്തു.
4, ദേശസാല്‍കൃത ബാങ്കുകള്‍ ഈ കോര്‍പ്പറേറ്റുകളുടെ കടം എഴുതി തള്ളിയത് 6.32 ലക്ഷം കോടി രൂപയാണ്. ഇങ്ങനെ പൊതുപണം മോദി ഭരണത്തിന്റെ ഒത്താശയില്‍ കൊള്ളയടിച്ചാണ് കോര്‍പ്പറേറ്റുകള്‍ കൊഴുത്തു വലുതാവുന്നത്. എന്നാല്‍ മോദി ഭരണത്തില്‍ കര്‍ഷക വായ്പ നയാ പൈസയെങ്കിലും എഴുതി തളളിയോ?
5. ഇതേ കോര്‍പ്പറേറ്റുകള്‍ക്കാണിവര്‍ ബാങ്കുകള്‍ തന്നെ ഏല്‍പ്പിച്ചു കൊടുക്കുന്നത്. ഘകഇ യും റെയില്‍വേയും എയര്‍ ഇന്ത്യയും പെട്രോളിയം കമ്പനികളും ബി.എസ്.എന്‍.എല്ലും പ്രതിരോധ ഫാക്ടറികളും വൈദ്യുത മേഖലയും അടക്കം ഇനിയെന്താണ് കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാത്തത്? ഇപ്പോഴിതാ കാര്‍ഷിക മേഖലയും.രാജ്യം മുഴുവന്‍ വിറ്റ ഇവരാണ് അന്നമുണ്ടാക്കുന്നവരെ ഖലിസ്ഥാനികളും തീവ്രവാദികളുമെന്ന് വിളിക്കുന്നത്!
6. കര്‍ഷകര്‍ മാത്രമല്ല വര്‍ഗ്ഗീയ ഭ്രാന്തിനടിപ്പെടാത്തവരല്ലാതെ ആരാണ് ഇവരെ ഇനി വിശ്വസിക്കുക? ആഖജ പ്രകടനപത്രികയില്‍ താങ്ങുവില കൊടുക്കാമെന്നു പറഞ്ഞത് വെറും ‘ചുനാവി ജും ലാ ഥാ ‘ (തെരഞ്ഞെടുപ്പ് കൗശലം)ഒരു കൂസലുമില്ലാതെ പറഞ്ഞത് അമിത് ഷാ,. പെട്രോള്‍ വില കുറക്കുമെന്ന സ്വന്തം പാര്‍ട്ടിയുടെ വാഗ്ദാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രകടനപത്രിക യൊക്കെ വെറും കോമഡിയല്ലേ എന്ന് ജനങ്ങളെ പരിഹസിച്ചത് ഇപ്പോള്‍ ഗവര്‍ണറായ പഴയ സംസ്ഥാന പ്രസിഡന്റ്.
50 രൂപക്ക് പെട്രോള്‍ കിട്ടുമ്പോള്‍ കമ്മികള്‍ കണ്ടോ എന്ന് വെല്ലുവിളിച്ച വേറൊരു വിദ്വാന്‍ ഇന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞത് ‘ വില കൂടിയെങ്കില്‍ നീയൊക്കെ പോയി വണ്ടി ഉന്തിക്കോ’ എന്നാണ്.
എന്തൊരു ധാര്‍ഷ്ട്യം? ഔദ്ധത്യം ? ആ ഔദ്ധത്യത്തിന്റെ കരണക്കുറ്റിക്ക് ആഞ്ഞൊന്നു കൊടുക്കാനുള്ള അവസരം ഇന്നും പത്ത്, പതിനാല് തിയ്യതികളിലുമായി കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടും. അതു കൊടുത്തില്ലെങ്കില്‍ ‘ഗ്യാസിന് വില കൂട്ടിയെങ്കില്‍ നീയൊക്കെ അടുപ്പണച്ച് പട്ടിണി കിടന്ന് ചത്തോ ‘ എന്നായിരിക്കും ധാര്‍ഷ്ട്യം മൂത്ത അടുത്ത ഡയലോഗ്. ജനം ഈ തിണ്ണമിടുക്കിന്റെ ഭാഷ കേട്ട് മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ടാവുമെന്നുറപ്പ്.
വാല്‍ക്കഷ്ണം: ഇത്രയൊക്കെ എഴുതിയിട്ടും കേരളത്തില്‍ നിന്നു പോയ ’19 പേരവര്‍ യു.ഡി.എഫു കാരെ ‘ ക്കുറിച്ചോ അവരുടെ വയനാടന്‍ നേതാവിനെക്കുറിച്ചോ ഒന്നും കണ്ടില്ലല്ലോ എന്നാണോ? പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം? സമര രംഗത്ത് എന്ത് കോണ്‍ഗ്രസ്?
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: MB Rajesh Farmers Protest Bharat Bandh Congress