പാലക്കാട്: ദല്‍ഹി എ.കെ.ജി ഭവനില്‍ സീതാറാം യെച്ചൂരിയ്ക്ക് നേരെ ഉണ്ടായ സംഘപരിവാര്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് എം.ബി രാജേഷ് എം.പി. ഫേസ്ബുക്കിലൂടെയാണ് രാജേഷിന്റെ പ്രതികരണം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് നേര്‍ക്കുള്ള ആക്രമണം പാര്‍ട്ടിക്കാകെയും ഇന്ത്യയിലെ പ്രതിപക്ഷത്തിനും ജനാധിപത്യത്തിനും നേര്‍ക്കുള്ളതാണെന്നും എം.ബി രാജേഷ് പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യാനുള്ള ആര്‍.എസ്.എസ് നേതാവിന്റെ ആഹ്വാനം വെറും വാക്കല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ അക്രമം. ഈ ആക്രമണത്തിന്റെ സൂചനകള്‍ ഇന്നലെ ബി.ജെ.പി വക്താവ് സംപിത് പത്ര നടത്തിയ പ്രകോപനപരമായ പ്രസ്താവനയില്‍ തന്നെ ഉണ്ടായിരുന്നു. ആര്‍.എസ്.എസ്-ബി.ജെ.പി. നേതൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രിത ആക്രമണമാണിതെന്നാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം അരഡസനോളം തവണയാണ് സി.പി.ഐ.എം. കേന്ദ്ര ആസ്ഥാനമായ എ.കെ.ജി. ഭവന്‍ ആക്രമിക്കപ്പെട്ടത്. അഖിലേന്ത്യാടിസ്ഥാനത്തില്‍ സി.പി.എം. ഒരു ചെറിയ പാര്‍ട്ടിയാണ്. എന്നിട്ടും സംഘപരിവാര്‍ ആയുധങ്ങള്‍ മുഴുവന്‍ സി.പി.എമ്മിനു നേരേ തിരിച്ചു വിട്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നും രാജേഷ് ചോദിക്കുന്നു.
ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ ചെയ്തത് ഇത് തന്നെയായിരുന്നു. എന്നാല്‍, രണ്ട് കോടി കമ്മ്യൂണിസ്റ്റുകാരുടെ ജീവനാണ് സോവിയറ്റ് യൂണിയന് ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ബലിയര്‍പ്പിക്കേണ്ടി വന്നത്. ഒടുവില്‍, ഹിറ്റ്‌ലര്‍ക്ക് വെപ്പാട്ടിയോടൊപ്പം ആത്മഹത്യചെയ്യേണ്ടി വന്നത് ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്നത് കറുത്ത ദിനങ്ങളാണെന്ന് ഇനിയും തിരിച്ചറിയാത്തവരെ ജര്‍മ്മന്‍ കവി ബര്‍തോള്‍ഡ് ബ്രഹ്തിന്റെ വരികള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് എം.ബി രാജേഷ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. “ചിരിക്കുന്നവര്‍ ഭയങ്കരങ്ങളായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ…” എന്നാണ് ബ്രഹ്തിന്റെ വരികള്‍.
എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റ് പൂര്‍ണ്ണരൂപം:
സ. സീതാറാം യെച്ചൂരിക്ക് നേരെ ഏ.കെ.ജി. ഭവനില്‍ വെച്ച് ഇന്ന് നടന്ന സംഘപരിവാര്‍ ആക്രമണം ഒരു വ്യക്തിക്ക് നേരെയുള്ളത് മാത്രമല്ല, ജനറല്‍ സെക്രട്ടറിക്ക് നേര്‍ക്കുള്ള ആക്രമണം പാര്‍ട്ടിക്കാകെ നേരെയുള്ള ആക്രമണമാണ്; ഇന്ത്യയിലെ പ്രതിപക്ഷത്തിനും ജനാധിപത്യത്തിനും നേര്‍ക്കുള്ളതാണ്. കേരള മുഖ്യമന്ത്രി പിണറായിയുടെ തലകൊയ്യാനുള്ള ആര്‍.എസ്.എസ്. നേതാവിന്റെ ആഹ്വാനം വെറും വാക്കല്ലെന്ന് വ്യക്തമാക്കുന്നു സീതാറാമിന് നേര്‍ക്കുള്ള ആക്രമണം. ഈ ആക്രമണത്തിന്റെ സൂചനകള്‍ ഇന്നലെ ബി.ജെ.പി.വക്താവ് സംപിത് പത്ര നടത്തിയ പ്രകോപനപരമായ പ്രസ്താവനയില്‍ തന്നെ ഉണ്ടായിരുന്നു. ആര്‍.എസ്.എസ്ബി.ജെ.പി. നേതൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രിത ആക്രമണമാണിതെന്നാണ് വ്യക്തമാക്കുന്നത്. മോദി അധികാരത്തില്‍ വന്ന ശേഷം അരഡസനോളം തവണയാണ് സി.പി.എം. കേന്ദ്ര ആസ്ഥാനമായ ഏ.കെ.ജി. ഭവന്‍ ആക്രമിക്കപ്പെട്ടത്.
അഖിലേന്ത്യാടിസ്ഥാനത്തില്‍ സി.പി.എം. ഒരു ചെറിയ പാര്‍ട്ടിയാണ്. എന്നിട്ടും സംഘപരിവാര്‍ ആയുധങ്ങള്‍ മുഴുവന്‍ സി.പി.എമ്മിനു നേരേ തിരിച്ചു വിട്ടിരിക്കുന്നത് എന്തുകൊണ്ടാണ്? വര്‍ഗ്ഗീയതക്കെതിരായ സി.പി.എമ്മിന്റെ വര്‍ഗ്ഗരാഷ്ട്രീയവും മതാധിഷ്ഠിത രാഷ്ട്രമെന്ന പരിവാര്‍ ലക്ഷ്യത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പും സംഘപരിവാറിന്റെ ഉറക്കം കെടുത്തുന്നതാണ്. വലിപ്പത്തിനുമപ്പുറമുള്ളതാണ് സി.പി.എം. മുന്നോട്ടു വക്കുന്ന രാഷ്ട്രീയത്തിന്റെ ശക്തി എന്നവര്‍ക്കറിയാം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശൈശവ ദശയിലായിരുന്നപ്പോഴായിരുന്നല്ലോ ഗോള്‍വാള്‍ക്കര്‍ വിധി പ്രസ്താവിച്ചത്, ഹിന്ദുരാഷ്ട്രത്തിന്റെ ആഭ്യന്തര ശത്രുക്കള്‍ മൂന്നാണെന്ന്, മുസ്ലീങ്ങളും കൃസ്ത്യാനികളും പിന്നെ കമ്മ്യൂണിസ്റ്റുകാരും. അക്കൂട്ടത്തിലെ മറ്റൊരു ശത്രുക്കള്‍ ദളിതരാണ്. കമ്മ്യൂണിസ്റ്റുകാരെ ഇല്ലാതാക്കിയാലെ മറ്റുള്ളവരുടെ കഥ എളുപ്പത്തില്‍ തീര്‍ക്കാനാവൂ. ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ ചെയ്തത് ഇത് തന്നെയായിരുന്നു. എന്നാല്‍, രണ്ട് കോടി കമ്മ്യൂണിസ്റ്റുകാരുടെ ജീവനാണ് സോവിയറ്റ് യൂണിയന് ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ബലിയര്‍പ്പിക്കേണ്ടി വന്നത്. ഒടുവില്‍, ഹിറ്റ്‌ലര്‍ക്ക് വെപ്പാട്ടിയോടൊപ്പം ആത്മഹത്യചെയ്യേണ്ടി വന്നത് ചരിത്രം.
വരാനിരിക്കുന്നത് കറുത്ത ദിനങ്ങളാണെന്ന് ഇനിയും തിരിച്ചറിയാത്തവരോട് ഓര്‍മ്മിപ്പിക്കാനുള്ളത് ജര്‍മ്മന്‍ കവി ബര്‍തോള്‍ഡ് ബ്രഹ്തിന്റെ വരികള്‍
“ചിരിക്കുന്നവര്‍ ഭയങ്കരങ്ങളായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ…”