പാലക്കാട്: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാന്‍ വരുന്നവര്‍ക്ക സോപ്പും അത്തറും നല്‍കിയ നടപടിയും ദളിതന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ തയ്യാറാകാത്ത കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യെദ്യൂരപ്പയുടെയും നടപടിയും ബി.ജെ.പിയുടെ ജാതി മനോഭവാത്തെയാണ് കണിക്കുന്നതെന്ന് എം.ബി രാജേഷ് എം.പി.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.പി ബി.ജെ.പി നേതാക്കളുടെ നടപടി ചൂണ്ടിക്കാട്ടിയത്. യോഗിയുടെ നടപടിക്ക് മുമ്പ് യെദ്യൂരപ്പ ദളിതനായ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാത്ത നടപടിയും ചൂണ്ടിക്കാട്ടി ഒന്നിച്ചിരുന്ന് ഉണ്ണാന്‍ പോലും കഴിയാത്തവര്‍ ഏത് ഹിന്ദുവിന്റെ ഐക്യത്തെക്കുറിച്ചാണ് പറയുന്നതെന്ന് ചോദിച്ചു.
പന്തിഭോജനത്തിന്റെ നൂറാം വര്‍ഷത്തിലാണ് ഇതൊക്കെ ഇപ്പോഴും ഇന്ത്യയില്‍ സംഭവിക്കുന്നതെന്നോര്‍ക്കണമെന്നും. നൂറുവര്‍ഷം മുമ്പ് ഇതേ ദിവസമായിരുന്നു സഹോദരന്‍ അയ്യപ്പന്‍ പുലയരായ രണ്ടു പേര്‍ക്കൊപ്പം ജാതിമേധാവികളെ വെല്ലുവിളിച്ച് ചെറായിയില്‍ പന്തിഭോജന വിപ്ലവം നടത്തിയതെന്നും പറയുന്ന രാജേഷ് സമാനമായ സമരങ്ങള്‍ ഇനിയും വരണമെന്നും പറയുന്നു.
“ദളിതന്റെയും പാവപ്പെട്ടവന്റെയും ഭക്ഷണമായ (അവരുടെ മുഖ്യ പ്രോട്ടീന്‍ സ്രോതസ്സായി കണക്കാക്കപ്പെടുന്നത്) ബീഫിനും മാംസഭക്ഷണത്തിനും എതിരായ കയ്യേറ്റം എന്നതിനുമപ്പുറം ജാതീയവും വര്‍ഗ്ഗീയവുമായ ദ്വിമുഖ കടന്നാക്രമണത്തിന്റെ പുതിയഘട്ടത്തിനു തുടക്കം കുറിച്ചു കഴിഞ്ഞ ഇന്നത്തെ ഇന്ത്യയില്‍ പ്രതിഷേധം ബീഫ് ഫെസ്റ്റിവലിനും അപ്പുറം വളരണം.” അദ്ദേഹം പറഞ്ഞു.
ബീഫ് ഫെസ്റ്റിവലില്‍ നിന്ന് മിശ്രഭോജന-പന്തിഭോജന മേളകളിലേക്ക് രാജ്യം മുഴുവന്‍ പ്രതിഷേധം വളരണമെന്നും ആ പ്രതിഷേധ ഭോജനങ്ങള്‍ പതിതരുടെ ഐക്യം “ഊട്ടിയുറപ്പിക്കട്ടെ”യെന്നും പറഞ്ഞു കൊണ്ടാണ് എം.പി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
“കാന്താ തൂകുന്നു തൂമണം ഇതെങ്ങുനിന്ന്
മുമ്പിതുപോലിമ്പമെഴും ഗന്ധം ഗന്ധിച്ചതില്ല..
കിം കിം കിം കിം കിം കിം കിം…..”
അരവിന്ദന്റെ ഒരിടത്ത് എന്ന സിനിമയില്‍ ജഗന്നാഥന്‍ അവിസ്മരണീയമാക്കിയ ഒരു രംഗത്തില്‍ നിന്നുള്ള വരികളാണിത്. കഴിഞ്ഞ ദിവസം പ്രത്യേകം സെന്റ് പൂശി സുഗന്ധ ലോലുപരാക്കി തന്റെ മുന്നിലെത്തിച്ച ദളിതരെ നോക്കി യു.പി. മുഖ്യമന്ത്രി യോഗി ഇങ്ങനെ പാടി രസിച്ചോ എന്നറിയില്ല. പക്ഷേ ഒന്നറിയാം. സവര്‍ണ്ണതാക്കൂര്‍ സമൂദായക്കാരനായ യോഗിയുടെ മുമ്പില്‍ ദളിതരെ കൊണ്ടുവരും മുമ്പ് സോപ്പുപയോഗിച്ച് ശുദ്ധിവരുത്തിക്കുകയും ദളിതന്റെ വിയര്‍പ്പു ഗന്ധമകറ്റാന്‍ സെന്റ് പൂശിക്കുകയും ചെയ്തുവെന്ന കാര്യം.
കുമാരനാശാന്‍ പണ്ടെഴുതി “തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍പെട്ടാലും ദോഷമുള്ളോര്‍…..”യു.പി.യില്‍ യോഗി ഇതിനിപ്പോള്‍ “ഗന്ധംകൊണ്ടുപോലും സഹിക്കവയ്യാത്തോരശുദ്ധര്‍” എന്ന ഒരനുബന്ധം കൂടി തന്റെ പ്രവൃത്തിയിലൂടെ ചേര്‍ത്തിരിക്കുന്നു. ഇതിനു മുമ്പത്തെ ഊഴം കര്‍ണ്ണാടകയിലെ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ എം.പി.യുമായ യെദ്യൂരപ്പയുടേതായിരുന്നു.
ദളിതനായ ബി.ജെ.പി. പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയും ഹോട്ടലില്‍ നിന്ന് പ്രത്യേക ഭക്ഷണം വരുത്തി കഴിച്ച് തങ്ങളെ അപമാനിക്കുകയും ചെയ്തു എന്ന് പുറത്തു പറഞ്ഞത് ബി.ജെ.പി.പ്രവര്‍ത്തകന്‍ തന്നെയായിരുന്നു. “ഊട്ടിയുറപ്പിക്കുക” എന്നൊരു പ്രസിദ്ധമായ പ്രയോഗം തന്നെയുണ്ടല്ലോ.
ഒന്നിച്ചിരുന്ന് ഉണ്ണാന്‍ പോലും കഴിയാത്തവര്‍ ഏത് ഹിന്ദുവിന്റെ ഐക്യത്തെക്കുറിച്ചാണ് പറയുന്നത്?
പന്തിഭോജനത്തിന്റെ നൂറാം വര്‍ഷത്തിലാണ് ഇതൊക്കെ ഇപ്പോഴും ഇന്ത്യയില്‍ സംഭവിക്കുന്നതെന്നോര്‍ക്കുക. നൂറുവര്‍ഷം മുമ്പ് ഇതേ ദിവസമായിരുന്നു സഹോദരന്‍ അയ്യപ്പന്‍ പുലയരായ രണ്ടു പേര്‍ക്കൊപ്പം ജാതിമേധാവികളെ വെല്ലുവിളിച്ച് ചെറായിയില്‍ പന്തിഭോജന വിപ്ലവം നടത്തിയത്. അതിന്റെ പേരില്‍ സമുദായഭ്രഷ്ട് നേരിട്ട അദ്ദേഹത്തിന് പരിഹാസ സൂചകമായി പുലയനയ്യപ്പനെന്ന വിളിപ്പേരും കിട്ടി.
പാവപ്പെട്ട ദളിതന്റെയും ന്യൂനപക്ഷത്തിന്റെയും ഭക്ഷണമായ ബീഫിനു വേണ്ടി വാദിച്ചതിന് “പോത്ത്” വിശേഷണം സംഘികള്‍ എനിക്ക് ചാര്‍ത്തിത്തരുമ്പോള്‍ 100 വര്‍ഷം മുമ്പത്തെ പുലയനയപ്പന്‍ വിളി ഓര്‍മ്മ വരുന്നു. വര്‍ഷം 100 കഴിഞ്ഞെങ്കിലും മനോഭാവത്തിനു മാത്രമല്ല അധിക്ഷേപ രീതികള്‍ക്കും മാറ്റമില്ല.
ദളിതന്റെയും പാവപ്പെട്ടവന്റെയും ഭക്ഷണമായ (അവരുടെ മുഖ്യ പ്രോട്ടീന്‍ സ്രോതസ്സായി കണക്കാക്കപ്പെടുന്നത്) ബീഫിനും മാംസഭക്ഷണത്തിനും എതിരായ കയ്യേറ്റം എന്നതിനുമപ്പുറം ജാതീയവും വര്‍ഗ്ഗീയവുമായ ദ്വിമുഖ കടന്നാക്രമണത്തിന്റെ പുതിയഘട്ടത്തിനു തുടക്കം കുറിച്ചു കഴിഞ്ഞ ഇന്നത്തെ ഇന്ത്യയില്‍ പ്രതിഷേധം ബീഫ് ഫെസ്റ്റിവലിനും അപ്പുറം വളരണം. ബീഫ് ഫെസ്റ്റിവലില്‍ നിന്ന് മിശ്രഭോജന-പന്തിഭോജന മേളകളിലേക്ക് രാജ്യം മുഴുവന്‍ പ്രതിഷേധം വളരണം. ആ പ്രതിഷേധ ഭോജനങ്ങള്‍ പതിതരുടെ ഐക്യം “ഊട്ടിയുറപ്പിക്കട്ടെ”