| Saturday, 24th April 2021, 9:33 pm

വെറും മരണങ്ങളല്ല, കൂട്ടക്കൊലകള്‍; കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്ന് മുന്‍ എം.പിയും സി.പി.ഐ.എം നേതാവുമായ എം.ബി രാജേഷ്. ദല്‍ഹിയില്‍ നിന്ന് സഹായം ആവശ്യപ്പെട്ട് സുഹൃത്ത് വിളിച്ച സാഹചര്യം വിശദീകരിച്ച് രാജേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദല്‍ഹിയില്‍ നടക്കുന്നത് വെറും മരണങ്ങളല്ലെന്നും കൂട്ടക്കൊലകളാണെന്നും രാജേഷ് പറഞ്ഞു. ദല്‍ഹി വാഴുന്ന മനുഷ്യവിരുദ്ധരായ ഭരണകൂടങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ലോകരാജ്യങ്ങള്‍ വാക്‌സിന്‍ നേരത്തെ ബുക്ക് ചെയ്തപ്പോള്‍ മോദി സര്‍ക്കാര്‍ അനങ്ങാതിരിക്കുകയായിരുന്നെന്ന് രാജേഷ് പറഞ്ഞു. എല്ലാം വിപണി ചെയ്‌തോളും എന്ന തരത്തില്‍ ഉദാരവല്‍ക്കരണ നയം മോദി പിന്തുടര്‍ന്നപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ആസൂത്രണത്തോടെ ഓക്‌സിജന്‍ ഉത്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വെറും മരണങ്ങളല്ല കൂട്ടക്കൊലകളാണ്

രാവിലെ ദില്ലിയില്‍ നിന്നുള്ള ഒരു ഫോണ്‍ കാളാണ് എന്നെ വിളിച്ചുണര്‍ത്തിയത്. അത് ഒരു സഹായ അഭ്യര്‍ത്ഥനയായിരുന്നു. വെറും 28 വയസ്സു പ്രായമുള്ള എന്റെ ഒരു സുഹൃത്ത് കോ വിഡ് ബാധിച്ച് അവിടെ ഗുരുതരാവസ്ഥയിലാണ്.ഒരു ആശുപത്രിയിലും ബെഡ് കിട്ടാനില്ല. എന്തെങ്കിലും വ്യക്തി ബന്ധം ഉപയോഗിച്ച് ഒരു ആശുപത്രിയില്‍ പ്രവേശനം തരപ്പെടുത്താനാവുമോ എന്നാണ് ചോദ്യം.

എല്ലാ വാതിലുകളും മുട്ടി ഫലമില്ലാതായപ്പോഴുള്ള അവസാന ശ്രമമാണ്. പാലക്കാട്ടിരിക്കുന്ന ഞാന്‍ ഡല്‍ഹിയിലേയും കേരളത്തിലേയും എല്ലാ ബന്ധങ്ങളും ഓര്‍ത്തെടുത്ത് വിളിച്ചു നോക്കി.പ്രത്യേകിച്ച് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരെ. രണ്ടര മണിക്കൂര്‍ എന്നെപ്പോലെ പല സുഹൃത്തുക്കളും സാദ്ധ്യമായ ശ്രമങ്ങളെല്ലാം നടത്തി.ഞാന്‍ പലര്‍ മുഖേന ബന്ധപ്പെട്ട ഡല്‍ഹിയിലെ 12ആശുപത്രികളില്‍ 10 ഇടത്തും രക്ഷയുണ്ടായില്ല..

ഒരു സ്വകാര്യ ആശുപത്രിയില്‍ ബെഡ് തരാം പക്ഷേ വെന്റിലേറ്ററില്ല. മറ്റൊരിടത്ത് മുന്‍കൂര്‍ ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ! വേറെ മാര്‍ഗ്ഗമില്ലെങ്കില്‍ അതാവാം എന്ന് നിശ്ചയിക്കാനിരിക്കുമ്പോള്‍ ഞങഘ ല്‍ എങ്ങിനെയോ ഒരു ബെഡ് ലഭിച്ചുവെന്ന വിവരം വന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത് ! ആ ചെറുപ്പക്കാരന്‍ അവിടെ ചികിത്സയിലിരിക്കുന്നു.

ഹൃദയഭേദകമാണ് കാഴ്ചകള്‍. ഓക്‌സിജന്‍ കിട്ടാതെ ആശുപത്രി മുറ്റത്തും വരാന്തകളിലും മരിച്ചു വീഴുന്ന മനുഷ്യജീവികള്‍.കണ്‍മുന്നില്‍ ശ്വാസം കിട്ടാതെ പിടയുന്ന ഉറ്റവര്‍ക്ക് സഹായം തേടിയുള്ള ബന്ധുക്കളുടെ കരള്‍ പിളരുന്ന അലറിക്കരച്ചിലുകള്‍. കൂട്ടിയിട്ട മൃതശരീരങ്ങള്‍. ആംബുലന്‍സില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് റോഡില്‍ അനാഥമായി കിടക്കുന്ന ജഡം. ശ്മശാനങ്ങളില്‍ കത്തിയമരുന്ന കൂട്ടച്ചിതകള്‍.

ഇതിന് ആര്‍ക്കും ഉത്തരവാദിത്തമില്ലേ? ഇത് വെറും മരണങ്ങളല്ല. കൂട്ടക്കൊലകളാണ്.ദില്ലി വാഴുന്ന മനുഷ്യ വിരുദ്ധരായ ഒരു ഭരണകൂടമാണ് ഇതിന് ഉത്തരവാദികള്‍. എന്തുകൊണ്ട്?

1. ഓക്‌സിജന്‍ ലഭ്യമാക്കുക എന്ന പ്രാഥമിക കടമ നിറവേറ്റാത്ത ക്രിമിനല്‍ നെഗ്ലിജന്‍സിന് ഉത്തരവാദികള്‍ മോദി സര്‍ക്കാരാണ്. വെറും ആറ് മാസം മുമ്പ് 2020 ഒക്ടോബറില്‍ മാത്രമാണ് ഇന്ത്യയിലാകെ വെറും 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ ആരംഭിക്കാന്‍ തുഛമായ 201 കോടി രൂപ പി എംകെ യേഴ്‌സ് ഫണ്ടില്‍ നിന്ന് അനുവദിച്ചത്. ആയിരക്കണക്കിന് കോടി രൂപ പിരിച്ച്, കണക്കുകള്‍ പുറത്തു വിടാതെ പൂഴ്ത്തിവെച്ചതില്‍ നിന്നാണ് പിശുക്കി ഈ നിസ്സാരമായ തുക നല്‍കിയത്.

എന്നിട്ട് 6 മാസം കൊണ്ട് ആരംഭിച്ചതോ? വെറും 33 എണ്ണം മാത്രം! ബാക്കിയുള്ളവയുടെ ടെന്‍ഡര്‍ പോലും ആയിട്ടില്ല ! യു.പി യില്‍ പണം അനുവദിച്ച 14 ല്‍ ഒന്നുപോലും തുടങ്ങിയിട്ടില്ല ഒരു മഹാദുരന്തത്തെ നേരിടാനുള്ള നടപടികളുടെ വേഗം നോക്കൂ. ഒച്ചിഴയുന്നതു പോലും മോദി സര്‍ക്കാരിനേക്കാള്‍ വേഗത്തിലാണ്.

2. ഇനി വാക്‌സിന്റെ കാര്യമെടുക്കാം. അമേരിക്കന്‍ സര്‍ക്കാര്‍ 2020 ആഗസ്റ്റില്‍ 44700 കോടി വാക്‌സിന്‍ ഉല്‍പ്പാദനത്തിന് നിക്ഷേപിച്ചപ്പോള്‍ ഇന്ത്യയോ? ചില്ലിക്കാശ് നിക്ഷേപിച്ചില്ല. ഏറ്റവുമൊടുവില്‍ ആയിരങ്ങള്‍ മരിച്ചു വീഴാന്‍ തുടങ്ങിയപ്പോള്‍, എട്ട് മാസത്തിനു ശേഷം ഈ ഏപ്രില്‍ 19 ന് മാത്രമാണ് 4500 കോടി രൂപ അനുവദിച്ചത്.അതും ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യ മാത്രമുള്ള അമേരിക്ക നിക്ഷേപിച്ചതിന്റെ പത്തിലൊന്ന് മാത്രം!

3. മറ്റ് രാജ്യങ്ങള്‍ ആവശ്യമായ ഡോസ് വാക്‌സിന്‍ നേരത്തേ ബുക്ക് ചെയ്തപ്പോള്‍ മോദി സര്‍ക്കാര്‍ പൊറുക്കാനാവാത്ത അനാസ്ഥയാണ് കാണിച്ചത്. അമേരിക്ക 2020 ആഗസ്റ്റില്‍ 400 ദശലക്ഷം ഡോസും യൂറോപ്യന്‍ യൂണിയന്‍ 2020 നവംബറില്‍ 800 ദശലക്ഷം ഡോസും മുന്‍കൂട്ടി ബുക്ക് ചെയ്ത ലപ്പാള്‍ കേന്ദ്ര സര്‍ക്കാര്‍ മാസങ്ങള്‍ അനങ്ങാതിരുന്നു. ഒടുവില്‍ ഈ ജനുവരിയില്‍ ബുക്ക് ചെയ്തത് വെറും 16 ദശലക്ഷം ഡോസ് മാത്രം.

4. ഇതിനു പുറമേയാണ് ലോകത്ത് ഒരിടത്തുമില്ലാത്ത വിലക്ക് വാക്‌സിന്‍ വിറ്റ് കൊള്ളലാഭം കൊയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. ഇന്നത്തെ ദി ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയനുസരിച്ച് ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലുള്‍പ്പെടെ ലോകത്തെല്ലായിടത്തേക്കാള്‍ കൂടുതലാണ് മോദിയുടെ ഇന്ത്യയില്‍ വാക്‌സിന്റെ വില.
എന്തൊരു കണ്ണില്‍ ചോരയില്ലാത്ത സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍, പാചകവാതകം, ഇപ്പോഴിതാ വാക്‌സിനും വില കൂട്ടിയിരിക്കുന്നു.

വില കൂട്ടാന്‍ ഇനി ശവപ്പെട്ടി കൂടിയേ ബാക്കിയുള്ളൂ. മോദിയുടെ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ ഇതുവരെ ശവപ്പെട്ടി ഉല്‍പ്പാദിപ്പിക്കാത്തത് ഭാഗ്യം. ഉണ്ടെങ്കില്‍ അതിലും കൊള്ളലാഭം താങ്കള്‍ അവര്‍ക്ക് ഉറപ്പാക്കുമായിരുന്നു.

5.സര്‍ക്കാര്‍ ഒന്നും ചെയ്യേണ്ട എല്ലാം വിപണി ചെയ്‌തോളും എന്ന ബി.ജെ.പി.യുടെ ഉദാരവല്‍ക്കരണ സാമ്പത്തിക ദര്‍ശനവും മാനുഷികത തീരെയില്ലാത്ത വര്‍ഗ്ഗീയ പ്രത്യയശാസ്ത്രവും ചേര്‍ന്നപ്പോഴാണ് ദുരന്തത്തിന്റെ ആഴവും ആഘാതവും കൂടിയത്. നിര്‍മ്മല സീതാരാമന്‍ നേരത്തേ തന്നെ പറഞ്ഞതോര്‍മ്മയില്ലേ? covid iS an act of god, govt has limitations എന്ന്. അതായത് ദൈവം വരുത്തിയതാണ്, ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് .

ഒടുവിലെ പ്രസംഗത്തില്‍ മോദി പറഞ്ഞത് എല്ലാവരും സ്വന്തം കാര്യം സ്വയം ശ്രദ്ധിക്കണം എന്നായിരുന്നില്ലേ? സര്‍ക്കാറിനെ പ്രതീക്ഷിക്കേണ്ട എന്നര്‍ത്ഥം. മോദി പറഞ്ഞത് ശരിയാണ്. ഇന്ത്യയില്‍ ഇന്ന് ഒരു ഭരണമില്ല. ആയിരങ്ങളെ മരണത്തിനെറിഞ്ഞു കൊടുത്ത് ഭരണകൂടം കരയ്ക്കിരുന്നു ആ ദുരന്തം കാണുകയാണ്. എന്തൊരു രാജ്യസ്‌നേഹികള്‍?

6. എന്നാല്‍ എല്ലാം വിപണിയെ ഏല്‍പ്പിക്കുകയല്ല ഇടപെടുകയാണ് ചെയ്യേണ്ടത് എന്ന് തെളിയിച്ച ഒരു സര്‍ക്കാരുണ്ട് ഇവിടെ കേരളത്തില്‍.ഒരു വര്‍ഷത്തിനിടയില്‍ പിഴയ്ക്കാത്ത ആസുത്രണവും കരുതലും കാര്യക്ഷമതയും പുലര്‍ത്തി വരാനിരിക്കുന്ന മഹാദുരന്തത്തെ നേരിടാന്‍ തയ്യാറെടുപ്പു നടത്തിയ LDF സര്‍ക്കാര്‍.

ഒരു വര്‍ഷത്തിനിടയില്‍ ഓക്‌സിജന്‍ ഉല്‍പ്പാദനം ഒരു മിനിറ്റില്‍ 50 ലിറ്ററില്‍ നിന്ന് 1250 ലിറ്ററായി, ഇരുപത്തിയഞ്ചിരട്ടിയാക്കി കുട്ടിയ സര്‍ക്കാര്‍.9735 ICU കിടക്കകളും 3776 വെന്റിലേറ്ററുകളും സജ്ജമാക്കിയ സര്‍ക്കാര്‍. (അതില്‍ യഥാക്രമം 999 ഉം 277 ഉം മാത്രമേ ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ എന്നോര്‍ക്കണം. ) മരണ നിരക്ക് ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിലയില്‍ പിടിച്ചു നിര്‍ത്തി ആയിരക്കണക്കിന് മനുഷ്യ ജീവന്‍ രക്ഷിച്ച ഒരു സര്‍ക്കാര്‍.

വാക്‌സിന്റെ പേരില്‍ ജനങ്ങളെ പിഴിയില്ല എന്ന ധീരമായ നിലപാട് എടുത്ത ഒരു സര്‍ക്കാര്‍. അതുകൊണ്ടാണ് ഗുജറാത്തിലേയും യു പി യിലേയും ദല്‍ഹിയിലേയും ഹൃദയഭേദകമായ കാഴ്ചകളൊന്നും കേരളത്തില്‍ കാണാത്തത്.

രണ്ടു സര്‍ക്കാരുകള്‍ തമ്മില്‍ മാത്രമല്ല രണ്ടിനേയും നയിക്കുന്ന രാഷ്ട്രീയം തമ്മിലാണ് മൗലികമായ വ്യത്യാസം. നിങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ ആയുസ്സ് നിര്‍ണയിക്കുന്നത്, ജീവിതത്തേയും മരണത്തേയും നിര്‍ണയിക്കുന്നത് രാഷ്ട്രീയമാണ് എന്ന പാഠമാണ് ഇന്ത്യയും കേരളവും ഈ മഹാമാരിയില്‍ പഠിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MB Rajesh Delhi Covid Narendra Modi Vaccination Oxygen

We use cookies to give you the best possible experience. Learn more