പാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ അപ്രതീക്ഷിത തോല്‍വിയിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ജില്ലയില്‍ നിന്നും പരാതി. പി.കെ ശശിയുടെ പ്രവര്‍ത്തന മേഖലയായ മണ്ണാര്‍ക്കാട് സി.പി.ഐ.എം ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ഘടകങ്ങളാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ നേതാവിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് പാര്‍ട്ടിയിലേക്ക് തിരിച്ചു വരാനൊരുങ്ങുന്ന ഘട്ടത്തിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
പാലക്കാട് മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് വലിയ തിരിച്ചടി ലഭിച്ചത് മണ്ണാര്‍ക്കാട് നിന്നാണ്. ഈ മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സജീവമായിരുന്നില്ലെന്നാണ് പരാതികളില്‍ ചൂണ്ടിക്കാണിക്കുന്നത്. പി.കെ ശശി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.
പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിലെ ജീവനക്കാരോട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുമാസത്തെ അവധിയെടുക്കാന്‍ സി.പി.ഐ.എം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള സഹകരബാങ്ക് ജീവനക്കാരെ പി.കെ ശശി ഇടപെട്ട് പിന്തിരിപ്പിച്ചെന്നാണ് മറ്റൊരു ആരോപണം.
പി.കെ ശശിക്കെതിരായ അച്ചടക്ക നടപടിയുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ആറുമാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ശശിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. കാലാവധി പൂര്‍ത്തിയായതിനാല്‍ ഏത് ഘടകത്തിലാണ് പി.കെ ശശി പ്രവര്‍ത്തിക്കേണ്ടതെന്ന് സംസ്ഥാന സമിതിയാണ് തീരുമാനിക്കുക. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്നു പി.കെ ശശി. കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ശശിക്കെതിരെ നടപടി സ്വീകരിച്ചത്.
ഇടതുപക്ഷത്തിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന പാലക്കാട് ലോക്‌സഭാ സീറ്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍ 10000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയിച്ചത്.
WATCH THIS VIDEO: