കല്‍പ്പറ്റ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശാസ്ത്രജ്ഞരെ സമീപിച്ചെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് മന്ത്രി എം.ബി. രാജേഷ്. പാര്‍ലമെന്റില്‍ ഉന്നയിച്ച കള്ളം സ്ഥാപിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആളുകളെ വിലക്കെടുക്കാനാണ് ശ്രമിച്ചതെന്ന് എം.ബി. രാജേഷ് പറഞ്ഞു. ‘ദി ന്യൂസ് മിനിട്ട്’ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് മന്ത്രിയുടെ വിമര്‍ശനം.
എത്ര ഹൃദയശൂന്യരാണ് ഇവര്‍. ഒരു നാട് മുഴുവന്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും മോചിതരാകുന്നതിന് മുമ്പ് ദുരന്തത്തിനിരയായ ജനതക്കെതിരെ ഉപജാപങ്ങളില്‍ ഏര്‍പ്പെടാന്‍ ഇവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുകയെന്നും മന്ത്രി ചോദിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ മന്ത്രി വിമര്‍ശനം ഉയര്‍ത്തിയത്.
പ്രളയം വന്നപ്പോള്‍ നല്‍കിയ അരിയ്ക്കും രക്ഷാപ്രവര്‍ത്തനത്തിനയച്ച ഹെലികോപ്റ്ററിന്റെ വാടകയുമെല്ലാം കണക്കുപറഞ്ഞ് വാങ്ങിയ ഷൈലോക്കുമാരാണ് കേന്ദ്ര സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. കേരളത്തെ സഹായിക്കാന്‍ മറ്റ് രാജ്യങ്ങള്‍ മുന്നോട്ടുവന്നപ്പോള്‍ അത് തട്ടിത്തെറിപ്പിച്ചത് കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. കേരളത്തെ സഹായിക്കുന്നതിന് പകരം അണിയറയില്‍ കൊടും ചതിപ്രയോഗമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവരില്‍ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണം, നാം കരുതിയിരിക്കണമെന്നും മന്ത്രി കുറിച്ചു. ദി ന്യൂസ് മിനിറ്റ് പുറത്തുവിട്ട ഞെട്ടിക്കുന്ന വാര്‍ത്തയുടെ ഗൗരവം തിരിച്ചറിഞ്ഞ് മലയാള മാധ്യമങ്ങള്‍ ഒന്നടങ്കം ഈ വിഷയം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ എഴുതാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നിരവധി ശാസ്ത്രജ്ഞരെ സമീപിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ വിമര്‍ശനാന്മക ലേഖനങ്ങള്‍ എഴുതി നല്‍കാന്‍ ആവശ്യമായ പഴയ പത്രവാര്‍ത്തകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പി.ഐ.ബി ശാസ്ത്രജ്ഞര്‍ക്ക് കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വാര്‍ത്തയെ ഉദ്ധരിച്ചാണ് മന്ത്രിയുടെ വിമര്‍ശനം.
കഴിഞ്ഞ ദിവസം വയനാട് ദുരന്തത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് കേന്ദ പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പ്രതികരിച്ചതിന് പിന്നാലെയാണ് ന്യൂസ് മിനിട്ടിന്റെ റിപ്പോര്‍ട്ട്. വയനാട്ടില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടത്തിയ അനധികൃത ഖനനവും കൈയേറ്റവുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ദുരന്തമുണ്ടായതിന് പിന്നാലെ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു.
വയനാട് ഉരുള്‍പ്പൊട്ടലിന് മുമ്പ് കേരളത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയെന്നായിരുന്നു അമിത് ഷായുടെ ആരോപണം. എന്നാല്‍ ഉരുള്‍പൊട്ടലുണ്ടായ അന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒരു തവണ പോലും റെഡ് അലര്‍ട്ട് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനോട് നേരത്തെ പ്രതികരിച്ചിരുന്നു.
Content Highlight: MB Rajesh criticized the NDA central government based on wayanad landslide