|

വാളയാര്‍ കേസ്; വലതുപക്ഷത്തിന്റെ വ്യക്തിഹത്യയില്‍ മുറിവേറ്റിട്ടുണ്ട്, സി.ബി.ഐയുടെ കുറ്റപത്രത്തില്‍ മാധ്യമങ്ങള്‍ എന്തുകൊണ്ട് നിശബ്ദരായി? എം.ബി. രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാളയാര്‍ കേസില്‍ വലതുപക്ഷത്ത് നിന്ന് നേരിട്ട വ്യക്തിഹത്യയെ കുറിച്ച് പ്രതികരിച്ച് മന്ത്രി എം.ബി. രാജേഷ്. കൊടും നുണകളുടെ രാഷ്ട്രീയ സന്തതികളായ യു.ഡി.എഫ് അവര്‍ക്കര്‍ഹരായ ‘അമ്മ’മാരെ കണ്ടെത്തുന്നുവെന്ന് എം.ബി. രാജേഷ് പറഞ്ഞു. ആയമ്മമാരെ വലതുപക്ഷം വാഴ്ത്തിക്കൊണ്ടിരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രിയുടെ വിമര്‍ശനം. അവരുടെ ‘അമ്മ’യെക്കുറിച്ച് എന്നാണ് മന്ത്രിയുടെ കുറിപ്പിന്റെ തുടക്കം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ തൃത്താലയില്‍ സ്ഥാനാര്‍ത്ഥിയായതോടെ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തന്നെ തനിക്കെതിരായ വ്യക്തിഹത്യക്ക് നേതൃത്വം കൊടുത്തുവെന്നും മന്ത്രി പറഞ്ഞു.

2017ലാണ് രണ്ട് പെണ്‍കുട്ടികള്‍ വാളയാറില്‍ ക്രൂരമായ ലൈംഗിക ചൂഷണത്തിനിരയായി ഒന്നിന് പിറകെ ഒന്നായി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. അന്ന് താന്‍ പാലക്കാട് എം.പിയാണ്. 2019ല്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. അന്നൊന്നും ഉയര്‍ന്നുവരാത്ത ക്രൂരമായ ആരോപണം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഉയര്‍ന്നുവന്നതെന്നും എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി.

അന്നത്തെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസാണ് വാളയാറിലെ കുട്ടികളുടെ മരണത്തിന് കാരണക്കാരായ കൊടും ക്രിമിനലുകളെ രക്ഷപ്പെടുത്തിയത്, താനും നിതിന്‍ കണിച്ചേരിയുമാണ് എന്ന അതിക്രൂരമായ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തൊട്ടുപിന്നാലെ ദീര്‍ഘകാലമായി കമ്യൂണിസ്റ്റ് വിരുദ്ധ ലഹരിക്കടിമയായി ടെലിവിഷന്‍ ചാനലുകളിലെ സ്ഥിരം അധമഭാഷണക്കാരനായ ഒരു വക്കീല്‍ വേഷധാരി ഏഷ്യാനെറ്റിലൂടെ ഈ ആരോപണം ആവര്‍ത്തിച്ചു. അതിനെതിരെ താന്‍ നല്‍കിയ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നാല് വര്‍ഷമായി നടന്നുവരികയാണെന്നും എം.ബി. രാജേഷ് പറഞ്ഞു.

തൃത്താലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ വെച്ച് പുറത്തിറക്കിയ പോസ്റ്റര്‍ മന്ത്രി കമന്റ് ബോക്‌സില്‍ പങ്കുവെക്കുകയും ചെയ്തു. ‘വാളയാറില്‍ പ്രതികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവനെയല്ല, നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയവനെയാണ് തൃത്താലക്കാവശ്യം,’ എന്നാണ് പോസ്റ്ററിലെ വാചകം.

തൂങ്ങിനില്‍ക്കുന്ന രണ്ട് കുഞ്ഞുടുപ്പുകളുടെ ചിത്രം പതിച്ച ആയിരക്കണക്കിന് പോസ്റ്ററുകള്‍ അന്ന് മണ്ഡലത്തിലുടനീളം പതിച്ചിരുന്നുവെന്നും മന്ത്രി കുറിപ്പില്‍ പറഞ്ഞു. പോളിങ് ദിവസം ബൂത്തുകളുടെയെല്ലാം പരിസരങ്ങളില്‍ ചുവന്ന മഷി തൂവിയ വെള്ള കുഞ്ഞുടുപ്പുകള്‍ കൊണ്ടുള്ള തോരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. തീര്‍ന്നില്ല, മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫ് മത്സരിപ്പിച്ച വാളയാറമ്മ പിന്നെ കേന്ദ്രീകരിച്ചത് തൃത്താലയിലായിരുന്നുവെന്നും എം.ബി. രാജേഷ് പറഞ്ഞു.

വിഷം തീണ്ടിയ മനസിനുടമയായ കാളകൂടകണ്ഠനും യു.ഡി.എഫ് നേതാക്കളും ആ ‘അമ്മ’യെ തൃത്താലയിലാകെ കൊണ്ടുനടന്നു. നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളില്‍ പങ്കെടുപ്പിച്ചു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ യോഗത്തില്‍ സംസാരിക്കുന്നതിന്റെ ഒരു വീഡിയോയും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

‘2017 ജനുവരി 13ന് എന്റെ മൂത്ത മോള്‍ കൊല്ലപ്പെട്ട അന്ന് ഞങ്ങള്‍ ചൂണ്ടിക്കാണിച്ച പ്രതികളെ പൊലീസ് വൈകുന്നേരം ഏഴ് മണിയാകുമ്പോള്‍ അറസ്റ്റ് ചെയ്തുകൊണ്ട് പോവുകയും രാത്രി ഒരു മണിയാവുമ്പോള്‍ അവിടത്തെ ലോക്കല്‍ നേതാക്കള്‍ ജാമ്യത്തിലിറക്കിക്കൊണ്ടുവരികയും ചെയ്തപ്പോള്‍ അന്ന് ഞങ്ങള്‍ ചൂണ്ടിക്കാണിച്ച പ്രതികളെ രക്ഷപ്പെടുത്താന്‍ വിളിച്ചുപറഞ്ഞത് ഇന്ന് ഈ മണ്ഡലത്തില്‍ മത്സരിക്കാന്‍ വരുന്ന എം.ബി. രാജേഷാണെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാമായിരുന്നു,’ എന്നാണ് വീഡിയോയില്‍ വാളയാറിലെ അമ്മ പറയുന്നത്.

ജീവിതത്തില്‍ ഏറ്റവും മുറിവേറ്റ നാളുകള്‍ അതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തൃത്താലയിലെ ജനങ്ങളോടുള്ള ഏറ്റവും വലിയ കടപ്പാട് ആ ക്രൂരമായ വ്യക്തിഹത്യക്ക് അവര്‍ പുല്ലുവില കല്‍പ്പിച്ചില്ല എന്നതാണ്. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ ഒരാള്‍ എന്നതുകൊണ്ട് കൂടിയാണ് ഒരു രാഷ്ട്രീയ ആക്രമണമെന്നതിനപ്പുറം വ്യക്തിപരമായ മുറിവായി അത് മാറിയതെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ വ്യാജമാണെന്നറിഞ്ഞിട്ടും സംഘി-കോണ്‍ഗ്രസ്-ലീഗ് ഹാന്‍ഡിലുകളില്‍ നിന്ന് സൈബറിടത്തില്‍ സംഘടിതമായ ആക്രമണം തുടര്‍ന്നു. ഇതിനെല്ലാം പ്രധാന കാരണക്കാരനെന്ന നിലയിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ വക്കാലത്തെടുത്തയാള്‍ക്കെതിരെ കേസ് നല്‍കിയത്.

ഈ പ്രശ്‌നത്തില്‍ വ്യക്തിപരമായ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന മറ്റൊരനുഭവം കൂടിയുണ്ട്. തത്കാലം അതിപ്പോള്‍ പങ്കുവെക്കുന്നില്ല. എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണിവര്‍ എന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് ബോധ്യപ്പെട്ടിട്ടുണ്ട് എന്ന് മാത്രം പറയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരായ വ്യക്തിപരമായ ആരോപണം പക്ഷേ, ഒരു മുഖ്യധാരാ മാധ്യമവും നല്‍കുകയോ ഏറ്റുപിടിക്കുകയോ ചെയ്തില്ല എന്ന് പറയാതിരുന്നാല്‍ സത്യസന്ധമാവില്ലെന്നും മന്ത്രി പറഞ്ഞു. പക്ഷേ മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോടും ഇടതുപക്ഷത്തോടും ആ മാന്യത കാണിച്ചില്ല എന്നും പറയാതെവയ്യ. വാളയാറമ്മയെ വലതുപക്ഷത്തിനൊപ്പം മഹത്തവത്ക്കരിച്ച് ഇടതുപക്ഷം ആ അമ്മയോട് ചെയ്ത ‘അനീതി’കളെക്കുറിച്ച് അവര്‍ മാസങ്ങള്‍ വെണ്ടയ്ക്ക നിരത്തിയെന്നും മന്ത്രി പറഞ്ഞു.

ദീര്‍ഘദീര്‍ഘമായി ഉപന്യസിച്ചു. മുഖപ്രസംഗങ്ങളില്‍ രോഷംകൊണ്ടു. മാസങ്ങളോളം ചാനലുകളില്‍ പ്രൈം ടൈമില്‍ മത്സരിച്ച് വട്ടത്തിലും നീളത്തിലുമിരുന്ന് അന്തമില്ലാത്ത ചര്‍ച്ചകള്‍ നടത്തി. കാളകൂടകണ്ഠന്മാര്‍ വിഷം വമിക്കുന്ന നുണകള്‍ തങ്ങള്‍ക്കെതിരെ ടണ്‍ കണക്കിന് ചൊരിഞ്ഞു. ഇടതുപക്ഷത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുക എന്ന ദൗത്യം വലതുപക്ഷത്തിനായി നിര്‍വഹിച്ചു. കേരളത്തിലെ വലതുപക്ഷത്തിന്റെ ‘അമ്മ’ മാധ്യമങ്ങള്‍ക്ക് നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെയെല്ലാം അമ്മയായി മാറിയെന്നും എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലൂടെ സത്യം പുറത്തുവന്നിരിക്കുന്നു. ‘ദി ഹിന്ദു’ മാത്രമാണ് പ്രാധാന്യത്തോടെ അത് റിപ്പോര്‍ട്ട് ചെയ്തതായി കണ്ടത്. ഇവരെല്ലാം ചേര്‍ന്ന് മഹത്തവത്കരിക്കുകയും നാടാകെ തങ്ങള്‍ക്കെതിരെ എഴുന്നള്ളിച്ചു നടക്കുകയും ചെയ്ത ഈ ‘അമ്മ’ പ്രായപൂര്‍ത്തിയാവാത്ത സ്വന്തം മകളെ ലൈംഗികചൂഷണം നടത്താന്‍ സഹായം ചെയ്തു, സ്വന്തം കണ്മുന്നിലിട്ടും കുട്ടികളെ ദുരുപയോഗിക്കാന്‍ കൂട്ടുനിന്നു എന്നിങ്ങനെയുള്ള ചോര മരവിപ്പിക്കുന്ന ക്രൂരതകളാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്! അതായത് കുറ്റവാളികള്‍ ചെയ്ത അതേ കുറ്റത്തിന് വാളയാര്‍ കുട്ടികളുടെ അമ്മയും വിചാരണ ചെയ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ആ സ്ത്രീയെ വിധിക്കാന്‍ താന്‍ ആളല്ല, കോടതി വിധിക്കട്ടെ എന്നും മന്ത്രി കുറിച്ചു.

‘ആദ്യം മാധ്യമങ്ങളോടാണ് ചോദ്യം. എന്തേ ഈ സ്‌തോഭജനകമായ വാര്‍ത്ത നിങ്ങള്‍ കൂട്ടത്തോടെ തമസ്‌കരിച്ചു? എന്തേ പൊടുന്നനെ നിങ്ങള്‍ ഒന്നടങ്കം നിശബ്ദരായി? എന്തേ തലക്കെട്ടുകളും പ്രൈംടൈം ചര്‍ച്ചകളും കവര്‍ സ്റ്റോറികളും ഇല്ലാത്തത്? ലജ്ജകൊണ്ട്? അതോ കുറ്റബോധം? മറുപടി പറയാന്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. പറയുമോ?

(പത്രസമ്മേളനങ്ങളില്‍ മാധ്യമവിമര്‍ശനം നടത്തുമ്പോള്‍ ഇനിയിപ്പോ ഇയാളുടെ മാധ്യമ ക്ലാസ് കേള്‍ക്കണമല്ലോ എന്ന് മുറുമുറുക്കുന്നവര്‍ അറിയുക, നിങ്ങള്‍ ഞങ്ങളോട് ചെയ്യുന്ന അന്യായങ്ങളെക്കുറിച്ച് മാത്രമാണ് പറയുന്നത്. അത് ഇനിയും പറയേണ്ടിവരും),’ എം.ബി. രാജേഷ് പറഞ്ഞു.

വലതുപക്ഷത്തെക്കുറിച്ച് എന്ത് പറയാന്‍. ഇത്തരം ‘മാതൃസ്വരൂപ’ങ്ങളുടെ മുന്നില്‍ കൈകൂപ്പിനില്‍ക്കാന്‍ അര്‍ഹര്‍ വലതുപക്ഷം തന്നെയാണെന്നും മന്ത്രി പറഞ്ഞു. ഇക്കൂട്ടര്‍ ഇതിനൊന്നും ഒരക്ഷരം മറുപടി പറയില്ല. ചത്ത പാമ്പിനെപ്പോലെ പതുങ്ങിക്കിടക്കും. അടുത്ത കൊടും നുണയുമായി തങ്ങളെ ആഞ്ഞുകൊത്താനുള്ള തക്കം പാര്‍ത്തെന്നും മന്ത്രി പറഞ്ഞു.

Content Highlight: MB Rajesh criticized the media and the right wing in the valayar case

Latest Stories