മോഹന്‍ ഭാഗവതിനെ ആത്മീയ നേതാവെന്ന് വിളിക്കരുത്; അത് ആത്മീയാചാര്യന്‍മാര്‍ക്ക് അപമാനം; പതാക ഉയര്‍ത്താന്‍ അനുമതി നല്‍കിയ സ്‌കൂള്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും എം.ബി രാജേഷ്
Daily News
മോഹന്‍ ഭാഗവതിനെ ആത്മീയ നേതാവെന്ന് വിളിക്കരുത്; അത് ആത്മീയാചാര്യന്‍മാര്‍ക്ക് അപമാനം; പതാക ഉയര്‍ത്താന്‍ അനുമതി നല്‍കിയ സ്‌കൂള്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും എം.ബി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th August 2017, 12:23 pm

പാലക്കാട്: ജില്ലാ കളക്ടറുടെ വിലക്ക് മറികടന്ന് പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ നടപടിയെ വിമര്‍ശിച്ച് എം.ബി രാജേഷ് എം.പി.

സര്‍ക്കാര്‍ സഹായം പറ്റുന്ന സ്‌കൂളില്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെയോ, രാഷ്ട്രീയ പാര്‍ട്ടിയുടേയോ നേതാവ് വന്ന് പതാക ഉയര്‍ത്തുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്ന് എം.ബി രാജേഷ് പറഞ്ഞു.

മൂത്താംതറ പാലക്കട് ആര്‍എസ്എസ് ശക്തി കേന്ദ്രമായ സ്ഥലമാണ്. ആ തിണ്ണമിടുക്കാണ് കളക്ടറുടെ ഉത്തരവ് പോലും ലംഘിച്ച് ആര്‍എസ്എസ് ഇന്ന് കാണിച്ചത്.

മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്താന്‍ അനുവദിച്ച സ്‌കൂള്‍ മാനേജ്മെന്റും നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും എം ബി രാജേഷ് പറഞ്ഞു.


Dont Miss 2002ല്‍ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊട്ട ആര്‍.എസ്.എസുകാര്‍ക്ക് പതിനഞ്ചാം വാര്‍ഷികാശംസകള്‍; ട്രോളുമായി വി.ടി ബല്‍റാം


വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളുമുള്ള സ്‌കൂളില്‍ വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയ മോഹന്‍ ഭാഗവതിനെ പോലുള്ള വ്യക്തികള്‍ പതാക ഉയര്‍ത്തുന്നത് അംഗീകരിക്കാനാകില്ല. ആ ചട്ടലംഘനമാണ് ചൂണ്ടിക്കാട്ടുന്നതെന്നും എം.ബി രാജേഷ് വ്യക്തമാക്കി.

മോഹന്‍ഭാഗവതിന് പതാക ഉയര്‍ത്താനുളള അവകാശമുണ്ട് അത് ആര്‍.എസ്.എസ് നേതൃത്വം കൊടുക്കുന്ന സ്‌കൂളിലോ, ആര്‍.എസ്.എസ് നേതൃത്വം കൊടുക്കുന്ന പരിപാടിയിലോ ആകാമെന്നും എം.ബി രാജേഷ് പറഞ്ഞു.

രാജ്യം മുഴുവന്‍ കലാപം ഉണ്ടാക്കാനുള്ള പ്രചരണം നടത്തികൊണ്ടിരിക്കുന്ന മോഹന്‍ ഭാഗവതിനെ പോലുള്ളവരെ ആത്മീയ നേതാവെന്ന് വിളിക്കുന്നത് ആത്മീയാചാര്യന്‍ മാരെ മുഴുവന്‍ അപമാനിയ്ക്കുന്നതിന് തുല്യമാണെന്നും എം ബി രാജേഷ്് പ്രതികരിച്ചു.