| Friday, 26th May 2017, 2:43 pm

കന്നുകാലി കശാപ്പു നിരോധനം: നീക്കത്തിനു പിന്നില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടപ്പാക്കാനുള്ള സംഘപരിവാറിന്റെ ഇരട്ടത്താപ്പെന്ന് എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കന്നുകാലി കശാപ്പു നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കത്തിനു പിന്നില്‍ മത വികാരം ആളിക്കത്തിക്കാനുള്ള സംഘപരിവാര്‍ അജണ്ടയെന്ന് എം.ബി രാജേഷ് എം.പി. നിരോധനം നിയമപരമായി നിലനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനം അബദ്ധ ജഡ്ഡിലവും അപകടകരവുമാണെന്നു പറഞ്ഞ എം.ബി രാജേഷ് നീക്കത്തിനു പിന്നില്‍ സംഘപരിവാറിന്റെ ഇരട്ടത്താപ്പാണെന്നും പറഞ്ഞു. കശാപ്പു നിരോധനം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയില്‍ കനത്ത ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ബീഫ് കയറ്റുമതിയുടെ ഏറിയ പങ്കും സംഘപരിവാറിന്റെ അടുത്ത ആളുകളുടേയാണെന്നും രാജേഷ് പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യം വച്ചു കൊണ്ടുള്ള വര്‍ഗ്ഗീയ ധ്രുവീകരണമാണ് നീക്കത്തിനു പിന്നിലെന്നും രാജേഷ് പറഞ്ഞു.

കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പ് ചെയ്യുന്നതിനും നിരോധനമേര്‍പ്പെടുത്തിക്കൊണ്ടാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്.


Also Read: തന്നെ പരസ്യമായി അക്രമിച്ചിട്ടും നോക്കിനിന്ന നാറിയ സമൂഹത്തെ കാര്‍ക്കിച്ചു തുപ്പുന്നു: സൂര്യ അഭി


എന്നാല്‍ കന്നുകാലി കശാപ്പ് സംസ്ഥാനത്തിന്റെ പരിധിയിലുള്ളതിനാല്‍ തന്നെ ഉത്തരവിനെ ചൊല്ലി അവ്യക്തതയുണ്ട്. സംസ്ഥാന അതിര്‍ത്തിക്ക് 25 കിലോമീറ്റര്‍ ചുറ്റളവില്‍ കന്നുകാലി ചന്ത പാടില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ കന്നുകാലികളെ കടത്തുന്നത് അതിര്‍ത്തിയിലൂടെയാണെന്നും അതുകൊണ്ട് തന്നെ കശാപ്പിനായി ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നത് തടയാനാണ് ഇത്തരമൊരു വിജ്ഞാപനമെന്നുമാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പറയുന്നത്.

കന്നുകാലികളെ വാങ്ങുമ്പോള്‍ കശാപ്പിനല്ലെന്ന് വിപണകേന്ദ്രങ്ങളില്‍ ഉറപ്പുനല്‍കണം. പശു കാള പോത്ത് ഒട്ടകം എന്നിവയെ വാങ്ങുമ്പോള്‍ കശാപ്പിനല്ലെന്ന് വ്യക്തമാക്കുന്ന ഡോക്യുമെന്റുകള്‍ വിപണനകേന്ദ്രങ്ങളില്‍ ഒപ്പിട്ടു നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ഇനി കര്‍ഷകര്‍ക്കിടയില്‍ മാത്രമേ കന്നുകാലി വില്‍പന അനുവദിക്കൂവെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

1960ലെ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമം പരിഷ്‌കരിച്ചാണ് കേന്ദ്രം പുതിയ ഉത്തരവ് പുറപ്പെടുവിക്കാനിരിക്കുന്നത്. വാങ്ങിയ കന്നുകാലികളെ ആറുമാസത്തിനുള്ളില്‍ വില്‍ക്കാന്‍ പാടില്ല. കര്‍ഷകനാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് മാത്രമേ കന്നുകാലികളെ നല്‍കാവൂ. ചെറുതും അനാരോഗ്യമുള്ളവയുമായ കാലികളെ വില്‍ക്കരുതെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥകളുണ്ടെന്നാണ് സൂചന.

സംസ്ഥാനത്തിനു പുറത്തു നിന്ന് കാലികളെ കൊണ്ടുവരുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക അനുമതി വാങ്ങണം. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കന്നുകാലിചന്തകള്‍ നടത്താനും അനുവദിക്കില്ല.


Don”t Miss: ‘ദുര്‍ഗന്ധം മാറ്റിയിട്ട് കണ്ടാല്‍ മതി’; യോഗിയെ സന്ദര്‍ശിക്കണമെങ്കില്‍ സോപ്പും ഷാംപൂവും പെര്‍ഫ്യൂമും ഉപയോഗിക്കണമെന്ന് ദളിതരോട് അധികൃതര്‍


ഇവ കൂടാതെ കാലിചന്തകള്‍ക്കും നിബന്ധനകള്‍ ഉണ്ട്. കന്നുാലികള്‍ക്ക് ആവശ്യത്തിന് വെളളം, ഫാന്‍, കിടക്കാനുളള സൗകര്യം, റാമ്പുകള്‍, വഴുക്കില്ലാത്ത നിലം, ഡോക്ടര്‍മാരുടെ സേവനം, അസുഖമുളള കന്നുകാലികള്‍കകായി പ്രത്യേക ഇടം എന്നിവ ഒരുക്കണം. കന്നുകാലികളെ വാഹനത്തില്‍ കൊണ്ടു വരുന്നതും പോകുന്നതുമെല്ലാം ശരിയായ രീതിയിലാണോ, അതില്‍ അസുഖമുള്ളവയുണ്ടോ എന്നിവയെല്ലാം പരിശോധിക്കാന്‍ ഇന്‍സ്പെക്ടര്‍മാരെയും ചുമതലപ്പെടുത്തുന്നുണ്ട്.

We use cookies to give you the best possible experience. Learn more