| Thursday, 4th October 2018, 3:58 pm

നിങ്ങളുടെ തട്ടിപ്പ് മനസിലാകാത്തവരാണോ ജനങ്ങള്‍; തെരഞ്ഞെടുപ്പ് അടുക്കെ ഇന്ധന വിലകുറച്ച കേന്ദ്രനടപടിയെ വിമര്‍ശിച്ച് എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്ത് എത്തിയിരിക്കെ ഇന്ധനവില കുറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് സി.പി.ഐ.എം നേതാവും എം.പിയുമായ എം.ബി രാജേഷ്.

നിങ്ങളുടെ ഈ തട്ടിപ്പ് മനസിലാകാത്തവരാണ് ജനങ്ങള്‍ എന്ന് കരുതുന്നുണ്ടോ എന്നായിരുന്നു എം.ബി രാജേഷിന്റെ ചോദ്യം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവര്‍ വിലകുറയ്ക്കുന്നു.

കേന്ദ്രത്തിന് ആവശ്യമുള്ളപ്പോള്‍ വില കുറക്കാന്‍ എണ്ണക്കമ്പനികളോട് പറയുകയും അവര്‍ അത് അനുസരിക്കുകയും വില കുറയ്ക്കുകയുമാണ്. അപ്പോള്‍ വേണമെങ്കില്‍ വില കുറയ്ക്കാന്‍ കേന്ദ്രത്തിനാവും. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നാണ് ഇതിലൂടെ മനസിലാകുന്ത്.


ഇന്ധനവില കുറച്ചു


ഇത്രയും കാലം ജനങ്ങലെ പിഴിഞ്ഞതിന് എന്ത് വിശദീകരണമാണ് നിങ്ങള്‍ക്ക് നല്‍കാനുള്ളത്? ലോകത്ത് ഒരിടത്തും ഇല്ലാത്ത വില നല്‍കിയാല്‍ നമ്മള്‍ ഇത്രയും കാലം പെട്രോളും ഡീസലും വാങ്ങിയത്.

കേന്ദ്രത്തിന്റെ കൃത്യമായ കൊള്ളയാണ് ഇത് എന്ന് ഇപ്പോള്‍ വ്യക്തമായി. കേരളത്തില്‍ നേരത്തെ തന്നെ ഇന്ധന വില കുറച്ചിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്രം വിലയകുറയ്ക്കുമ്പോള്‍ ആനുപാതികമായി ഇവിടെയും വില കുറയും. കേരളം ടാക്‌സ് അമിതമായി ചുമത്തിയിട്ടില്ല. ഇവര്‍ വില കൂട്ടുമ്പോള്‍ സ്വാഭാവികമായും ഇവിടെയും വില കൂടുന്നതാണെന്നും എം.ബി രാജേഷ് എം.പി പറഞ്ഞു.

2.50 രൂപയാണ് പെട്രോളിനും ഡീസലിനും കുറച്ചത്. എക്‌സൈസ് തീരുവ 1.50 രൂപ കുറക്കുകയും എണ്ണക്കമ്പനികള്‍ 1 രൂപയുമായിരുന്നു.

നികുതി കുറയ്ക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വില കുറച്ചുകൊണ്ടുള്ള തീരുമാനം വന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ധന വില വര്‍ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. നേരത്തെ കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ധനവില വര്‍ധന കമ്പനികള്‍ നിയന്ത്രിച്ചിരുന്നു.

അതേസമയം രാജ്യത്ത് ഇന്നലെയും ഇന്ധനവില വര്‍ധിച്ചിരുന്നു. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്.

പെട്രോള്‍ 90 ലേക്കും ഡീസല്‍ 80 ലേക്കും കടന്നിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 87.25 രൂപയും ഡീസലിന് 80.63 രൂപയായി. കോഴിക്കോട് നഗരത്തില്‍ പെട്രോളിന് 87 രൂപയും ഡീസലിന് 80.31 രൂപയുമാണ് ഇന്നത്തെ വില.

അതിനിടെ പാചക വാതക വിലയും വര്‍ദ്ധിച്ചത് ജനങ്ങള്‍ക്ക് കടുത്ത പ്രതിസന്ധിയായിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more