| Wednesday, 26th June 2019, 5:19 pm

കോണ്‍ഗ്രസ് കൊച്ചുരാമന്‍മാര്‍ രാജനെന്നും ഈച്ചരവാര്യരെന്നുമൊക്കെ കേട്ടിട്ടുണ്ടോ?; ജീവിക്കാനും സ്‌നേഹിക്കാനുമായി നമുക്ക് പൊരുതാമെന്ന് എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വേഛാധിപത്യത്തിന്റെ ഇരുട്ടു വീഴ്ച കനക്കുന്ന ഈ മരവിച്ച കാലത്ത് ‘നാം ഒരു തോറ്റ ജനതയല്ലെന്ന് ‘ നമുക്ക് രേഖപ്പെടുത്താമെന്ന് മുന്‍ എംപി എം.ബി രാജേഷ്. അടിയന്തിരാവസ്ഥ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഫേസ്ബുക്കിലാണ് രാജേഷിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

നാട്ടമ്മ നല്ലതേവി
കോട്ടയില്‍ നിന്നരുള്‍ചെയ്തു
തട്ടകത്തെ നാവെല്ലാം
കെട്ടിയിട്ടു കുരുതി ചെയ്യാന്‍
– സച്ചിദാനന്ദന്‍
ഇന്ത്യയിലെ മനുഷ്യരുടെ നാവിനും ചിന്തക്കും ഇന്ദിരാഗാന്ധി വിലങ്ങിട്ട അടിയന്തിരാവസ്ഥക്ക് 44 വര്‍ഷം തികയുകയാണ് ജൂണ്‍ 25 ന്റെ അര്‍ദ്ധരാത്രിയില്‍.’.അര്‍ദ്ധരാത്രിയില്‍ ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നു ‘ എന്ന് പ്രസംഗിച്ച നെഹ്‌റുവിന്റെ മകള്‍ വേറൊരര്‍ദ്ധ രാത്രിയില്‍ ആ സ്വാതന്ത്ര്യം കവര്‍ന്നു. ഇന്ദിരയുടെ അടിയന്തിരാവസ്ഥാ പ്രഖ്യാപന ഉത്തരവില്‍ കുളിമുറിയില്‍ വെച്ച് ഒപ്പിട്ടു കൊടുക്കുന്ന പ്രസിഡന്റിനെ വരച്ച കാര്‍ട്ടൂണ്‍ ആ കാലത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. ഇന്ത്യക്കു മേല്‍ പതിച്ച ആ ഇരുട്ട് 18 മാസം നീണ്ടുനിന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളെല്ലാം സസ്‌പെന്റ് ചെയ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കള്‍ മാത്രമല്ല ഭരണകൂടത്തിന് സംശയമുള്ളവരെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. പോലീസ് ക്യാമ്പുകളില്‍ നിരപരാധികള്‍ അസ്ഥികള്‍ നുറുങ്ങി കൊല്ലപ്പെട്ടു. രാജനെപ്പോലെ പലരും അപ്രത്യക്ഷരായി.മൃതദേഹങ്ങള്‍ പോലും മാതാപിതാക്കള്‍ക്ക് തിരിച്ച് കിട്ടിയില്ല.സെന്‍സര്‍ഷിപ്പിലൂടെ പത്രങ്ങളുടെ വായ മൂടിക്കെട്ടി. കല്‍ദീപ് നയ്യാരെപ്പോലുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പോലും ജയിലിലടക്കപ്പെട്ടു. ജുഡീഷ്യറിയെ പേടിപ്പിച്ചു വരുതിയിലാക്കി. സര്‍ക്കാര്‍ ഹിതത്തിനെതിരായ വിയോജന വിധിന്യായമെഴുതിയ ജ. ഖന്നയെ ചീഫ് ജസ്റ്റിസാക്കാതെ ജൂനിയറായ ജ ബേഗിനെ അദ്ദേഹത്തിന്റെ തലക്കു മേല്‍ പ്രതിഷ്ഠിച്ചു. ജ. ഖന്ന പ്രതിഷേധിച്ച് രാജിവെച്ചു. ഭരണഘടനാ ബാഹ്യ ശക്തികളായി സഞ്ജയ് ഗാന്ധിയും സംഘവും അധികാരം കയ്യിലെടുത്തു തേര്‍വാഴ്ച നടത്തി. ഇപ്പോള്‍ ജനാധിപത്യം പഠിപ്പിക്കാന്‍ നടക്കുന്ന, കെ.എസ്.യു പ്രായത്തിലും വിവരത്തിലും മുരടിച്ചു പോയ യുവ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈ ചരിത്രം വല്ലതും അറിയാമോ? കോണ്‍ഗ്രസ് കൊച്ചുരാമന്‍ മാര്‍ രാജനെന്നും ഈച്ചരവാര്യരെന്നുമൊക്കെ കേട്ടിട്ടുണ്ടോ? അതിന് വാട്‌സ്ആപ്പ് സ്‌കോളര്‍ഷിപ്പ് മതിയാവില്ല. അതിനപ്പുറമുള്ള ചരിത്രബോധം വേണം.
ഇന്ന് അടിയന്തിരാവസ്ഥാ വാര്‍ഷികത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത ഒരു അടിയന്തിരാവസ്ഥയുടെ ഭീതിയും ഇരുട്ടും ഇന്ത്യയെ ചൂഴ്ന്ന് നില്‍ക്കുന്നുണ്ട്. ‘ ഇന്ത്യയെന്നാല്‍ ഇന്ദിര ഇന്ദിരയെന്നാല്‍ ഇന്ത്യ ‘ എന്ന മുദ്രാവാക്യം മോദിയെന്ന ഭേദഗതിയോടെ നമുക്ക് ചുറ്റും ഇപ്പോഴുമുണ്ട്. സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലാണ് ജുഡീഷ്യറിയെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് പരസ്യമായി പറയേണ്ടി വന്നു. ഔദ്യോഗിക സെന്‍സര്‍ഷിപ്പില്ലാതെ തന്നെ മാദ്ധ്യമങ്ങള്‍ മുട്ടിലിഴഞ്ഞ് യജമാനന്റെ സുഗന്ധം വാഴ്ത്തുന്ന തൊമ്മികളായിക്കഴിഞ്ഞു. ഏറ്റുമുട്ടല്‍ കൊലകളും ആള്‍ക്കൂട്ട ഹത്യകളും ഭരണഘടന നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തെ ചവിട്ടിമെതിക്കുന്നു. ജയിലില്‍ പോകേണ്ട ഭീകരാക്രമണക്കേസ് പ്രതികള്‍ പാര്‍ലിമെന്റിലിരിക്കുന്നു. സ്വതന്ത്ര ചിന്തകര്‍ക്ക് മരണം വിധിക്കുന്നു.എതിര്‍ക്കുന്നവര്‍ വാക്കിനാലോ തോക്കി നാലോ നിശ്ശബ്ദരാക്കപ്പെടുന്നു. ശാന്തയില്‍ കടമ്മനിട്ട പറഞ്ഞതു പോലെ’നാം കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതുമെല്ലാം ചങ്ങലക്കണ്ണികള്‍ക്കിടയിലൂടെയാണ് ‘. സ്വേഛാധിപത്യത്തിന്റെ ഇരുട്ടു വീഴ്ച കനക്കുന്ന ഈ മരവിച്ച കാലത്ത് ‘നാം ഒരു തോറ്റ ജനതയല്ലെന്ന് ‘ നമുക്ക് രേഖപ്പെടുത്താം. രക്തസാക്ഷിയായ കവിയും നാടകപ്രവര്‍ത്തകനുമായ സഫ്ദര്‍ ഹാഷ്മി പറഞ്ഞതു പോലെ ‘ജീനാ ഹേ തോ ലഡ് നാ ഹേ
പ്യാര്‍ കര്‍നാ ഹേ തോ ഭി ലഡ് നാ ഹേ’. ജീവിക്കാനും സ്‌നേഹിക്കാനുമായി നമുക്ക് പൊരുതാം.

We use cookies to give you the best possible experience. Learn more