| Monday, 22nd October 2018, 7:45 pm

'കൊല്ലം കുറേയായി കോട്ടുമിട്ട് കോടതിയില്‍ പോകുന്ന പിള്ളക്ക് ഇതറിയില്ലെ'; ശ്രീധരന്‍ പിള്ളയോട് ചോദ്യങ്ങളുമായി എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചരണം നടത്തുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയോട് ചോദ്യങ്ങളുമായി എം.ബി രാജേഷ് എം.പി.

ശബരിമലയുടെ കാര്യത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കിയ ഒരു നിയമം പുന:സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ കേന്ദ്രസര്‍ക്കാരിനോ കഴിയുമോ?, കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി മേനകാഗാന്ധി പറഞ്ഞത് എന്തുകൊണ്ട് ? പിള്ള ആവശ്യപ്പെടുന്ന ഓര്‍ഡിനന്‍സിന്റെ മാതൃക തയ്യാറാക്കി സമൂഹത്തിന്റെ മുമ്പില്‍ ചര്‍ച്ചക്ക് വക്കാന്‍ വക്കീലായ അങ്ങ് തയ്യാറുണ്ടോ? തുടങ്ങി സുപ്രീം കോടതിയുടെ വിധിയുമായി ബന്ധപ്പെട്ട് പതിനഞ്ച് ചോദ്യങ്ങളാണ് ശ്രീധരന്‍ പിള്ളയോട് രാജേഷ് ചോദിക്കുന്നത്.

ഈ ചോദ്യങ്ങള്‍ക്ക് ശ്രീധരന്‍ പിള്ള മറുപടി പറയുമോ? എന്നാമുഖത്തോടെ ഫേസ്ബുക്കിലൂടെയായിരുന്നു രാജേഷിന്റെ ചോദ്യങ്ങള്‍

എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ഈ ചോദ്യങ്ങള്‍ക്ക് ശ്രീധരന്‍ പിള്ള മറുപടി പറയുമോ?

1. ശബരിമലയുടെ കാര്യത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കിയ ഒരു നിയമം പുന:സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ കേന്ദ്രസര്‍ക്കാരിനോ കഴിയുമോ?

2. കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി മേനകാഗാന്ധി പറഞ്ഞത് എന്തുകൊണ്ട് ?പിള്ള ആവശ്യപ്പെടുന്ന ഓര്‍ഡിനന്‍സിന്റെ മാതൃക തയ്യാറാക്കി സമൂഹത്തിന്റെ മുമ്പില്‍ ചര്‍ച്ചക്ക് വക്കാന്‍ വക്കീലായ അങ്ങ് തയ്യാറുണ്ടോ?

3. ഭരണഘടനയുടെ അടിസ്ഥാനഘടനക്ക് എതിരായ നിയമം നിലനില്‍ക്കില്ലെന്ന് കേശവാനന്ദഭാരതി,ഗോലഖ് നാഥ്, ഇന്ദിര നെഹ്റു നാരയണന്‍, മേനക ഗാന്ധി എന്നീ കേസുകളില്‍ സുപ്രീംകോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിയ വിധികള്‍ എല്‍.എല്‍.ബി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു പോലും അറിയുന്നതാണെന്നിരിക്കേ കൊല്ലം കുറേയായി കോട്ടുമിട്ട് കോടതിയില്‍ പോകുന്ന പിള്ളക്ക് അറിയില്ലെന്നു പറയുന്നത് നാണക്കേടല്ലേ?.

4. നിയമപരമായി ഒരിക്കലും സാദ്ധ്യമല്ലാത്ത കാര്യത്തിനായി തെരുവിലിറങ്ങി അക്രമം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ഉത്തരവാദിത്തമുള്ള നേതാവിനും സംഘടനക്കും ചേര്‍ന്നതാണോ? അങ്ങിനെ ചെയ്തതിന് പിള്ള മാപ്പു പറയുമോ?

5. രാഷ്ട്രീയ ലക്ഷ്യത്തോടൊപ്പം ക്ഷേത്രങ്ങളില്‍ പൂജാരിമാരായി അബ്രാഹ്മണരേയും ദളിതരേയുമെല്ലാം നിയമിച്ചു ചരിത്രം സൃഷ്ടിച്ച എല്‍.ഡി.എഫ്. സര്‍ക്കാരിനോട് മനുസ്മൃതിയുടെ വക്താക്കളായ നിങ്ങള്‍ക്കുള്ള പുളിച്ച ജാതിവിരോധം കൂടിയല്ലേ ഇപ്പോള്‍ നിങ്ങള്‍ കല്ലെറിഞ്ഞു തീര്‍ക്കുന്നത്.? അതുകൊണ്ടല്ലേ മുഖ്യമന്ത്രിയെപ്പോലും ജാതീയമായി അധിക്ഷേപിക്കുന്നത്?

6. സുവര്‍ണ്ണക്ഷേത്രം കയ്യടക്കി രക്തപ്പുഴ ഒഴുക്കിയ ഭിന്ദ്രന്‍വാലയുടെ തീവ്രവാദ സംഘവും ശബരിമലയില്‍ താവളമടിച്ച് അയ്യപ്പനെപ്പോലും ബന്ദിയാക്കി അക്രമപ്പേക്കൂത്ത് നടത്തുന്ന നിങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം?

7.ശരണം വിളികളുയരുന്ന അയ്യപ്പ സവിധത്തില്‍ അറക്കുന്ന തെറിവിളി നടത്തുകയും സ്ത്രീകളെ കയ്യേറ്റം ചെയ്യുകയും ഇരുമുടിക്കെട്ടെന്ന വ്യാജേന കല്ലു നിറച്ചു കൊണ്ടുവരികയും കറുപ്പുടുത്ത് യഥാര്‍ത്ഥ വിശ്വാസികള്‍ക്കിടയില്‍ നുഴഞ്ഞു കേറി നിഷ്‌ക്കളങ്ക വിശ്വാസികളെ മനുഷ്യകവചമാക്കി അക്രമം നടത്തുന്നതിനേക്കാള്‍ വലിയ അയ്യപ്പനിന്ദ മറ്റെന്താണുള്ളത്?

8. ഇപ്പോള്‍ തെരുവിലിറങ്ങുന്ന നിങ്ങളെന്തേ 12 വര്‍ഷം ശബരിമല കേസ് സുപ്രീം കോടതിയില്‍ നടന്നിട്ടും കേസില്‍ കക്ഷി ചേര്‍ന്ന് വാദങ്ങള്‍ സുപ്രീംകോടതിയില്‍ അവതരിപ്പിച്ചില്ല.? (അങ്ങേക്ക് അതിനാവില്ലെങ്കില്‍ അരുണ്‍ജെയ്റ്റ്ലി, രവിശങ്കര്‍പ്രസാദ്, മീനാക്ഷിലേഖി എന്നീ ബി.ജെ.പി.നേതാക്കളായ വക്കീലന്മാരുടെ സഹായം തേടാമായിരുന്നില്ലേ?)

9. കേസ് നടക്കുന്ന ഘട്ടത്തില്‍ അങ്ങയുടെ ജന. സെക്രട്ടറി കെ. സുരേന്ദ്രന്‍ എഫ്.ബി.പോസ്റ്റിലൂടെ ആര്‍ത്തവം പ്രകൃതിനിയമമാണെന്നും ശബരിമലയില്‍ എല്ലാ സ്ത്രീകളെയും കയറ്റണമെന്നും പറഞ്ഞതിനോട് ഇപ്പോള്‍ എന്താണഭിപ്രായം?

10. വിധിവന്നയുടന്‍ അങ്ങും ബി.ജെ.പി.യും ആര്‍.എസ്.എസിന്റെ അഖിലേന്ത്യാ-സംസ്ഥാന നേതൃത്വങ്ങളും അങ്ങയുടെ മുഖപത്രമായ ജന്മഭൂമിയും അങ്ങയുടെ കേന്ദ്രമന്ത്രി മേനകാഗാന്ധിയും എം.പി.യായ സുബ്രഹ്മണ്യന്‍ സ്വാമിയുമൊക്കെ വിധിയെ അംഗീകരിച്ചതിനും സ്വാഗതം ചെയ്തതിനും ശേഷം പിന്നീട് ലജ്ജിപ്പിക്കും വിധം മലക്കം മറിഞ്ഞത് രാഷ്ട്രീയലാഭത്തിനായിട്ടല്ലേ?

11.നിങ്ങളും കോണ്‍ഗ്രസുമെല്ലാം ആദ്യം സ്വാഗതം ചെയ്ത സൂപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്ന സര്‍ക്കാരിനെതിരെ നടത്തുന്ന അക്രമസമരം അയ്യപ്പസേവയോ അവസരവാദമോ?

12. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് വക്കീലായ അങ്ങ് പറയുമോ?

13. എങ്കില്‍ ശബരിമല പോലെ തന്നെ മഹാരാഷ്ട്രയിലെ ശിഘ്നാപൂര്‍ ശനി ക്ഷേത്രത്തിലെ സ്ത്രീ വിലക്ക് നീക്കിയ ഹൈക്കോടതി വിധി അവിടത്തെ ബി.ജെ.പി. സര്‍ക്കാര്‍ എന്തിനാണ് നടപ്പാക്കിയത്?

14.ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കാനുള്ള അവകാശം പോലും ഉപയോഗിക്കാതെ ബി.ജെ.പി. സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കിയിട്ട് ഇവിടെ കല്ലെറിയുന്നതില്‍ എന്ത് ന്യായം?

15.തെരുവില്‍ കല്ലെറിയുന്നതിനു പകരം നിങ്ങള്‍ എന്തേ വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി കൊടുക്കുന്നില്ല ? ശബരിമലയോടുള്ള സ്നേഹമല്ല രാഷ്ട്രീയ ലക്ഷ്യമാണെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?

DoolNews Video

We use cookies to give you the best possible experience. Learn more