| Thursday, 22nd April 2021, 8:30 am

വാളയാര്‍ കേസുമായി ബന്ധപ്പെടുത്തി അപകീര്‍ത്തി പരാമര്‍ശം; അഡ്വ.എ ജയശങ്കറിനെതിരെ കോടതിയെ സമീപിച്ച് എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒറ്റപ്പാലം: വാളയാര്‍ കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അഡ്വ.എ ജയശങ്കറിനെതിരെ മുന്‍ എം.പിയും തൃത്താല എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ എം.ബി രാജേഷ് കോടതിയെ സമീപിച്ചു.

ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയെയാണ് രാജേഷ് സമീപിച്ചത്. സ്വകാര്യ ചാനലില്‍ എ.ജയശങ്കര്‍ നടത്തിയ പരാമര്‍ശത്തില്‍ ക്രിമിനല്‍ വകുപ്പു പ്രകാരമുള്ള നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് രാജേഷ് കോടതിയെ സമീപിച്ചത്.

സംഭവത്തില്‍ രാജേഷിന്റെ വിശദമായ മൊഴിയും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അവധി കഴിഞ്ഞാലുടന്‍ സിവില്‍ വ്യവഹാരവും ഫയല്‍ ചെയ്യുമെന്ന് എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

2019 ഡിസംബര്‍ ആറിനാണ് കേസിന് ആസ്പദമായ സംഭവം. ഹൈദരാബാദില്‍ നടന്ന പൊലീസ് ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ വാളയാര്‍ കേസ് ഉള്‍പ്പെടുത്തി ജയശങ്കര്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയായിരുന്നെന്നാണ് രാജേഷിന്റെ ഹരജിയില്‍ പറയുന്നത്.

സംഭവത്തിന്റെ ഡിജിറ്റല്‍ തെളിവുകളും രാജേഷ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ചാനല്‍ മേധാവിയടക്കം അഞ്ച് പേരാണ് സാക്ഷികളെന്ന് ഹരജിയില്‍ പറയുന്നു. കെ.ഹരിദാസ് ആണ് എം.ബി രാജേഷിന്റെ അഭിഭാഷകന്‍. കേസ് ഏപ്രില്‍ 28 ന് വീണ്ടും പരിഗണിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

MB Rajesh approached the court against Adv. A Jayashankar

We use cookies to give you the best possible experience. Learn more