പാലക്കാട്: സന്ദീപ് വാര്യര്‍ എന്ന കാളകൂട വിഷത്തെ കോണ്‍ഗ്രസിന് സ്വീകാര്യമായിരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന് സന്ദീപ് വാര്യര്‍ അസ്വീകാര്യനാണെന്നും എം.ബി. രാജേഷ് പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇതുവരെ പറഞ്ഞ മുഴുവന്‍ കാര്യങ്ങളിലും സന്ദീപ് വാര്യര്‍ മാപ്പ് പറയണമെന്നും എം.ബി രാജേഷ് ആവശ്യപ്പെട്ടു. മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് പോലും ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് പുറത്തിറക്കാന്‍ വെച്ചിരിക്കുന്ന നുണബോംബിനെ കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴുത്തില്‍ കയറിട്ട് ഞെരിച്ചുകൊല്ലുന്ന ഗുജറാത്തിലെ നിലപാടുകളെ പിന്തുണക്കുന്ന നേതാവ് കൂടിയാണ് സന്ദീപ് വാര്യര്‍ എന്നും എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി.
പാലക്കാട് ഇപ്പോഴുള്ളത് സരിന്‍ തരംഗമാണെന്നും സന്ദീപ് വാര്യരുടെ നീക്കം അതിന് ആക്കം കൂട്ടുന്നതാണെന്നും എം.ബി. രാജേഷ് പറഞ്ഞു. വട്ടിയൂര്‍ക്കാവ് പിടിച്ചെടുത്തത് പോലെ പാലക്കാടും എല്‍.ഡി.എഫ് പിടിച്ചെടുക്കുമെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് സന്ദീപിനെ കൊണ്ടുനടക്കട്ടെ. കെ. മുരളീധരന്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസിലെ ഏതാനും നേതാക്കള്‍ക്ക് സന്ദീപിന്റെ പരാമര്‍ശങ്ങള്‍ ബോധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ മന്ത്രിയായ എ.കെ. ബാലനും നേരത്തെ സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ചിരുന്നു. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്‌നേഹത്തിന്റെ കട ഒറ്റപ്പാലം തെരഞ്ഞെടുപ്പ് വരെ മാത്രമേ ഉണ്ടാവുകയുള്ളു. പിന്നീട് ചായയും തേയിലയുമൊന്നും ഉണ്ടാകില്ലെന്നും എ.കെ. ബാലന്‍ പറഞ്ഞു.
കെ.പി.സി.സി ആര്‍.എസ്.എസിന്റെ ക്യാമ്പായി മാറിയെന്നും ലീഗ് നേതാക്കളുടെ കാല് പിടിക്കാനാണ് സന്ദീപിനെ പാണക്കാട്ടേക്ക് വിട്ടതെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. സന്ദീപ് വാര്യര്‍ ആര്‍.എസ്.എസ് നിലപാട് മാറ്റിയിട്ടില്ലെന്നും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാന്ധി നിന്ദ, മുസ്‌ലിങ്ങള്‍ക്കെതിരായ പരാമര്‍ശം ഉള്‍പ്പെടെയുള്ളവയില്‍ മാപ്പ് പറയാന്‍ സന്ദീപിന് ധൈര്യമുണ്ടോയെന്നും എ.കെ. ബാലന്‍ ചോദിച്ചു.
പാണക്കാട് എത്തി മുസ്‌ലിം നേതാക്കളുമായി സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു എ.കെ. ബാലന്റെ പ്രതികരണം. അതേസമയം സന്ദീപ് വാര്യര്‍ ബി.ജെ.പി നേതൃത്വത്തെ തള്ളിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അദ്ദേഹം ഒരു ക്രിസ്റ്റല്‍ ക്ലിയര്‍ വ്യക്തിയാണെന്ന് എ.കെ. ബാലന്‍ പറഞ്ഞിരുന്നു.
Content Highlight: MB Rajesh and AK Balan reacting to Sandeep varier’s entry into the Congress