| Friday, 6th December 2019, 9:13 pm

'അയാളെ മര്യാദ പഠിപ്പിച്ചിരിക്കും'; വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിച്ചതു താനാണെന്ന ജയശങ്കറിന്റെ ആരോപണത്തിനു ചാനല്‍ ചര്‍ച്ചയിലേക്ക് ഫോണ്‍ വിളിച്ച് മറുപടി നല്‍കി എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ അഭിഭാഷകനായ എ. ജയശങ്കറിനെതിരെ സി.പി.ഐ.എം നേതാവ് എം.ബി രാജേഷ്. വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിച്ചത് താനും തന്റെ ഭാര്യാ സഹോദരന്‍ നിതിന്‍ കണിച്ചേരിയുമാണെന്ന ജയശങ്കറിന്റെ ആരോപണത്തിനെതിരെയാണ് ചര്‍ച്ചയില്‍ ഇല്ലാതിരുന്ന രാജേഷ് ഫോണ്‍ വിളിച്ച് അതില്‍ പങ്കെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ഡിബേറ്റിലായിരുന്നു സംഭവം. ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച ശേഷം കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ ചര്‍ച്ച നടക്കവെയാണ്, അതില്‍ പങ്കെടുത്തിരുന്ന ജയശങ്കര്‍ വാളയാര്‍ കേസ് പരാമര്‍ശിക്കുന്നത്.

ആരോപണം ഉന്നയിച്ച് അല്‍പ്പസമയത്തിനകം തന്നെ അതുവരെ ചര്‍ച്ചയില്‍ ഇല്ലാതിരുന്ന രാജേഷ്, ഫോണ്‍ വിളിച്ച് അതില്‍ പങ്കെടുത്തു. ചില പ്രേക്ഷകരാണു തന്നെ ഇക്കാര്യം അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജേഷ് പറഞ്ഞതിങ്ങനെ- ‘ആദ്യം ഇത്തരം അപമാനകരമായ ആരോപണം ഉന്നയിച്ച് ഹിന്ദു ഐക്യവേദി നേതാവായ ശശികലയാണ്. മറ്റു ചിലരും ഈ ആരോപണം ഉന്നയിച്ചു. അവര്‍ക്കെതിരായി ഡി.ജി.പിക്കു പരാതിയും കൊടുത്തിട്ടുണ്ട്, ക്രിമിനല്‍ നടപടിയും ആരംഭിച്ചിട്ടുണ്ട്.

ജയശങ്കറിന് ആരെയും എന്തു പുലഭ്യവും പറയാന്‍ ജന്മാവകാശമുണ്ടെന്നു കരുതുന്നയാളാണ്. സര്‍വത്ര പുച്ഛം, പരപുച്ഛം, പുലഭ്യം പറച്ചില്‍, ഇതൊക്കെ ഒരലങ്കാരമായി കൊണ്ടുനടക്കുന്നയാളാണ്. ഞാന്‍ അയാളെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.

പക്ഷേ എന്തു തെമ്മാടിത്തരം പറഞ്ഞാലും കേട്ടിരിക്കാന്‍ വിധിക്കപ്പെട്ട ഒരാളല്ല എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിയമനടപടി ജയശങ്കറിനു നേരെയും സ്വീകരിക്കും.’- രാജേഷ് പറഞ്ഞു.

അതിനു ജയശങ്കറിന്റെ മറുപടി ഇങ്ങനെ- ‘നിയമനടപടിയെ ഭയപ്പെടുന്നയാളൊന്നുമല്ല അഡ്വ. ജയശങ്കര്‍. അദ്ദേഹത്തിന്റെ നേതാവായ സഖാവ് പിണറായി വിജയന്‍ പണ്ട് എനിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചിട്ടുള്ളതാണ്. വെറും 50 ലക്ഷം രൂപയേ ചോദിച്ചുള്ളൂ. എന്തായാലും അദ്ദേഹം പിന്നീട് കേസ് കൊടുക്കുകയുണ്ടായില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്തായാലും ആ അവസരം രാജേഷിന് കൈവന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഞാന്‍ പറഞ്ഞതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. അദ്ദേഹം കേസ് കൊടുക്കട്ടെ.’

ഇതിനും രാജേഷ് മറുപടി നല്‍കി- ‘ജയശങ്കര്‍ വെല്ലുവിളിക്കട്ടെ. ജയശങ്കറിനെക്കൊണ്ടു മര്യാദ പഠിപ്പിക്കും. ആരെക്കുറിച്ചും എന്തും വിളിച്ചുപറയാമെന്നാണോ. ജയശങ്കര്‍ അതൊരു ശീലമാക്കിയിരിക്കുകയാണ്.

എന്നെക്കുറിച്ച് അതു പറഞ്ഞാല്‍ എനിക്കതില്‍ പൂര്‍ണമായ ബോധ്യമുള്ളതുകൊണ്ടും അതംഗീകരിച്ചു കൊടുക്കാന്‍ സൗകര്യപ്പെടാത്തതുകൊണ്ടും അതില്‍ ഭയപ്പെടേണ്ട കാര്യമില്ലാത്തതുകൊണ്ടും ജയശങ്കര്‍ വെല്ലുവിളിക്കട്ടെ. ടെലിവിഷന്‍ ചാനലിലിരുന്ന് പുച്ഛിക്കലും വെല്ലുവിളിക്കലുമാണല്ലോ ജോലി. മര്യാദ പഠിപ്പിച്ചിരിക്കും.’- അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more