| Thursday, 6th August 2020, 9:20 am

ബാബറി മസ്ജിദ് തകര്‍ക്കാന്‍ വഴിയൊരുക്കിയ രാജീവ് ഗാന്ധിയുടെ മകള്‍ സംഘപരിവാര്‍ ഇപ്പോള്‍ നടത്തുന്ന നിര്‍മാണത്തെ എങ്ങനെ പിന്തുണയ്ക്കാതിരിക്കും? എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അയോധ്യയിലെ നിര്‍മാണത്തെ പിന്തുണച്ചതിലൂടെ പ്രിയങ്ക സ്വന്തം പിതാവിലൂടെ കോണ്‍ഗ്രസ് തുടങ്ങിവെച്ച ദൗത്യം പൂര്‍ത്തികരിക്കുകമാത്രമാണ് ചെയ്യുന്നതെന്ന് എം.ബി രാജേഷ്.

ജലഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലംമുതല്‍ അര നൂറ്റാണ്ട് തര്‍ക്കം ഒഴിവാക്കാന്‍ അടച്ചിട്ട സ്ഥലം 1989ല്‍ വിശ്വഹിന്ദു പരിഷത്തിന് ശിലാന്യാസത്തിന് തുറന്നു കൊടുക്കുന്നതിലൂടെ ബാബറി മസ്ജിദ് തകര്‍ക്കാന്‍ വഴിയൊരുക്കിയ രാജീവ് ഗാന്ധിയുടെ മകള്‍ മസ്ജിദ് പൊളിച്ച സ്ഥലത്ത് സംഘപരിവാര്‍ ഇപ്പോള്‍ നടത്തുന്ന നിര്‍മാണത്തെ എങ്ങനെ പിന്തുണയ്ക്കാതിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ‘ ബിജെപിയുടെ പ്രിയങ്ക’ര ഭജന സംഘം’ എന്ന ലേഖനത്തിലാണ് രാജേഷ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

അയോധ്യയെ മുന്‍നിര്‍ത്തിയുള്ള സംഘപരിവാര്‍ പരിശ്രമങ്ങള്‍ ഇതുവരെ കൈവരിച്ച എല്ലാ വിജയത്തിലും കോണ്‍ഗ്രസിന്റെ നിര്‍ണായക സംഭാവനയുണ്ടെന്നും എം.ബി രാജേഷ് പറയുന്നു.

” പ്രിയങ്ക പറയുന്നത് ‘രാമക്ഷേത്രം’ ദേശീയ ഐക്യത്തിന്റെ മുഹൂര്‍ത്തമാകുമെന്നാണ്. ഏത് ദേശീയതയെക്കുറിച്ചാണ് പ്രിയങ്ക പറയുന്നത്? മഹാത്മാ- നെഹ്‌റുമാാരുടെ കാലത്ത് ഉയര്‍ത്തിപ്പിടിച്ച, സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്ടിയായ, എല്ലാവരേയും, ഉള്‍ക്കൊള്ളുന്ന മതനിരപേക്ഷ ദേശീയതയല്ലെന്നുറപ്പ്. അതിനെ റദ്ദു ചെയ്യുകയും ഗോള്‍വാള്‍ക്കര്‍ നിര്‍വചിച്ച മതദേശീയതയുടെ വക്താവായി പ്രിയങ്കയും കോണ്‍ഗ്രസും അധഃപതിക്കുകയും ചെയ്തിരിക്കുന്നു എന്നര്‍ത്ഥം,” അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

ചരിത്രത്തില്‍ ഉടനീളം ആര്‍.എസ്.എസുമായി അവിശുദ്ധ വിനിമയങ്ങളില്‍ ഏര്‍പ്പെട്ടവരാണ് എന്നത് മനസ്സിലാക്കിയാല്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാടുകളില്‍ ഒട്ടും അത്ഭുതം തോന്നേണ്ട കാര്യമില്ലെന്നും രാജേഷ് പറയുന്നു.

ഇന്ദിരാ ഗാന്ധി എന്നും ആര്‍.എസ്.എസുമായി ഗാഢമായ അന്തര്‍ധാര നിലനിര്‍ത്തിയിരുന്നെന്നും എം.ബി രാജേഷ് ആരോപിച്ചു.

നേരത്തെ രാമ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായി നടന്ന ‘ഭൂമി പൂജ’യ്ക്ക് ആശംസയുമായി പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more