| Friday, 25th January 2019, 7:40 pm

2000 കോടി രൂപയുടെ പദ്ധതിയ്ക്ക് 450 കോടി മുടക്കി പത്ത് കോടി കുടുംബങ്ങള്‍ക്ക് മോദിയുടെ കത്ത്; ഇതാണ് മോദി യോജനകളുടെ കഥയെന്ന് എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ജന്‍ ആരോഗ്യ യോജനയുടേയും കഴിഞ്ഞ നാലു വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങളേയും വിശദീകരിച്ച് രാജ്യത്തെ 7.5 കോടി കുടുംബങ്ങള്‍ക്ക് കത്തയക്കുന്ന പ്രധാനമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് എം.ബി രാജേഷ്. അഞ്ചുവര്‍ഷം ജനങ്ങളെ കുത്തിനോവിച്ച മോദി തെരഞ്ഞെടുപ്പടുത്തതോടെ അവര്‍ക്ക് കത്തയച്ചു സുഖിപ്പിക്കുകയാണെന്നും എം.ബി രാജേഷ് പറഞ്ഞു.

“ഇന്ത്യയിലാകെ 10 കോടി ഗൃഹനാഥന്‍മാര്‍ക്കാണ് സര്‍ക്കാര്‍ ചെലവില്‍ മോദിയുടെ വര്‍ണ്ണചിത്രം പതിച്ച വില കൂടിയ കവറില്‍ കത്തയക്കുന്നത്. പാലക്കാട് മാത്രം രണ്ടുലക്ഷത്തി പതിനായിരത്തി മുന്നൂറ്റി എണ്‍പത് കത്തയച്ചു. സ്പീഡ് പോസ്റ്റിലാണ് അയക്കുന്നത്. കത്തൊന്നിന് 41 രൂപ. ആകെ 410 കോടി തപാല്‍ ചിലവ്. അച്ചടിച്ചെലവ് 2.50*10 കോടി=25 കോടി. ലോറികളില്‍ പാലക്കാടെത്തിച്ചാണ് അയക്കുന്നത്. മേല്‍നോട്ടം ബി.ജെ.പി. ജില്ലാ ഓഫീസില്‍ നിന്നും. ലോറിവാടകയും കവറിന്റെ വിലയുമെല്ലാം വേറെ വരും. എല്ലാം പൊതു പണം”. ഫേസ്ബുക്കിലിട്ട കുറിപ്പില്‍ രാജേഷ് കുറ്റപ്പെടുത്തി. പ്രളയകാലത്ത് കേരളത്തിന് അനവുദിച്ച അരിയുടെയും മണ്ണെണ്ണയുടെയും കാശ് വെള്ളമിറങ്ങുന്നതിന് മുമ്പ് തന്നെ ചോദിച്ചവരാണ് ഇത് ചെയ്യുന്നതെന്നും രാജേഷ് പറഞ്ഞു.

Read Also : എന്റെ സിനിമകളില്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സഹകരിച്ചിട്ടുണ്ട്, എല്ലാത്തരം ഭിന്നതകളേയും ഉള്‍ക്കൊള്ളിക്കുന്നതാണല്ലോ ജനാധിപത്യം

പോസ്റ്റോഫീസിലെ കമ്പ്യൂട്ടറുകളുടെ സാങ്കേതിക സംവിധാനത്തില്‍ വരെ മാറ്റങ്ങള്‍ വരുത്തി. ഓഫീസ് സമയം കഴിഞ്ഞു പോയ ജീവനക്കാരെ വിളിച്ചു വരുത്തി. ലക്ഷക്കണക്കിന് കത്തുകള്‍ വന്നു കുമിഞ്ഞു കൂടിയതോടെ തപാല്‍ സംവിധാനം ആകെ അവതാളത്തിലായെന്നും രാജേഷ് ആരോപിച്ചു.

“എന്തിനാണ് കത്തെന്നല്ലേ? ആയുഷ്മാന്‍ ഭാരത്-പി.എം.ജെ.എ.വൈ എന്നീ യോജനകളുടെ പേരിലും ചെലവിലുമാണ് തന്റെ സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ നിരത്തിക്കൊണ്ടുള്ള കത്ത്. എന്താണ് ആയുഷ്മാന്‍ ഭാരതിന്റെ സ്ഥിതി ? ഒരു ഭാഗം രാജ്യത്താകെ 1.5 ലക്ഷം ഹെല്‍ത്ത് & വെല്‍നെസ് സെന്ററുകള്‍ സ്ഥാപിക്കലാണ്. പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ പേരൊന്ന് പരിഷ്‌ക്കരിച്ചതാണ്, മറ്റൊന്നുമല്ല. ഒരു സെന്ററിന് ബജറ്റില്‍ വകയിരുത്തിയ തുക വെറും 80,000 രൂപ മാത്രം! രണ്ടാം ഭാഗം പി.എം.ജെ.എ.വൈ. ഒരു കുടുംബത്തിലെ ഒരംഗത്തിന് പരമാവധി ഒരു ലക്ഷം, അഞ്ചംഗ കുടുംബത്തിനാകെ പരമാവധി 5 ലക്ഷം രൂപ ചികിത്സാ ഇന്‍ഷ്വറന്‍സ് എന്നാണ് അവകാശവാദം. 2018-19 ലെ ബജറ്റില്‍ ഇതിനനുവദിച്ച തുക 2500 കോടി മാത്രം” രാജേഷ് വ്യക്തമാക്കി.

Read Also : തൊടുപുഴയില്‍ യു.ഡി.എഫും ബി.ജെ.പിയും ഒരുമിച്ചു; എല്‍.ഡി.എഫിന് നഗരസഭാ ഭരണം നഷ്ടമായി

അതായത് 10 കോടി കുടുംബം 50 കോടി ആളുകള്‍ എന്നു പറയുമ്പോള്‍ ആളൊന്നിന് 40 രൂപ മാത്രം! ഇനി സംസ്ഥാന സര്‍ക്കാരുകളുടെ 40% വിഹിതം കൂടി കൂട്ടിയാലും ആളൊന്നിന് 67 രൂപ മാത്രം! ഇനി നീതി ആയോഗ് പറയുന്ന പ്രകാരം പതിനായിരം കോടി കൊടുത്താല്‍ പോലും ആളൊന്നിന് 200 രൂപ മാത്രം. ഒറ്റത്തവണ ആശുപത്രിയില്‍ പോകാന്‍ തികയില്ല ഇത് എന്ന് പ്രത്യേകം പറയണോ? 2018-19 ല്‍ കൊട്ടിഘോഷിച്ച ഈ പദ്ധതിക്ക് നീക്കിവച്ച 2000 കോടിയില്‍ നിന്ന് 435 കോടി ചെലവഴിക്കുന്നത് കത്തയക്കാന്‍ വേണ്ടിയാണെന്നും രാജേഷ് വിമര്‍ശിച്ചു.

മോദിക്ക് പ്രധാനം ജനങ്ങളുടെ ക്ഷേമമൊന്നുമല്ല. പ്രചാരണം മാത്രമാണ്. കാര്യമൊന്നും നടന്നില്ലെങ്കിലും എന്തോ മഹാകാര്യം നടന്നെന്ന പ്രതീതിയുണ്ടാക്കിയാല്‍ മാത്രം മതി. “നിങ്ങളില്ലാതെ എന്താഘോഷം” എന്നു ചോദിക്കുന്ന പോലെ മോദി ചോദിക്കുന്നു. “”പരസ്യമല്ലാതെ എന്ത് ഭരണം? “അഞ്ചു കൊല്ലം കുത്തു സഹിച്ച ജനം മോദിയുടെ ഇപ്പോഴത്തെ കത്ത് ചവറ്റു കൊട്ടയിലിടുമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അഞ്ചുവര്‍ഷം ജനങ്ങളെ കുത്തിനോവിച്ച മോദി തെരഞ്ഞെടുപ്പടുത്തതോടെ അവര്‍ക്ക് കത്തയച്ചു സുഖിപ്പിക്കുകയാണ്. പെട്രോള്‍-ഡീസല്‍-പാചകവാതക വിലകളെല്ലാം അടിക്കടി കൂട്ടി ദിനംപ്രതിയെന്നോണമായിരുന്നു ജനങ്ങളെ ഇതുവരെ കുത്തിക്കൊണ്ടിരുന്നത്. നോട്ടു റദ്ദാക്കലും ജി.എസ്.ടിയും പോലുള്ള മെഗാകുത്തുകള്‍ വേറെ. തെരഞ്ഞെടുപ്പായപ്പോള്‍ കുത്തിന് അവധി നല്‍കാനാണ് ആലോചന. ഇനി കത്തിന്റെ കാലം.

ഇന്ത്യയിലാകെ 10 കോടി ഗൃഹനാഥന്‍മാര്‍ക്കാണ് സര്‍ക്കാര്‍ ചെലവില് മോദിയുടെ വര്‍ണ്ണചിത്രം പതിച്ച വില കൂടിയ കവറില്‍ കത്തയക്കുന്നത്. പാലക്കാട് മാത്രം രണ്ടുലക്ഷത്തി പതിനായിരത്തി മുന്നൂറ്റി എണ്‍പത് കത്തയച്ചു. സ്പീഡ് പോസ്റ്റിലാണ് അയക്കുന്നത്. കത്തൊന്നിന് 41 രൂപ. ആകെ 410 കോടി തപാല്‍ ചിലവ്. അച്ചടിച്ചെലവ് 2.50*10 കോടി=25 കോടി. ലോറികളില്‍ പാലക്കാടെത്തിച്ചാണ് അയക്കുന്നത്. മേല്‍നോട്ടം ബി.ജെ.പി. ജില്ലാ ഓഫീസില്‍ നിന്നും. ലോറിവാടകയും കവറിന്റെ വിലയുമെല്ലാം വേറെ വരും. എല്ലാം പൊതു പണം.

(പ്രളയകാലത്ത് കേരളത്തിന് അനവുദിച്ച അരിയുടെയും മണ്ണെണ്ണയുടെയും കാശ് വെള്ളമിറങ്ങുന്നതിന് മുമ്പ് തന്നെ ചോദിച്ചവരാണ് ഇത് ചെയ്യുന്നത്) പോസ്റ്റോഫീസിലെ കമ്പ്യൂട്ടറുകളുടെ സാങ്കേതിക സംവിധാനത്തില്‍ വരെ മാറ്റങ്ങള്‍ വരുത്തി. ഓഫീസ് സമയം കഴിഞ്ഞു പോയ ജീവനക്കാരെ വിളിച്ചു വരുത്തി. ലക്ഷക്കണക്കിന് കത്തുകള്‍ വ്ന്നു കുമിഞ്ഞു കൂടിയതോടെ തപാല്‍ സംവിധാനം ആകെ അവതാളത്തിലായി. മിക്ക കത്തിലും മേല്‍വിലാസം കൃത്യമല്ലാത്തതിനാല്‍ ആളെത്തേടി വലഞ്ഞു. പഴയ ഒരു സിനിമയില്‍ KALA എന്ന പേര് കാള എന്ന് വായിച്ച് വലഞ്ഞ പോലെ. ബി.ജെ.പി.യും മോദിയുമൊക്കെയാവുമ്പോള്‍ അവര്‍ക്ക് വേണ്ടപ്പെട്ടവരായ കാളക്കും പശുവിനുമൊക്കെ കത്തയച്ചുകൂടെന്നില്ലല്ലോ.

എന്തിനാണ് കത്തെന്നല്ലേ? ആയുഷ്മാന്‍ ഭാരത്-പി.എം.ജെ.എ.വൈ എന്നീ യോജനകളുടെ പേരിലും ചെലവിലുമാണ് തന്റെ സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ നിരത്തിക്കൊണ്ടുള്ള കത്ത്. എന്താണ് ആയുഷ്മാന്‍ ഭാരതിന്റെ സ്ഥിതി? ഒരു ഭാഗം രാജ്യത്താകെ 1.5 ലക്ഷം ഹെല്‍ത്ത് & വെല്‍നെസ് സെന്ററുകള്‍ സ്ഥാപിക്കലാണ്. പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ പേരൊന്ന് പരിഷ്‌ക്കരിച്ചതാണ്, മറ്റൊന്നുമല്ല. ഒരു സെന്ററിന് ബജറ്റില്‍ വകയിരുത്തിയ തുക വെറും 80,000 രൂപ മാത്രം! രണ്ടാം ഭാഗം പി.എം.ജെ.എ.വൈ. ഒരു കുടുംബത്തിലെ ഒരംഗത്തിന് പരമാവധി ഒരു ലക്ഷം,അഞ്ചംഗ കുടുംബത്തിനാകെ പരമാവധി 5 ലക്ഷം രൂപ ചികിത്സാ ഇന്‍ഷ്വറന്‍സ് എന്നാണ് അവകാശവാദം. 2018-19 ലെ ബജറ്റില്‍ ഇതിനനുവദിച്ച തുക 2500 കോടി മാത്രം.

അതായത് 10 കോടി കുടുംബം 50 കോടി ആളുകള്‍ എന്നു പറയുമ്പോള്‍ ആളൊന്നിന് 40 രൂപ മാത്രം! ഇനി സംസ്ഥാന സര്‍ക്കാരുകളുടെ 40% വിഹിതം കൂടി കൂട്ടിയാലും ആളൊന്നിന് 67 രൂപ മാത്രം! ഇനി നീതി ആയോഗ് പറയുന്ന പ്രകാരം പതിനായിരം കോടി കൊടുത്താല്‍ പോലും ആളൊന്നിന് 200 രൂപ മാത്രം. ഒറ്റത്തവണ ആശുപത്രിയില്‍ പോകാന്‍ തികയില്ല ഇത് എന്ന് പ്രത്യേകം പറയണോ? 2018-19 ല്‍ കൊട്ടിഘോഷിച്ച ഈ പദ്ധതിക്ക് നീക്കിവച്ച 2000 കോടിയില്‍ നിന്ന് 435 കോടി ചെലവഴിക്കുന്നത് കത്തയക്കാനും. എങ്ങിനെയുണ്ടെന്റെ ബുദ്ധി എന്ന് മോദി. “ബേഠി ബചാവോ ബേഠി പഠാവോ” പദ്ധതിയുടെ പകുതി തുകയും പരസ്യത്തിനു ചെലവഴിച്ചുവെന്ന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണല്ലോ. പെണ്‍കുഞ്ഞിനെ രക്ഷിക്കാനുള്ള പദ്ധതി നടപ്പാക്കിയ ജില്ലകളില്‍ 53 ഇടത്ത് പെണ്‍കുട്ടികളുടെ അനുപാതം കുറയുകയാണ് ചെയ്തതെന്നും സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് മോദി യോജനകളുടെ കഥ. മോദിക്ക് പ്രധാനം ജനങ്ങളുടെ ക്ഷേമമൊന്നുമല്ല. പ്രചാരണം മാത്രമാണ്. കാര്യമൊന്നും നടന്നില്ലെങ്കിലും എന്തോ മഹാകാര്യം നടന്നെന്ന പ്രതീതിയുണ്ടാക്കിയാല്‍ മാത്രം മതി. “നിങ്ങളില്ലാതെ എന്താഘോഷം” എന്നു ചോദിക്കുന്ന പോലെ മോദി ചോദിക്കുന്നു. “”പരസ്യമല്ലാതെ എന്ത് ഭരണം?”അഞ്ചു കൊല്ലം കുത്തു സഹിച്ച ജനം മോദിയുടെ ഇപ്പോഴത്തെ കത്ത് ചവറ്റു കൊട്ടയിലിടും.

Latest Stories

We use cookies to give you the best possible experience. Learn more